മാലിന്യം നിറഞ്ഞ് ഒഴുകി ‘അഴക് ‘ കണ്ടെയ്‌നറുകൾ

കോഴിക്കോട് :വീടുകളിൽ നിന്ന് ഹരിതകർമ്മസേന ശേഖരിക്കുന്ന മാലിന്യം നഗരത്തിൽ നിറയ്ക്കുന്നത് ദുർഗന്ധം. സമ്പൂർണ ശുചിത്വ നഗരമെന്ന ലക്ഷ്യവുമായി കോർപ്പറേഷൻ നടപ്പാക്കിവരുന്ന ‘അഴക്’പദ്ധതിയുടെ ഭാഗമായി നഗരത്തിലെ പലയിടങ്ങളിലും മാലിന്യം ശേഖരിക്കാൻ കണ്ടെയ്നറുകൾ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ ഇവ നിറഞ്ഞതോടെ മാലിന്യം ചാക്കുകളിലാക്കി കൂട്ടിയിട്ടിരിക്കുകയാണ്. നഗരമദ്ധ്യത്തിൽ ഒയിറ്റി- ടൗൺ ഹാൾ റോഡിന് സമീപം മാലിന്യം ശേഖരിക്കാൻ രണ്ടു കണ്ടെയ്നറുകളുണ്ട്.
ഇവ നിറഞ്ഞതോടെ മുന്നിലും പിന്നിലും നിറയെ മാലിന്യം ചാക്കുകളിലാക്കി കൂടിയിട്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഇവയിൽ കുറച്ചെണ്ണം നീക്കിയെങ്കിലും പൂർത്തിയായിട്ടില്ല. മാനാഞ്ചിറ മെെതാനിയിലും ഇത് തന്നെ സ്ഥിതി. ടൗൺ ഹാൾ റോഡിലേക്ക് പ്രവേശിക്കുന്ന മാനാഞ്ചിറ കവാടത്തിലും അൻസാരി പാർക്കിന്റെ പല ഭാഗത്തുമായി മാലിന്യച്ചാക്കുകൾ കൂട്ടിയിട്ടിരിക്കുകയാണ്.
കെെപ്പുറത്ത് പാലം കായലോരത്ത് മാലിന്യ സംസ്കരണ യൂണിറ്റുണ്ടെങ്കിലും പ്രവർത്തിക്കാത്ത സ്ഥിതിയാണ്. ഇതിന് മുന്നിലും മാലിന്യക്കൂമ്പാരമാണ്. സിവിൽ സ്റ്റേഷൻ, കല്ലായി, കോതി, മാറാട്, ബേപ്പൂർ ഗ്വോതീശ്വരം, ബീച്ച് തുടങ്ങി പലയിടത്തും വൈദ്യുത പോസ്റ്റുകളുടെയും മതിലുകളുടെയും ഇടയിലും മറ്റും ഒരാൾപൊക്കത്തിൽ മാലിന്യച്ചാക്കുകളാണ്. നഗരത്തിലെ നടപ്പാതയോട് ചേർന്നുള്ള ട്വിൻ ബിന്നുകളിലും മാലിന്യം നിറഞ്ഞൊഴുകുന്നു. ആറ് ഏജൻസികളാണ് കോർപ്പറേഷൻ പരിധിയിലെ മാലിന്യ ശേഖരിക്കുന്നത്. എന്നാൽ ചില ഏജൻസികൾ പല കാരണങ്ങളാൽ മാലിന്യം എടുക്കുന്നത് നിറുത്തിയതോടെയാണ് മാലിന്യനീക്കം വൈകുന്നതെന്നാണ് വിശദീകരണം.

അജൈവ മാലിന്യം സംഭരിക്കുന്നതിന് കോർപ്പറേഷൻ കൊണ്ടു വന്ന യൂസ്ഡ് കണ്ടെയ്നറുകൾ ആവശ്യത്തിനില്ലെന്നാണ് ജനങ്ങൾ പറയുന്നത്. കോർപ്പറേഷൻ പരിധിയിലെ മാലിന്യം മാത്രം ശേഖരിക്കാൻ 4400 മീറ്റർ സ്ക്വയർ ഏരിയ ആവിശ്യമാണ്. ആദ്യഘട്ടത്തിൽ വിവിധ വാർഡുകളിലായി 25 കണ്ടെയ്നറുകൾ സ്ഥാപിക്കുമെന്ന് പറഞ്ഞെങ്കിലും 20 എണ്ണമേ സ്ഥാപിച്ചിട്ടുള്ളൂ. പല വാർഡുകളിലും കണ്ടെയ്നറുകളുടെ പ്ലാറ്റ്ഫോം മാത്രമാണുള്ളത്. മാലിന്യം ശേഖരിച്ച് സൂക്ഷിക്കാൻ കൂടുതൽ കണ്ടെയ്നറുകൾ സ്ഥാപിക്കണമെന്നാണ് ജനങ്ങളും വാർഡ് കൗൺസിലർമാരും ആവശ്യപ്പെടുന്നത്

Leave a Reply

Your email address will not be published. Required fields are marked *