മില്ലി മോഹൻ കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക്; കെ.കെ. നവാസ് വൈസ് പ്രസിഡന്റ്‌

കോഴിക്കോട് :ചരിത്രത്തിലാദ്യമായി യുഡിഎഫ് അധികാരത്തിലെത്തിയ കോഴിക്കോട് ജില്ലാ പഞ്ചായത്തിൽ കോടഞ്ചേരി ജില്ലാപഞ്ചായത്ത് ഡിവിഷനിൽ നിന്നുള്ള മില്ലി മോഹൻ കൊട്ടാരത്തിൽ പ്രസിഡന്റാവും. മുസ്‌ലിം ലീഗ് ജില്ലാസെക്രട്ടറിയും നാദാപുരം ഡിവിഷൻ അംഗവുമായ കെ.കെ. നവാസാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുക.
മുന്നണി ധാരണപ്രകാരം വൈസ് പ്രസിഡൻറ് സ്ഥാനം മുസ്‍ലിം ലീഗിന് മാറ്റിവച്ചിരുന്നു. വ്യാഴാഴ്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് വിവരം.
കോഴിക്കോട് ജില്ലാ പഞ്ചായത്തിൽ മൂന്നു പതിറ്റാണ്ടിൻറെ ഭരണത്തുടർച്ച ലക്ഷ്യമിട്ട എൽഡിഫിന് അപ്രതീക്ഷിത തിരിച്ചടിയായിരുന്നു ഇത്തവണത്തെ തോൽവി. ജില്ലാ പഞ്ചായത്ത് രൂപീകരിച്ചശേഷം ഒരിക്ക‍ൽ പോലും യു‍ഡിഎഫിന് അധികാരം ലഭിച്ചിട്ടില്ല. അതാണ് ഇത്തവണ തിരുത്തിയെഴുതിയത്.
കോടഞ്ചേരിയിൽ 6822 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മില്ലി മോഹൻ തിരഞ്ഞെടുക്കപ്പെട്ടത്. അതേസമയം, നാദാപുരത്തുനിന്ന് നവാസിന്റെ വിജയം കോഴിക്കോട് ജില്ലാ പഞ്ചായത്തിലെ എറ്റവും വലിയ ഭൂരിപക്ഷത്തിനാണ്- 16,615 വോട്ടിന്റെ.
കോഴിക്കോട് ജില്ലാ പഞ്ചായത്തിൽ 15 സീറ്റ് നേടിയാണ് യുഡിഎഫ് അധികാരത്തിലെത്തുന്നത്. ജില്ലാ പഞ്ചായത്ത് അധികാരം കുത്തകയാക്കിയിരുന്ന ഇടതുപക്ഷത്തിന് ഇത്തവണ 13 സീറ്റ് നേടാനേ കഴിഞ്ഞുള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *