എല്‍പിജി ക്ഷാമം നേരിടാൻ നടപടി, കണ്‍ട്രോള്‍ റൂമുകള്‍ തുറന്ന് മഹാരാഷ്ട്രയും യുപിയും, കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന് നോട്ടീസ് അയച്ച്‌ ബോംബെ ഹൈക്കോടതി.

ദില്ലി: പാചകവാതക പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന് നോട്ടീസ് അയച്ച്‌ ബോംബൈ ഹൈകോടതി.നാഗ്പൂർ കേന്ദ്രീകരിച്ച്‌ പ്രവർത്തിക്കുന്ന കോണ്‍ഫിഡൻസ് പെട്രോളിയം ഇന്ത്യ ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനി അവരുടെ സിലിണ്ടർ വിതരണം കാര്യക്ഷമമാക്കുന്നില്ലെന്നും കേന്ദ്ര സർക്കാർ നല്‍കിയ ഉത്തരവുകള്‍ പാലിക്കുന്നില്ലെന്നും കാട്ടി 6 എല്‍പിജി വിതരണക്കാർ സമർപ്പിച്ച ഹർജിയിലാണ് കോടതി ഇടപെടല്‍. ഈ സ്വകാര്യ കമ്പനിക്ക് ഗാർഹിക സിലിണ്ടറുകളുടെ വിതരണം വേഗത്തിലാക്കാനുള്ള നിർദേശം നല്‍കണം എന്നും ഹർജിക്കാർ ആവശ്യപ്പെട്ടു. തുടർന്ന് കോടതി നോട്ടീസ് അയക്കുകയായിരുന്നു. ചില കമ്പനികള്‍ വിതരണം വർധിപ്പിക്കില്ലെന് ഹർജിക്കാർ വ്യക്തമാക്കി. എല്‍പിജി ക്ഷാമം ഇത്തരത്തില്‍ രൂക്ഷമായതോടെ നടപടികള്‍ ശക്തമാക്കിയിരിക്കുകയാണ് വിവിധ സംസ്ഥാനങ്ങള്‍. മഹാരാഷ്ട്രയും യുപി കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്. ദില്ലിയില്‍ നേരിട്ട് സ്ഥിതി വിലയിരുത്താൻ കേന്ദ്രം നടപടികള്‍ ആരംഭിച്ചു. യുപിയില്‍ ഇതുവരെ പിടികൂടിയത് 200ലധികം സിലിണ്ടറുകളാണ്. മധ്യപ്രദേശില്‍ കടത്താൻ ശ്രമിച്ച 38 സിലിണ്ടറുകളും പിടികൂടി.

ഗാർഹിക എല്‍പിജിയുടെ കാര്യത്തില്‍ പല സംസ്ഥാനങ്ങളിലും ബുക്ക് ചെയ്തശേഷം സിലിണ്ടറുകള്‍ ലഭിക്കാൻ വൈകുന്നു എന്ന പരാതി വ്യാപകമാണ്. നിലവിലെ സാഹചര്യം കണക്കിലെടുത്ത് പൂഴ്ത്തിവെപ്പും കരിഞ്ചന്തയും തടയാൻ നടപടികള്‍ ഊർജിതമാക്കുകയാണ് കേന്ദ്രം. സംസ്ഥാനങ്ങള്‍ക്ക് ഇത് സംബന്ധിച്ച്‌ നിർദ്ദേശം നല്‍കിയതിന് പിന്നാലെ നടപടികള്‍ ഏകോപിപ്പിക്കാനായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം 24 മണിക്കൂർ പ്രവർത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുടങ്ങിയിട്ടുണ്ട്. എല്‍പിജി സിലിണ്ടറുകള്‍ ലഭിക്കാതായതോടെ സംസ്ഥാനത്ത് കൂടുതല്‍ ഹോട്ടലുകള്‍ അടച്ചുപൂട്ടി. കൊച്ചിയിലടക്കംതട്ടുകടകളൂം പൂര്‍ണമായും പ്രതിസന്ധിയിലായി. ചില ഹോട്ടലുകള്‍ അടുപ്പ് കൂട്ടിയൂള്ള പാചകത്തിലേക്ക് കടന്നിരിക്കുകയാണ്.

പാചകവാതക പ്രതിസന്ധി രൂക്ഷമായതോടെ ബെംഗളുരുവില്‍ അടച്ചിട്ട ഹോട്ടലുകളുടെ എണ്ണം കൂടുകയാണ്. കരിഞ്ചന്തയില്‍ ഒരു സിലിണ്ടറിന്‍റെ വില അയ്യായിരം രൂപയിലേക്ക് ഉയർന്നതോടെ വിറകടുപ്പിലേക്ക് മാറിയിരിക്കുകയാണ് പല ഹോട്ടലുകളും. മധുരമില്ലാത്ത ചായയും കോഫിയും ചില കടകളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ബെംഗളുരുവിലെ ആയിരക്കണക്കിന് പിജികള്‍ പലതും ഭക്ഷണ നിയന്ത്രണം ഏർപ്പെടുത്തി കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *