ഇറാനിലേക്ക് മാനുഷിക സഹായങ്ങള്‍ എത്തിച്ച് അസര്‍ബൈജാന്‍.
ബാക്കു :ഇറാനിലേക്ക് മാനുഷിക സഹായങ്ങള്‍ എത്തിച്ച് അസര്‍ബൈജാന്‍.30 ടണ്‍ ഭക്ഷ്യവസ്തുക്കളും രണ്ട് ടണ്‍ മരുന്നുകളുമടങ്ങുന്ന ട്രാക്കുകളാണ് അസര്‍ബൈജാന്‍ ഇറാനില്‍ എത്തിച്ചത്. യു.എസും ഇസ്രഈലും ഇറാനെതിരെ തുടര്‍ച്ചയായി ആക്രമണങ്ങള്‍ നടത്തുന്നതിനിടെയാണ് അസര്‍ബൈജാന്റെ സഹായഹസ്തം.
10 ടണ്‍ മാവ്, ആറ് ടണ്‍ അരി, 2.4 ടണ്‍ പഞ്ചസാര, നാല് ടണ്ണിലധികം കുടിവെള്ളം, 600 കിലോയോളം വരുന്ന തേയില തുടങ്ങിയവയാണ് അസര്‍ബൈജാന്‍ ഇറാനിലേക്ക് കയറ്റുമതി ചെയ്തത്.
മാര്‍ച്ച് എട്ടിന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസസ്‌കിയാനും അസര്‍ബൈജാന്‍ പ്രസിഡന്റ് ഇല്‍ഹാം അലിയേവും തമ്മില്‍ ഫോണില്‍ സംസാരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഇറാനിലേക്ക് അസര്‍ബൈജാന്‍ സഹായങ്ങള്‍ എത്തിച്ചത്.
ഇറാന്റെ പ്രത്യാക്രമണത്തെ തുടര്‍ന്ന് അസര്‍ബൈജാനും ഇറാനും ഇടയിലുള്ള അതിര്‍ത്തി ഗതാഗതം താത്കാലികമായി തടസപ്പെട്ടിരുന്നു. എന്നാല്‍ ഇറാനിലേക്ക് സഹായങ്ങള്‍ എത്തിക്കുന്നതിന്റെ ഭാഗമായി അസര്‍ബൈജാന്റെ എല്ലാ അതിര്‍ത്തികളും തിങ്കളാഴ്ച തുറന്നതായി വാര്‍ത്താ ഏജന്‍സിയായ ടാസ് പറഞ്ഞു.
അതേസമയം അസര്‍ബൈജാനിലെ നാഖ്ചിവാനില്‍ നടന്ന വ്യോമാക്രമണത്തില്‍ ഇറാന് യാതൊരു ബന്ധവുമില്ലെന്നാണ് പെസസ്‌കിയാന്‍ ഫോണ്‍ സംഭാഷണത്തിനിടെ അലിയേവിനോട് പറഞ്ഞത്. സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും പെസസ്‌കിയാന്‍ പറഞ്ഞിരുന്നു.
എന്നാല്‍ കഴിഞ്ഞ വ്യാഴാഴ്ച നാഖ്ചിവാനില്‍ നാല് ഡ്രോണുകള്‍ പതിച്ചതായും നാല് പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
ഫെബ്രുവരി 28നാണ് യു.എസും ഇസ്രഈലും ചേര്‍ന്ന് ഇറാനില്‍ ആക്രമണം ആരംഭിച്ചത്. പിന്നാലെ ഗള്‍ഫ് രാജ്യങ്ങളിലെ യു.എസ് സൈനിക താവളങ്ങള്‍ ആക്രമിച്ചാണ് ഇറാന്‍ തിരിച്ചടിച്ചത്.
ഇതിനിടെയാണ് അസര്‍ബൈജാനെതിരെയും ആക്രമണം ഉണ്ടായത്. ഈ ആക്രമണവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
അതേസമയം യു.എസ് ഇസ്രഈല്‍ ആക്രമണത്തില്‍ ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ അടക്കം 1300ലധികം ആളുകളാണ് കൊല്ലപ്പെട്ടത്.

