മുന്‍ ക്രിക്കറ്റ് താരം മുഹമ്മദ് അസ്ഹറുദ്ദീന് തെലങ്കാനയില്‍ മന്ത്രിയായി നാളെ സത്യപ്രതിഞ്ജ ചെയ്യും.
ഹൈദരാബാദ്: മുന്‍ ക്രിക്കറ്റ് താരം മുഹമ്മദ് അസ്ഹറുദ്ദീന് തെലങ്കാനയില്‍ മന്ത്രിയാകും.ഒക്ടോബര്‍ 31ന് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്യും. ജുബിലി ഹില്‍സ് ഉപതിരഞ്ഞെടുപ്പ് കോണ്‍ഗ്രസ് ഗൗരവമായി കാണുന്ന പശ്ചാത്തലത്തിലാണ് ഈ നീക്കം. 2023ല്‍ അസ്ഹറുദ്ദീന് 16000 വോട്ടുകള്‍ക്ക് തോറ്റ മണ്ഡലമാണ് ജൂബിലി ഹില്‍സ്. സിറ്റിങ് എംഎല്‍എ മഗന്തി ഗോപിനാഥ് അന്തരിച്ചതിനെ തുടര്‍ന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ്.

ജുബിലി ഹില്‍സ് സീറ്റിനായി അസ്ഹറുദ്ദീന് അവസാന നിമിഷം വരെ ശ്രമിച്ചിരുന്നു. എന്നാല്‍ പിന്നാക്ക വിഭാഗത്തില്‍ നിന്നുള്ള നവീന്‍ യാദവിന് സീറ്റ് നല്‍കാനാണ് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി തീരുമാനിച്ചത്. പാര്‍ട്ടി ഹൈക്കമാന്‍ഡ് അസ്ഹറുദ്ദീന് നല്കിയ വാക്ക് പാലിച്ചുകൊണ്ട്, മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ ഇപ്പോള്‍ തീരുമാനമായി.
ജുബിലി ഹില്‍സിലെ പ്രാദേശിക സാഹചര്യങ്ങള്‍ കണക്കിലെടുത്ത് പിന്നാക്ക വിഭാഗത്തില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥിക്ക് സീറ്റ് നല്‍കണമെന്ന് രേവന്ത് റെഡ്ഡി ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടിരുന്നു. മജ്ലിസ് പാര്‍ട്ടിയുടെ പിന്തുണയിലൂടെ മണ്ഡലത്തിലെ സാമൂഹിക സമവാക്യങ്ങള്‍ കോണ്‍ഗ്രസിന് അനുകൂലമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
നേരത്തെ, ഗവര്‍ണര്‍ കോട്ടയില്‍ അസ്ഹറുദ്ദീന് എംഎല്‍സി സ്ഥാനം വാഗ്ദാനം ചെയ്തു. എന്നാല്‍ എംഎല്‍സി പദവിയെക്കുറിച്ച് തനിക്ക് സംശയങ്ങളുണ്ടെന്നു സുപ്രീം കോടതിയില്‍ രണ്ട് എംഎല്‍സിമാരുടെ വിഷയത്തില്‍ നടന്ന സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി അദ്ദേഹം പ്രതികരിച്ചു. എംഎല്‍എയായി മത്സരിക്കാന്‍ അവസരം നല്‍കണമെന്ന് രാഹുല്‍ ഗാന്ധിയോട് അസ്ഹറുദ്ദീന് അഭ്യര്‍ഥിച്ചിരുന്നു. പിന്നീടാണ് ഹൈക്കമാന്റ ചില മാറ്റങ്ങള്‍ നിര്‍ദേശിച്ചതും അസ്ഹറുദ്ദീന് മന്ത്രിയാകുന്നതും.
രേവന്ത് സര്‍ക്കാരില്‍ ന്യൂനപക്ഷ വിഭാഗത്തിന് മന്ത്രിസ്ഥാനമില്ലാത്തത് ജുബിലി ഹില്‍സ് ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ബിആര്‍എസ് മുഖ്യ വിഷയമാക്കിയിട്ടുണ്ട്. ജുബിലി ഹില്‍സില്‍ ന്യൂനപക്ഷ വോട്ടുകള്‍ നിര്‍ണായകമാണ്. തുടര്‍ന്നാണ് അസ്ഹറുദ്ദീന് മന്ത്രിപദവി നല്കാന് ധാരണയായത്. തിങ്കളാഴ്ച വൈകുന്നേരം മുഖ്യമന്ത്രിയുമായി അസ്ഹറുദ്ദീന് കൂടിക്കാഴ്ച നടത്തി.

