സഞ്ജു സാംസൺ: ഇന്ത്യൻ ക്രിക്കറ്റിന്റെ പുതിയ രാജാവ്
അഹമ്മദാബാദ്: സഞ്ജു സാംസൺ കലാശപ്പോരിലും ഇന്ത്യയുടെ എല്ലാമെല്ലാമായി. കരുത്തുറ്റ ഇന്നിങ്സോടെ 46 പന്തിൽ നിന്ന് 89 റൺസ്മാത്രമല്ല, കാഴ്ചവെച്ചതാകട്ടെ റെക്കോഡ് ഇന്നിങ്സ്. 46 പന്തിൽ നിന്ന് 5 ഫോറുകളുടെയും 8 സിക്സറുകളുടെയും അകമ്പടിയോടെയാണ് സഞ്ജു 89 റൺസെടുത്തത്. ടി20 ലോകകപ്പ് ഫൈനലിലെ ഒരു താരത്തിന്റെ ഉയർന്ന സ്കോറാണിത്. 2016-ൽ ഇംഗ്ലണ്ടിനെതിരേ 85 റൺസെടുത്ത വെസ്റ്റിൻഡീസ് താരം മർലോൺ സാമുവൽസിന്റെയും 2021-ലെ ഫൈനലിൽ ഓസ്ട്രേലിയക്കെതിരേ 85 റൺസെടുത്ത കിവീസിന്റെ കെയ്ൻ വില്യംസന്റെയും റെക്കോഡ് സഞ്ജു മറികടന്നു. ഒടുക്കം ഇന്ത്യ ഉയർത്തിയതാകട്ടെ 256 റൺസ് വിജയലക്ഷ്യം. കിവീസിനെ 159 റൺസിന് പുറത്താക്കിയതോടെ കിരീടവും. മൂന്ന് വർഷങ്ങൾക്ക് മുൻപ് കണ്ണീർ വീണ അതേ നരേന്ദ്ര മോദി സ്റ്റേഡിയം ഉച്ചത്തിൽ ആർത്തിരമ്പി. ഇതുവരെ കിവീസിനെ ടി20 ലോകകപ്പിൽ തോൽപ്പിച്ചിട്ടില്ലെന്ന ചരിത്രം തിരുത്തിക്കുറിച്ച രാജകീയവരവ
സഞ്ജുവിന്റെ പോരാട്ടത്തിന്റെ കഥ കൂടി എഴുതപ്പെടുന്നു ഊ വിശ്വവേദിയിൽ.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ സൂപ്പർ എട്ട് മത്സരത്തിന് മുൻപ് ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവിനോട് മാധ്യമപ്രവർത്തകരുടെ ചോദ്യമെത്തി. പ്രോട്ടീസിനെതിരേ സഞ്ജുവിനെ കളത്തിലിറക്കുമോ? ഗ്രൂപ്പ് ഘട്ടത്തിൽ നമീബിയക്കെതിരേ മാത്രമാണ് സഞ്ജു കളിച്ചിരുന്നത്. ആ മത്സരത്തിൽ എട്ട് പന്തിൽ നിന്ന് 22 റൺസെടുത്തായിരുന്നു മലയാളി താരത്തിന്റെ മടക്കം. ഗ്രൂപ്പ് ഘട്ടം കടന്നതിന് പിന്നാലെയാണ് സഞ്ജുവിനെ സൂപ്പർ എട്ടിൽ കളിപ്പിക്കുമോ എന്ന് മാധ്യമപ്രവർത്തകർ ചോദിച്ചത്. ആ ചോദ്യം കേട്ടയുടനെ ഒരൽപ്പം ചിരിയോടെയായിരുന്നു സൂര്യയുടെ മറുപടി. അഭിഷേകിന് പകരമായി സഞ്ജുവിനെ ഉൾപ്പെടുത്തണമെന്നാണോ നിങ്ങൾ പറയുന്നത്? ഇന്ത്യൻ നായകൻ ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു. മൂന്നാം നമ്പറിലെ സഞ്ജുവിന്റെ സാധ്യതയെക്കുറിച്ച് മാധ്യമപ്രവർത്തകൻ ഓർമിപ്പിച്ചപ്പോൾ സൂര്യ വീണ്ടും ചിരിച്ചു. തിലകിന് പകരം അദ്ദേഹത്തെ കളിപ്പിക്കണമെന്നാണോ നിങ്ങൾ പറയുന്നതെന്നായി മറുചോദ്യം. സൂര്യ സഞ്ജുവിനെ പരിഹസിച്ചോ ഇല്ലയോ എന്നതിനപ്പുറം അയാളുടെ നിലപാട് വ്യക്തമായിരുന്നു. ആദ്യ പതിനൊന്നിൽ സഞ്ജുവിനെ പ്രതീക്ഷിക്കേണ്ടതില്ലെന്ന്.
എന്നാൽ സൂര്യയെയും സംഘത്തേയും കാത്തിരുന്നത് മറ്റൊന്നായിരുന്നു.സഞ്ജുവില്ലാതെയിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്കെതിരേ ഇന്ത്യ ഞെട്ടിക്കുന്ന തോൽവി പിണഞ്ഞു. മുൻനിര ബാറ്റർമാരെല്ലാം നിരനിരയായി കൂടാരം കയറി. ഇന്ത്യയുടെ എല്ലാ പദ്ധതികളും പാളി. സഞ്ജുവിനെ ടീമിൽ തിരികെയെത്തിക്കുകയല്ലാതെ ഗംഭീറിന് മുന്നിൽ മറ്റുവഴികളുണ്ടായിരുന്നില്ല. മലയാളി താരം വീണ്ടും പാഡണിഞ്ഞു.
ഫോമില്ലായ്മയുടെ പേരിൽ നിരന്തരമായ വിമർശനങ്ങളും കുറ്റപ്പെടുത്തലുകളും നേരിട്ട സഞ്ജുവിന് അതിലും കടുത്ത പരീക്ഷണമായിരുന്നു വിൻഡീസിനെതിരായ പോരാട്ടം. തോറ്റാൽ ഇന്ത്യ ലോകകപ്പ് സെമി കാണാതെ പുറത്താവുമെന്ന അതിനിർണായകസാഹചര്യം. ജീവൻ കൊടുത്തും ജയിച്ചേ മതിയാവൂ. മാത്രമല്ല, ഇനിയൊരവസരം ഇന്ത്യൻ ടീമിൽ ലഭിക്കുമോ എന്ന് യാതൊരു ഉറപ്പുമില്ല. ആദ്യം ബാറ്റുചെയ്ത കരീബിയൻ കരുത്തർ ഉയർത്തിയതാകട്ടെ 196 റൺസ് ലക്ഷ്യം. ചേസിങ്ങിൽ കൂടെയിറങ്ങിയ അഭിഷേക് വെറും പത്ത് റൺസെുത്ത് കൂടാരം കയറുന്ന കാഴ്ച. ഏത് താരവും സമ്മർദത്തിന് അടിപ്പെടുന്ന നിമിഷം. ഫോമില്ലാതെ ഉഴറുന്ന, ടീമിലെ സ്ഥാനം തന്നെ പ്രതിസന്ധിയിൽ നിൽക്കുന്ന ഒരു താരത്തിന് എങ്ങനെ അത് നേരിടാനാകും. പക്ഷേ സഞ്ജു സാംസൺ ശാന്തനായിരുന്നു. സമ്മർദത്തിന്റെ പരകോടിയിലും അയാളിൽ അത്തരത്തിൽ ഒരു ഭാവവും പ്രകടമായില്ല. പിന്നീട് ലോകം സാക്ഷ്യം വഹിക്കുന്നത് ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഇന്നിങ്സുകളിലൊന്നിനാണ്. കളിയുടെ മനശാസ്ത്രം മനസിലാക്കിയ ഒരു പ്രൊഫഷണൽ ബാറ്ററുടെ ക്ലാസ് ഇന്നിങ്സ്. കോലിയുടെ നിശ്ചയദാർഢ്യവും ധോനിയുടെ ശാന്തതയും ചേർന്ന കളി. ഇങ്ങനെയൊരു സഞ്ജുവിനെ നാം കണ്ടിട്ടേയില്ല. ഇന്ത്യ ജീവൻ തിരികെപ്പിടിച്ച 97 റൺസ്. മഹത്വത്തിന്റെ പടിയിൽ വെച്ച് ആ വാതിലുകൾ സഞ്ജു തന്നെ ആഞ്ഞുതുറന്നു. ഇന്ത്യ വിജയ റൺ കുറിച്ച ആ നിമിഷത്തിൽ കമന്ററി ബോക്സിൽ നിന്നും ഉയർന്നുകേട്ടു, സഞ്ജു സ്പെഷ്യൽ സാംസൺ.
അവിടെ കഴിഞ്ഞില്ല. അന്ന് ചിരിച്ചുതള്ളിയ അതേ നായകൻ സഞ്ജുവിന് മുന്നിൽ വണങ്ങി നിൽക്കുന്ന കാഴ്ചയും കണ്ടു. മത്സരശേഷം സഞ്ജു ഡഗൗട്ടിലേക്ക് മടങ്ങുമ്പോൾ മൈതാനത്തെത്തിയ സൂര്യകുമാർ തലയിലുള്ള തൊപ്പി ഊരി മലയാളി താരത്തിന് മുന്നിൽ വണങ്ങിനിന്ന് അഭിവാദ്യം ചെയ്തു. വാർത്താസമ്മേളനത്തിൽ സഞ്ജുവിനെ അഭിനന്ദിക്കാനും മറന്നില്ല സൂര്യ.
തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച ദിവസങ്ങളിൽ ഒന്നാണിതെന്നാണ് സഞ്ജു ഈ ഇന്നിങ്സിനെ കുറിച്ച് പറഞ്ഞത്. കളിച്ചു തുടങ്ങിയ ദിവസം മുതൽ, രാജ്യത്തിനായി കളിക്കാൻ സ്വപ്നം കണ്ടതു മുതൽ, ഞാൻ കാത്തിരുന്ന ദിവസമാണിത്. വളർച്ചയും വീഴ്ചകളുമെല്ലാം നിറഞ്ഞ ഒരു പ്രത്യേക യാത്രയായിരുന്നു എന്റേത്. പക്ഷേ ഞാൻ എന്നെത്തന്നെ സംശയിച്ചുകൊണ്ടേയിരുന്നു, ‘എങ്ങനെയാകും, പറ്റുമോ’ എന്നൊക്കെ ചിന്തിച്ചുകൊണ്ടേയിരുന്നു. പക്ഷേ ഞാൻ വിശ്വാസം കൈവിട്ടില്ല. ഇന്ന് എന്നെ അനുഗ്രഹിച്ച ദൈവത്തിനു നന്ദി പറയുന്നു. ഞാൻ വളരെ സന്തോഷവാനാണ്.”- സഞ്ജു വികാരാധീനനായി.
വീൻഡീസിനെതിരായ ഇന്നിങ്സോടെ ഹീറോ പരിവേഷം വന്നുചേരുക മാത്രമായിരുന്നില്ല. ഇന്ത്യൻ ക്രിക്കറ്റിന്റെ തിരുമുറ്റത്ത് അയാൾ സിംഹാസനം വലിച്ചിടുക കൂടിയായിരുന്നു. അതും രാജകീയമായി.
വിൻഡീസിനെതിരേ നിർത്തിയേടത്തുനിന്നാണ് സഞ്ജു സെമിയിൽ ഇംഗ്ലണ്ടിനെതിരേ തുടങ്ങിയത്. തന്നെ പൂട്ടാൻ വന്ന ആർച്ചറിന് കണക്കിന് കൊടുത്താണ് ഇന്നിങ്സ് ആരംഭിച്ചതുതന്നെ. മൂന്നാം ഓവറിൽ സഞ്ജുവിന്റെ ക്യാച്ച് ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി ബ്രൂക്ക് വിട്ടുകളയുമ്പോൾ സാംസണിന്റെ സ്കോർ 15 ൽ എത്തിയതേ ഉണ്ടായിരുന്നുള്ളൂ. പിന്നീട് പിഴവുകളൊന്നും വരുത്താതെയായിരുന്നു കളിച്ചത്. വാംഖഡേയിൽ സിക്സറുകൾ പറപറന്നു. ഇഷാനും ദുബെയ്ക്കുമൊപ്പം മികച്ച കൂട്ടുകെട്ടുകൾ. ഒടുക്കം 63 മിനിറ്റ് ക്രീസിൽ ചെലവിട്ട് സഞ്ജു പുറത്താകുമ്പോൾ ഇന്ത്യ 13.1 ഓവറിൽ 160 റൺസിലെത്തിയിരുന്നു. 42 പന്തിൽ നിന്ന് 89 റൺസെടുത്താണ് സഞ്ജുവിന്റെ മടക്കം.
വാംഖഡെ സ്റ്റേഡിയത്തിൽ കളി കാണാൻ വിശിഷ്ടവ്യക്തികൾ ഒട്ടേറെപ്പേരുണ്ടായിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ ചെയർമാൻ ജെയ്ഷാ, ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ, മുൻ ഇന്ത്യൻ ക്യാപ്റ്റൻമാരായ രോഹിത് ശർമ, മഹേന്ദ്രസിങ് ധോനി അങ്ങനെ ഒരുപാട്പേർ. അവരെല്ലാം ഒരേ താളത്തിൽ ആവേശത്തോടെ മലയാളിതാരത്തിനായി കൈയ്യടിക്കുന്നതും കണ്ടു. ഗാലറിയിൽ ആവേശത്തിരയിളക്കം. സഞ്ജു ക്രീസിൽ നിന്നുകാണാൻ പ്രാർഥിക്കുന്ന ആയിരങ്ങൾ. സഞ്ജുവിന്റെ ഇന്നിങ്സിന് മറുപടിയെന്നോണം സെഞ്ചുറിയുമായി ജേക്കബ് ബെത്തൽ കത്തിക്കയറിയപ്പോൾ ഒരു വേള നീലക്കടൽ നിശബ്ദമായതാണ്. അവസാന ഓവർ വരെ നീണ്ട ആവേശപ്പോര്. ഒടുക്കം ഇംഗ്ലണ്ടിനെ ഏഴ് റൺസിന് കീഴടക്കി ഇന്ത്യ കലാശപ്പോരിലേക്ക് ടിക്കറ്റെടുക്കുമ്പോൾ മത്സരത്തിലെ താരവും സഞ്ജുവായിരുന്നു. കയ്യടികൾക്കിടയിലൂടെ ഒരിക്കൽ കൂടി പ്ലയർ ഓഫ് ദി മാച്ച് പുരസ്കാരം വാങ്ങി മടങ്ങുമ്പോൾ സഞ്ജു ഇങ്ങനെ പറഞ്ഞുവെച്ചു, ഞാനല്ല, ബുറയാണ് താരം. കാരണം, ബുറയുടെ ഡെത്ത് ഓവറുകൾ എത്രമാത്രം നിർണായകമായിരുന്നുവെന്ന് അയാൾക്കറിയാമായിരുന്നു. ഒരു തലമുറയിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന കളിക്കാരനാണ് ബുംറയെന്ന് പറഞ്ഞ സഞ്ജു, ബുംറ അങ്ങനെ പന്തെറിഞ്ഞില്ലായിരുന്നെങ്കിൽ ഞാൻ ഇങ്ങനെ ഇവിടെ നിൽക്കില്ലായിരുന്നുവെന്നും കൂട്ടിച്ചേർത്തു. അപ്പോഴേക്കും സഞ്ജു ഇന്ത്യൻ ടീമിലെ അനിഷേധ്യനായി മാറിക്കഴിഞ്ഞിരുന്നു. കലാശപ്പോരിലും കഥ തുടർന്നു. സമ്മർദത്തിന്റെ കൊടുമുടിയിലും അയാൾ 89 റൺസെടുത്ത് ടീമിന്റെ നട്ടെല്ലായി. കിരീടജയത്തോടെ രാജ്യത്തിന്റെ ഹീറോയുമായി മാറി സഞ്ജു.
ലോക ക്രിക്കറ്റിൽ അധികമൊന്നും ആഘോഷിക്കപ്പെടാതിരുന്ന ഒരു മലയാളി ഇന്ത്യൻ ക്രിക്കറ്റിന്റെ മുഖമായി മാറുന്ന കാഴ്ച. കോലിയേയും ധോനിയേയും പോലെ സഞ്ജുവും ബ്രാൻഡായി മാറുന്നു. മൈതാനങ്ങളിൽ ആ പേര് കേൾക്കുമ്പോഴെല്ലാം നിലയ്ക്കാത്ത ആരവങ്ങളാണ്. ഇനിയും അത് ഉച്ചത്തിൽ തന്നെ മുഴങ്ങും. അയാളെ സ്നേഹം കൊണ്ട് ചേർത്തുപിടിക്കുന്ന കോടിക്കണക്കിന് ഹൃദയങ്ങൾ. ലോകക്രിക്കറ്റിന്റെ കൊടുമുടി താണ്ടി സഞ്ജു കടന്നുപോകുന്നു. ഒന്നുറപ്പ്, ഇനിയൊരിക്കലും അങ്ങനെയൊരു ചിരി സൂര്യകുമാർ യാദവിന്റെ മുഖത്ത് നിങ്ങൾക്ക് കാണാനാവില്ല. കൃത്യമായി പറഞ്ഞാൽ, അത്തരത്തിലൊരു ചോദ്യം ചോദിക്കാൻ മാധ്യമപ്രവർത്തകരാരും ഇനി മുതിരുകയുമില്ല.

