ട്രെയിനിന്റെ അടിയിൽപെട്ടയാൾ അദ്ഭുതകരമായി രക്ഷപ്പെട്ടു; അപകടം പാളം കുറുകെ കടക്കുന്നതിനിടെ..
കൊയിലാണ്ടി :പാളം കുറുകെ കടക്കുന്നതിനിടെ ട്രെയിനിന്റെ എൻജിനടിയിൽ പെട്ട വയോധികൻ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. തിക്കോടി മഠത്തിൽ രാമചന്ദ്രൻ (67) ആണ് ഇന്നലെ വൈകിട്ട് 6.10ന് കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ് ഫോമിൽ പാലക്കാട് – കണ്ണൂർ 6031 ട്രെയിനിന്റെ എൻജിന് അടിയിൽ പെട്ടത്. അതേസമയം രണ്ടാം പ്ലാറ്റ്ഫോമിലൂടെ മംഗളൂരു– തിരുവനന്തപുരം ട്രെയിനും എത്തിയിരുന്നു. സ്റ്റേഷൻ മാസ്റ്റർ വിവരം അറിയിച്ചതിനെ തുടർന്ന് കൊയിലാണ്ടി അഗ്നിരക്ഷാ സേനയിലെ ഫയർ ആൻഡ് റെസ്ക്യു ഓഫിസർ എം.ജാഹിറിന്റെ നേതൃത്വത്തിലുള്ള സേനാംഗങ്ങൾ സ്റ്റേഷനിലെത്തി.
ട്രെയിൻ പിന്നോട്ട് എടുപ്പിച്ച ശേഷം എൻജിനടിയിൽ നിന്നു രാമചന്ദ്രനെ പുറത്തെടുക്കുകയായിരുന്നു. ഉടനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചു. ഡോക്ടർമാരുടെ വിശദ പരിശോധനയിൽ തുടയെല്ലു പൊട്ടിയതായി കണ്ടെത്തി. താലൂക്ക് ആശുപത്രിയിൽ നിന്ന് വിദഗ്ധ ചികിത്സയ്ക്കായി പിന്നീട് രാമചന്ദ്രനെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി.

