ആളുകൾ അപ്രത്യക്ഷമാവുന്ന രാജ്യ തലസ്ഥാനം! പത്ത് വർഷത്തിനിടെ കാണാതായത് 2.3 ലക്ഷം പേരെ
ന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത് നിന്ന് അപ്രത്യക്ഷമാവുന്ന ആളുകളുടെ എണ്ണം വർധിക്കുന്നു. ഇതിൽ ഏറെയും സ്ത്രീകളും കുട്ടികളും.
ഈ വർഷം ജനുവരി 27 വരെ മാത്രം സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 807 പേരെയാണ് ഡൽഹിയിൽ നിന്ന് കാണാതായത്. ഇതിൽ 191 പേർ പ്രായപൂർത്തിയാകാത്ത കുട്ടികളാണ്. എന്നാൽ 48 കുട്ടികളെ മാത്രമാണ് കണ്ടെത്താനായതെന്ന് പോലീസ് കണക്കുകൾ വ്യക്തമാക്കുന്നു.
കഴിഞ്ഞ പത്ത് വർഷത്തിനിടെ 2.3 ലക്ഷംപേരെ കാണാതായതിൽ വെറും 52,000 കേസുകൾ മാത്രമാണ് പോലീസിന് തീർപ്പാക്കാൻ സാധിച്ചത്. കഴിഞ്ഞ 11 വർഷത്തിനിടെ കാണാതായ 5,559 കുട്ടികളിൽ ഭൂരിഭാഗം പേരെയും കുറിച്ച് പോലീസിന് യാതൊരു വിവരവുമില്ല.
അതേസമയം, പ്രചരിക്കുന്ന വാർത്തകൾ പണം നൽകിയുള്ള വ്യാജ പ്രചാരണമാണെന്നും ഇതിന് പിന്നിലുള്ളവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും ഡൽഹി പോലീസ് അറിയിച്ചു
ഡൽഹിയിലെ ക്രമസമാധാന നില ഭീതിജനകമാണെന്നും ബിജെപി ഭരണത്തിന് കീഴിൽ സ്ത്രീ സുരക്ഷ ഇല്ലാതാകുകയാണെന്നും സിപിഐ എം നേതാവ് സുഭാഷിണി അലി. ഈ വിഷയത്തിൽ കേന്ദ്രം മറുപടി പറയണമെന്നും അവർ ആവശ്യപ്പെട്ടു.

