കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഡ്രോൺ ആക്രമണം
കുവൈത്ത്:കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഡ്രോൺ ആക്രമണ ഉണ്ടായതായി സിവിൽ ഏവിയേഷൻ അധികൃതർ സ്ഥിരീകരിച്ചു. ആക്രമണത്തിൽ വിമാനത്താവളത്തിലെ റഡാർ സംവിധാനത്തിന് തകരാർ സംഭവിച്ചെങ്കിലും ആളപായമോ മറ്റ് ഗുരുതരമായ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
സംഭവം നടന്ന ഉടൻ തന്നെ നിലവിലുള്ള അടിയന്തര സുരക്ഷാ പദ്ധതി പ്രകാരം വിവിധ സർക്കാർ ഏജൻസികൾ ഏകോപിതമായി ഇടപെട്ടതായും അധികൃതർ വ്യക്തമാക്കി. നിലവിൽ വിമാനത്താവളത്തിന്റെ പ്രവർത്തനം സാധാരണ നിലയിലാക്കാനുള്ള നടപടികൾ തുടരുകയാണ്.
കുവൈത്തിലെ സിവിൽ വ്യോമഗതാഗതത്തിന്‍റെ സുരക്ഷയും സംരക്ഷണവും ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും തുടർന്നും സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. സുരക്ഷാ ചുമതലയിലുള്ള സ്ഥലത്ത് ഒരു ഡ്രോൺ വിജയകരമായി വെടിവച്ച് വീഴ്ത്തിയതായി കുവൈത്ത് നാഷണൽ ഗാർഡ് ശനിയാഴ്ച അറിയിച്ചു. പ്രധാന കേന്ദ്രങ്ങളുടെ സുരക്ഷ ശക്തിപ്പെടുത്തുകയും ഭീഷണികളെ നേരിടുകയും ചെയ്യുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് ഈ നടപടി സ്വീകരിച്ചതെന്ന് അധികൃതർ വ്യക്തമാക്കി.
പൗരന്മാരും താമസക്കാരും സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് നാഷണൽ ഗാർഡ് അഭ്യർത്ഥിച്ചു. കൂടാതെ, യൂണിറ്റുകൾ ഉയർന്ന ജാഗ്രതയോടെയും പൂർണ സജ്ജതയോടെയും പ്രവർത്തിക്കുന്നതായും, കുവൈത്ത് സായുധ സേന, കുവൈത്ത് പൊലീസ്, കുവൈത്ത് ഫയർ ഫോഴ്‌സ് എന്നിവരുമായി ഏകോപിപ്പിച്ച് പ്രവർത്തിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി. രാജ്യത്തിന്‍റെ സുരക്ഷയും സ്ഥിരതയും ദേശീയ താൽപര്യങ്ങളും സംരക്ഷിക്കാൻ സുരക്ഷാ ഏജൻസികൾ ശക്തമായ നടപടികൾ തുടരുമെന്നും അധികൃതർ അറിയിച്ചു.”

