സി പി എം ലെ ഗോവിന്ദ രസം ; വീണ്ടും പടിയിറക്കം: പടിയടച്ച് പിണ്ഡം വെച്ച പാര്‍ട്ടിയിലേക്ക് ഇനിയില്ല, ഗോവിന്ദന്‍റെ വാക്കും പുച്ഛിച്ചുള്ള ചിരിയും വേദനയുണ്ടാക്കി’ – എ സുരേഷ്
പാലക്കാട്: കോൺഗ്രസിൽനിന്ന് ഇന്നുതന്നെ അംഗത്വം സ്വീകരിക്കുമെന്ന് അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ പേഴ്സണൽ അസിസ്റ്റന്റ് ആയിരുന്ന എ സുരേഷ്. യുഡിഎഫ് വാഗ്ദാനം ചെയ്ത മലമ്പുഴ മണ്ഡലത്തിൽ ഇന്ന് തന്നെ പ്രചാരണം തുടങ്ങുമെന്നും എ സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു.
പല തവണ അപ്പീൽ നൽകിയിട്ടും എന്തുകൊണ്ട് പാർട്ടിയിലേക്ക് തന്നെ തിരിച്ചെടുത്തില്ലെന്ന് ചോദിച്ച മാധ്യമങ്ങളോട് നൂറ് തവണ അപ്പീൽ കൊടുത്താലും തന്നെ തിരിച്ചെടുക്കില്ലെന്നാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞത്. അദ്ദേഹത്തിന്റെ ആ വാക്കും പുച്ഛിച്ചുള്ള ചിരിയും വൈകാരികമായ ഹൃദയവേദനയുണ്ടാക്കി. തന്നെ പടിയടച്ച് പിണ്ഡം വെച്ച സിപിഐഎമ്മിനോട് ഇനി അനുഭാവം പ്രകടിപ്പിക്കണോ എന്ന് പല തവണ ചിന്തിച്ചു. പിന്നാലെയാണ് യുഡിഎഫിന്റെ സ്ഥാനാർത്ഥിത്വം സ്വീകരിക്കാൻ തീരുമാനിച്ചതെന്ന് എ സുരേഷ് പറഞ്ഞു.
കോൺഗ്രസിൽ ചേരുക എന്നത് താൻ സ്വയം എടുത്ത തീരുമാനമാണ്. ആരും പറഞ്ഞതിന് പിന്നാലെ എടുത്ത തീരുമാനമല്ല. കമ്മ്യൂണിസ്റ്റ് പാർട്ടി എന്നത് വെറും പേരിൽ മാത്രമായി ഒതുങ്ങിയിരിക്കുകയാണ്. കേരളത്തിലെ സിപിഐഎം എന്നത് പാർട്ടിയെ സ്‌നേഹിക്കുന്നവരെന്നും ഭരണത്തെ സ്‌നേഹിക്കുന്നവരെന്നും രണ്ട് വിഭാഗമായി മാറി. ഭരണത്തെ സ്‌നേഹിക്കുന്നവർ ന്യൂനപക്ഷമാണെങ്കിലും അവരാണ് പാർട്ടിയെ നിയന്ത്രിക്കുന്നത്. ഇടതുപക്ഷ മൂല്യവും കമ്യൂണിസ്റ്റ് മൂല്യവും ഇല്ലാതായിക്കൊണ്ടിരിക്കുന്ന അവസ്ഥയിൽ രാജ്യത്തെ ഏറ്റവും വലിയ മതേതരകക്ഷിയായ കോൺഗ്രസിനൊപ്പം ചേരാൻ താൻ തീരുമാനിക്കുകയായിരുന്നുവെന്നും എ സുരേഷ് പറഞ്ഞു.
“കൈപ്പത്തി ചിഹ്നത്തിലാണ് മത്സരിക്കുന്നതെങ്കിൽ അതാണ് നല്ലതെന്ന് താഴെത്തട്ടിലുള്ള കോൺഗ്രസ് പ്രവർത്തകർ തന്നോട് പറഞ്ഞിരുന്നു. കോൺഗ്രസുമായി ചേരുന്നതിൽ എന്താണ് കുഴപ്പം. വർഗീയതക്കെതിരെ പോരാടുന്ന പാർട്ടിയാണ് കോൺഗ്രസെന്നും എ സുരേഷ് പറഞ്ഞു.
വി എസ് അച്യുതാനന്ദൻ എടുത്തതെല്ലാം മൂല്യാധിഷ്ഠിത രാഷ്ട്രീയ നിലപാടുകളാണ്. അത് ഇപ്പോൾ കമ്മ്യൂണിസ്റ്റ് പാർട്ടിയിലും ഇടതുപക്ഷത്തും ഉണ്ടോ എന്ന് പരിശോധിച്ചാൽ മതി. രണ്ടാം എൽഡിഎഫ് സർക്കാർ ഇടതുപക്ഷ വിരുദ്ധ നിലപാടുകളാണ് സ്വീകരിച്ചതെന്നും എ സുരേഷ് പറഞ്ഞു. 2013ൽ പാർട്ടിയുമായി ബന്ധപ്പെട്ട വാർത്തകൾ മാധ്യമങ്ങൾക്ക് ചോർത്തി നൽകി എന്ന കുറ്റം ചുമത്തിയാണ് സുരേഷിനെ സിപിഐഎം പുറത്താക്കിയത്.

