ഖത്വറിലും യു.എ. ഇയിലും ഡ്രോൺ ആക്രമണം.

ദുബൈ:പശ്ചിമേഷ്യയിലെ സംഘര്‍ഷം ഏഴാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ ഗള്‍ഫ് രാജ്യങ്ങളിലെ സ്ഥിതിഗതികള്‍ അതീവ ഗുരുതരമായി തുടരുന്നു.

കുവൈത്തിലെ അമേരിക്കന്‍ സൈനിക താവളത്തിന് നേരെ ഇറാന്‍ ഡ്രോണ്‍ ആക്രമണം നടത്തി. ഖത്വര്‍ തലസ്ഥാനമായ ദോഹയില്‍ അമേരിക്കന്‍ എംബസിക്ക് സമീപമുള്ള താമസക്കാരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.
യു എ ഇയില്‍ ഇന്നലെയും മിസൈല്‍- ഡ്രോണ്‍ ആക്രമണം തുടര്‍ന്നു. ആറ് ബാലിസ്റ്റിക് മിസൈലുകളും 125 ഡ്രോണുകളും പ്രതിരോധ സേന തകര്‍ത്തു. ഒരു മിസൈലും ആറ് ഡ്രോണുകളും യു എ ഇയില്‍ പതിച്ചു.
അബൂദബിയിലെ ഐകാഡ് 2 മേഖലയില്‍ ഡ്രോണ്‍ തകര്‍ത്തതിനെത്തുടര്‍ന്നുണ്ടായ അവശിഷ്ടങ്ങള്‍ പതിച്ച്‌ ആറ് പാകിസ്താന്‍, നേപ്പാള്‍ സ്വദേശികള്‍ക്ക് പരുക്കേറ്റു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മിസൈല്‍, ഡ്രോണ്‍ അവശിഷ്ടങ്ങള്‍ പതിച്ച്‌ ഇതുവരെ ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 94 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
കുവൈത്തിന്റെ വടക്കു പടിഞ്ഞാറന്‍ മേഖലയിലുള്ള അമേരിക്കന്‍ സൈനിക താവളമായ ക്യാമ്പ് ഉദൈരിക്ക് (ക്യാമ്പ് ബ്യൂറിംഗ്) നേരെ ഇറാന്‍ നാവികസേന പോര്‍വിമാന ഡ്രോണുകള്‍ ഉപയോഗിച്ച്‌ ആക്രമണം നടത്തി.
കുവൈത്ത് തീരത്ത് നിന്ന് 56 കിലോമീറ്റര്‍ അകലെ അന്താരാഷ്ട്ര കപ്പല്‍പ്പാതയില്‍ എണ്ണക്കപ്പലില്‍ സ്ഫോടനമുണ്ടാകുകയും എണ്ണച്ചോര്‍ച്ച റിപോര്‍ട്ട് ചെയ്യുകയും ചെയ്തു. സ്ഫോടനം നടന്നത് കുവൈത്ത് ജലാതിര്‍ത്തിക്ക് പുറത്താണെന്ന് മന്ത്രാലയം വ്യക്തമാക്കി.
ദോഹയിലെ അമേരിക്കന്‍ എംബസിക്ക് സമീപം താമസിക്കുന്നവരെ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി അധികൃതര്‍ ഒഴിപ്പിച്ചു. ഇവര്‍ക്ക് സുരക്ഷിതമായ താമസസൗകര്യം ഭരണകൂടം ഒരുക്കിയിട്ടുണ്ട്.
സഊദി അറേബ്യയില്‍ അല്‍ ഖര്‍ജ് ഗവര്‍ണറേറ്റിന് കിഴക്ക് ഭാഗത്ത് മൂന്ന് ഡ്രോണുകള്‍ പ്രതിരോധ സേന വെടിവെച്ചിട്ടു. അല്‍ ജൗഫ് മേഖലക്ക് കിഴക്ക് ഭാഗത്ത് എത്തിയ മറ്റൊരു ഡ്രോണും വിജയകരമായി തകര്‍ത്തു.
ഒമാന്‍ ഓയില്‍ മാര്‍ക്കറ്റിംഗ് കമ്പനിയുടെ ഇന്ധന സംഭരണിക്ക് നേരെ ആക്രമണമുണ്ടായതിനെ തുടര്‍ന്ന് പ്ലാന്റിന്റെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവെച്ചു. ആക്രമണത്തില്‍ നേരിയ നാശനഷ്ടങ്ങള്‍ മാത്രമാണ് സംഭവിച്ചത്.
ബഹ്‌റൈനില്‍ ഇതുവരെ 75 മിസൈലുകളും 123 ഡ്രോണുകളും ബഹ്‌റൈന്‍ വ്യോമ പ്രതിരോധ സേന തകര്‍ത്തതായി റിപോര്‍ട്ട്.

ഇറാന്റെ ഇസ്ലാമിക് റവല്യൂഷനറി ഗാര്‍ഡ് കോര്‍പ്സിനു വേണ്ടി പ്രവര്‍ത്തിച്ച രണ്ട് രഹസ്യ സെല്ലുകളെ ഖത്വര്‍ സുരക്ഷാ വിഭാഗം ഇല്ലാതാക്കി. ചൊവ്വാഴ്ച രാത്രിയാണ് പത്ത് പേരടങ്ങുന്ന സംഘത്തെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *