സിം കാർഡ് ചതിച്ചു; മയക്കുമരുന്ന് കേസിൽ കുടുങ്ങിയ മലയാളി യുവാവ് നിയമപോരാട്ടത്തിനൊടുവിൽ മോചിതനായി

റിയാദ്: തന്റെ പേരിലുള്ള സിം കാർഡ് അജ്ഞാതർ ദുരുപയോഗം ചെയ്തതിനെ തുടർന്ന് സൗദി അറേബ്യയിൽ ജയിലിലായിരുന്ന കോഴിക്കോട് കൊടുവള്ളി സ്വദേശി വിനീഷ് ഒടുവിൽ മോചിതനായി. നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് നിരപരാധിത്വം തെളിയിച്ച് വിനീഷ് ജയിൽ മോചിതനായത്. വിനീഷിന്റെ പേരിൽ മറ്റാരോ എടുത്ത സിം കാർഡ് ഉപയോഗിച്ച് മയക്കുമരുന്ന് ഇടപാടുകൾ നടത്തിയതാണ് ഇദ്ദേഹത്തെ കുടുക്കിയത്.

2024 ജനുവരിയിൽ ഡ്രൈവിംഗ് ലൈസൻസ് പുതുക്കാൻ അപേക്ഷിച്ചപ്പോഴാണ് താൻ ഒരു വലിയ ക്രിമിനൽ കേസിൽ പ്രതിയാണെന്ന ഞെട്ടിക്കുന്ന വിവരം വിനീഷ് അറിയുന്നത്. ലൈസൻസ് നടപടികൾ വൈകിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ, വിനീഷിന്റെ പേരിൽ റിയാദിൽ മയക്കുമരുന്ന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് കണ്ടെത്തുകയായിരുന്നു.

സിം കാർഡ് കമ്പനി പ്രതിനിധിയോടൊപ്പം ബന്ധപ്പെട്ട ഓഫീസുകളിൽ ഹാജരായ വിനീഷിനെ വൈകാതെ നാർക്കോട്ടിക് വിഭാഗം അറസ്​റ്റ്​ ചെയ്തു. വിനീഷിന്‍റെ പേരിൽ രജിസ്​റ്റർ ചെയ്ത സിം കാർഡ് വഴി വലിയ അളവിൽ കൊക്കെയ്ൻ കടത്തിയെന്നതായിരുന്നു കേസ്. ഈ കുറ്റത്തിന് വധശിക്ഷയാണ് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടിരുന്നത്.

പബ്ലിക് പ്രോസിക്യൂഷൻ ചോദ്യം ചെയ്തപ്പോൾ, കഴിഞ്ഞ രണ്ട് വർഷമായി താൻ റിയാദിൽ പോയിട്ടില്ലെന്നും ഇങ്ങനെയൊരു സിം കാർഡ് എടുത്തിട്ടില്ലെന്നും വിനീഷ് വ്യക്തമാക്കിയെങ്കിലും വിരലടയാളം സഹിതം രജിസ്​റ്റർ ചെയ്ത സിം ആയതിനാൽ അധികൃതർ അത് വിശ്വസിച്ചില്ല. തുടർന്ന് വിനീഷിനെ 15 ദിവസം ഡിറ്റൻഷൻ സെൻററിലും പിന്നീട് റിയാദ് ജയിലിലും പാർപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *