യു.ഡി. എഫ് സീറ്റ് വിഭജനം പൂർത്തിയായി. ബാക്കിയുള്ള കോൺഗ്രസ് സ്ഥാനാർഥികളെ ഇന്ന് പ്രഖ്യാപിക്കും. ബേപ്പൂരിൽ അൻവർ

’ന്യൂഡെൽഹി:നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള യുഡിഎഫ് സീറ്റ് വിഭജനം പൂര്‍ത്തിയായെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. 95 സീറ്റുകളില്‍ കോണ്‍ഗ്രസും 27 മണ്ഡലങ്ങളില്‍ ലീഗും സ്ഥാനാര്‍ഥികളെ നിര്‍ത്തും. എട്ട് മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് ജോസഫ് വിഭാഗവും മത്സരിക്കും.
കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം മത്സരിച്ചിരുന്ന ഇടുക്കി, ഏറ്റുമാനൂര്‍ സീറ്റുകള്‍ ഇത്തവണ കോണ്‍ഗ്രസിന് വിട്ടുതന്നിട്ടുണ്ടെന്നും തൃക്കരിപ്പൂര്‍ സീറ്റിന് പകരം കോണ്‍ഗ്രസിന്റെ കാഞ്ഞങ്ങാട് സീറ്റ് വിട്ടുനല്‍കിയതായും പ്രതിപക്ഷ നേതാവ് പറഞ്ഞു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അഞ്ച് സീറ്റുകളില്‍ മത്സരിച്ച ആര്‍എസ്പിയുടെ മുഴുവന്‍ സീറ്റുകളും ഇത്തവണയും നിലനിര്‍ത്തിയിട്ടുണ്ട്. കഴിഞ്ഞ തവണ മത്സരിച്ച മട്ടന്നൂര്‍ സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കുകയും പകരം പയ്യന്നൂര്‍ വെച്ചുമാറുമെന്ന ധാരണയിലേക്ക് എത്തിയിരുന്നെങ്കിലും പി.കുഞ്ഞികൃഷ്ണന്‍ സ്വതന്ത്രനായി മത്സരിക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ ആര്‍എസ്പിയും കോണ്‍ഗ്രസും അദ്ദേഹത്തിന് പിന്തുണ നല്‍കാന്‍ തീരുമാനിച്ചെന്നും സതീശന്‍ പറഞ്ഞു.
കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗത്തിലെ അനൂപ് ജേക്കബിന് പിറവവും സിഎംപിക്ക് തിരുവനന്തപുരവും മാണി സി.കാപ്പന്‍ മത്സരിച്ച കെഡിപിക്ക് പാലായും വിട്ടുനല്‍കും. യുഡിഎഫ് സ്ഥാനാര്‍ഥിയായി തൃണമൂല്‍ കോണ്‍ഗ്രസിന്റെ പി.വി അന്‍വര്‍ ബേപ്പൂരില്‍ മത്സരിക്കും. കോണ്‍ഗ്രസ് മത്സരിക്കുന്ന മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ ഇന്ന് തീരുമാനിക്കുമെന്നും സതീശന്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *