സംഘ്പരി വാറിന്റെ രാഷ്ട്രീയ കുതന്ത്രം പരാജയ പ്പെടുത്താൻ ഇടതു ഭരണത്തുടർ ച്ചക്കെതിരെ കേരളം വിധിയെഴുതണം – വെൽഫെയർ പാർട്ടി

തിരുവനന്തപുരം:രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ വംശീയ – വിദ്വേഷ രാഷ്ട്രീയത്തിന് നേതൃത്വം നൽകി വരുന്ന ആർഎസ്എസിൻ്റെ രാഷ്ട്രീയ താൽപര്യങ്ങൾ കേരളത്തിൽ ശക്തി പ്രാപിക്കുകയും സമൂഹത്തെ ശിഥിലീകരിക്കുന്നതിനും വിദ്വേഷ പ്രചാരണത്തിലൂടെ സാമൂഹിക ധ്രുവീകരണം സൃഷ്ടിക്കുന്നതിനുമുള്ള അന്തരീക്ഷം 10 വർഷത്തെ ഇടതു ഭരണത്തിൽ രൂപപ്പെടുകയും ചെയ്ത സാഹചര്യത്തിൽ ഇടതുപക്ഷത്തെ വീണ്ടും അധികാരത്തിൽ നിലനിർത്തി തങ്ങൾക്ക് അനുകൂലമായ സാമൂഹികാന്തരീക്ഷം കേരളത്തിൽ വളർത്തിയെടുക്കാനുള്ള സംഘ്പരിവാർ പദ്ധതി പരാജയപ്പെടുത്തുന്നതിന് നിയമസഭാ തെരഞ്ഞെടുപ്പിനെ കേരളീയ ജനത ഉപയോഗിക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി ആവശ്യപ്പെട്ടു . തിരുവനന്തപുരത്ത് പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം
രാജ്യം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളി സംഘ്പരിവാറും അതിൻ്റെ അധികാരപ്രയോഗവുമാണ്. അധികാരം ലഭിച്ചിടങ്ങളിലെല്ലാം ഭരണഘടനാ സംവിധാനങ്ങളെ തങ്ങളുടെ ചൊൽപ്പടിയിൽ കൊണ്ടുവന്നും പുതിയ നിയമ നിർമ്മാണങ്ങളിലൂടെയും നിയമ ഭേദഗതികളിലൂടെയും വംശീയ താൽപര്യങ്ങൾ നടപ്പിലാക്കിയും മുസ്‌ലിം – ക്രിസ്ത്യൻ – ന്യൂനപക്ഷ – ദലിത് – ആദിവാസി – പിന്നാക്ക ജനവിഭാഗങ്ങൾക്ക് പൗരന്മാർ എന്ന നിലക്കുള്ള അവകാശങ്ങൾ തന്നെ നിഷേധിച്ചും സമാനതകളില്ലാത്ത ദുരിത ജീവിതമാണ് സംഘ്പരിവാറിന്റെ രാഷ്ട്രീയ അധികാരം ഇന്ത്യയിൽ എല്ലായിടത്തും സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്.
ഇത്തരം സാഹചര്യത്തിൽ സംഘ്പരിവാറിനെ രാഷ്ട്രീയ അധികാരത്തിൽ നിന്ന് പുറത്താക്കലും അവരുടെ അധികാര പ്രവേശനത്തെ പരമാവധി തടയലും സാമൂഹ്യനീതിയെ മുൻനിർത്തി പ്രവർത്തിക്കുന്ന ഒരു രാഷ്ട്രീയപ്രസ്ഥാനത്തിൻ്റെ ഇന്ത്യയിലെ അടിയന്തര രാഷ്ട്രീയ കടമയാണ്.
അധികാരം ഉപയോഗിച്ച് പിന്നാക്ക – ന്യൂനപക്ഷ – ദലിത് – ആദിവാസി ജനവിഭാഗങ്ങളെ അവകാശങ്ങൾ ഇല്ലാത്ത ജനങ്ങളാക്കി മാറ്റുന്ന സംഘ്പരിവാർ രീതി രാജ്യത്തെ ഭൂരിഭാഗം സ്ഥലങ്ങളിലും സാധാരണമായപ്പോഴും കേരളത്തിൽ അത് സാധ്യകാതെ പോയത് സംഘ്പരിവാറിന് ഇവിടെ രാഷ്ട്രീയ അധികാരം ഇല്ലാത്തതുകൊണ്ടാണ്.
ഈ പ്രതിരോധം ആകാവുന്നത്ര ശക്തിപ്പെടുത്തേണ്ടത് കേരളത്തിൻ്റെ മതനിരപേക്ഷ ഭാവിയുമായി ബന്ധപ്പെട്ട സുപ്രധാന രാഷ്ട്രീയ ഉത്തരവാദിത്തമായാണ് വെൽഫെയർ പാർട്ടി കാണുന്നത്.
അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിൻ്റെ സാമൂഹികഘടനയും രണ്ട് മതനിരപേക്ഷ മുന്നണികളുടെ സാന്നിധ്യവുമാണ് കേരളത്തിൽ സംഘ്പരിവാറിന്റെ രാഷ്ട്രീയ സ്വാധീനത്തെ തടയുന്ന സുപ്രധാനമായ രണ്ടു പ്രതിരോധങ്ങൾ. ഈ രണ്ടു പ്രത്യേകതകളെയും തകർക്കുവാനുള്ള പരിശ്രമങ്ങളാണ് കഴിഞ്ഞ 10 വർഷമായി കേരളത്തിൽ സംഘ്പരിവാർ നടത്തിക്കൊണ്ടിരിക്കുന്നത്.

ബി ജെ പിക്കെതിരെ കേരളത്തിൽ ഉണ്ടാകാൻ സാധ്യതയുള്ള ഏറ്റവും ശക്തമായ പ്രതിരോധം ന്യൂനപക്ഷ വിഭാഗങ്ങളുടെ ഐക്യമാണ്. ഈ ഐക്യം തകർക്കാനാണ് ഏറെക്കാലമായി സംഘ്പരിവാർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. മുസ്‌ലിം – ക്രൈസ്തവ സൗഹൃദവും യോജിപ്പും തകർക്കാൻ പ്രത്യേകമായ ശ്രമം നടത്തുന്നു. ഹിന്ദു സമൂഹത്തിൽ മുസ്‌ലിംഭീതി സൃഷ്ടിച്ച് അത്തരം ജനവിഭാഗങ്ങളെ തങ്ങൾക്ക് അനുകൂലമാക്കാനും ശ്രമിക്കുന്നു.
ഇതിനായി അവർ ലവ് ജിഹാദ്, നാർക്കോട്ടിക് ജിഹാദ്, വഖ്ഫ് നിയമത്തെ കുറിച്ചുള്ള ഭീതി തുടങ്ങിയവയും സൃഷ്ടിച്ചു. കേരളത്തിലെ ഹിന്ദു സമൂഹവും മുസ്‌ലിം സമൂഹവും തമ്മിൽ നിലനിൽക്കുന്ന ഇഴയടുപ്പം തകർക്കുന്നതിന് വെള്ളാപ്പള്ളി നടേശനെ പോലെയുള്ള സംഘ്പരിവാർ അനുകൂലികളെ നിയോഗിക്കുകയും ചെയ്തു. ഈ നിലക്ക് സംഘ്പരിവാർ നടത്തിയ എല്ലാത്തരം പ്രവർത്തനങ്ങൾക്കും കേരളത്തിലെ ഇടതുസർക്കാരിൽ നിന്ന് പ്രോത്സാഹജനകമായ സമീപനമാണ് ഉണ്ടായത് എന്ന കാര്യം കേരളം നേരിൽ കണ്ടതാണ്.
പ്രബലമായ രണ്ട് മതനിരപേക്ഷ ചേരി എന്ന പ്രതിരോധം തകർത്ത് രണ്ടിൽ ഒരു കക്ഷി എന്ന പൊസിഷനിലേക്ക് പ്രവേശിക്കുകയും ഭാവിയിൽ ഏറ്റവും വലിയ കക്ഷിയായി മാറുകയും ചെയ്യുക എന്ന ദീർഘകാല പദ്ധതിയാണ് ബി ജെ പി തയ്യാറാക്കിയിരിക്കുന്നത് .
2016 ൽ അധികാരത്തിൽ എത്തിയ ഇടതുഭരണത്തിൽ തങ്ങളുടെ താൽപര്യങ്ങൾ നടപ്പിലാക്കാൻ അവസരം ലഭ്യമായതോടെ യു ഡി എഫിനെ ഇല്ലാതാക്കി ആ സ്ഥാനത്തേക്ക് പടിപടിയായി കടന്നു വരിക എന്ന തന്ത്രമാണ് സംഘ്പരിവാർ സ്വീകരിച്ചത്. ഇടതുപക്ഷത്തിന് അധികാരത്തുടർച്ച നൽകി യു ഡി എഫിനെ ഇല്ലാതാക്കാനും ഭരണത്തുടർച്ച ലഭിച്ച മറ്റ് സംസ്ഥാനങ്ങളിൽ സംഭവിച്ചത് പോലെ ഇടതുപക്ഷത്തിന് ഉണ്ടാകാൻ പോകുന്ന തകർച്ചയെ ഉപയോഗപ്പെടുത്തി കേരളത്തിലെ പ്രധാന രാഷ്ട്രീയ ചേരിയായി മാറാനുമുള്ള ദീർഘകാല പദ്ധതിയാണ് സംഘപരിവാർ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ഈ പദ്ധതിയുടെ താൽക്കാലിക ഗുണഭോക്താവായി മാറാനാണ് കേരളത്തിലെ ഇടതുപക്ഷം ഇപ്പോൾ ശ്രമിക്കുന്നത്.
സംഘ്പരിവാറിന്റെ ഈ കുതന്ത്രം ഒരു കാരണവശാലും വിജയിക്കാൻ പാടില്ല. ഇത് പരാജയപ്പെടുത്താൻ സംഘ്പരിവാർ ആഗ്രഹിക്കുന്ന ഇടതുഭരണത്തുടർച്ചയ്ക്ക് തടയിടേണ്ടതുണ്ട്. ഈ രാഷ്ട്രീയ ബോധ്യത്തോടെ കേരളം നിയമസഭാ തിരഞ്ഞെടുപ്പിനെ സമീപിക്കണമെന്നാണ് വെൽഫെയർ പാർട്ടി ആഹ്വാനം ചെയ്യുന്നത് .
അധികാരത്തുടർച്ചക്ക് വേണ്ടി സംഘ്പരിവാർ നടത്തിയ നുണപ്രചരണങ്ങളെ തടയാതെ മൗനം പാലിക്കുകയും വിദ്വേഷ പ്രചാരകരെ ചേർത്തുനിർത്തുകയും മുസ്‌ലിം ഭീതി വളർത്താൻ ആവശ്യമായ സഹായങ്ങൾ ചെയ്തു കൊടുക്കുകയുമാണ് മുഖ്യമന്ത്രിയടക്കമുള്ള ഇടത് നേതാക്കൾ ചെയ്തത്. ഈ സമീപനം കേരളത്തിൻ്റെ സാമൂഹികഘടനയിൽ ഗുരുതരമായ ആഘാതം സൃഷ്ടിക്കുകയും സംഘ്പരിവാറിന് അനുകൂലമായ അന്തരീക്ഷം രൂപപ്പെടുന്നതിന് വഴി തുറക്കുകയും ചെയ്തു.
അധികാരത്തിലേറിയത് മുതലുള്ള പിണറായി സർക്കാറിൻ്റെ പോലീസ് നയത്തിന്റെ ഗുണഭോക്താവ് സംഘ്പരിവാർ മാത്രമായിരുന്നു.
എന്ന് റസാഖ് പാലേരി പറഞ്ഞു. സംഘ്പരിവാർ അനുകൂല നിലപാട് സ്വീകരിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് എല്ലാവിധത്തിലുള്ള സംരക്ഷണവും സർക്കാർ ഉറപ്പുവരുത്തി. ഘടകകക്ഷി നേതാക്കളുടെ എതിർപ്പിനെ പോലും മറികടന്നാണ് ഇത്തരക്കാരെ സർക്കാർ സംരക്ഷിച്ചത്.
രാഷ്ട്രീയ അധികാരം ഇല്ലാത്ത സംസ്ഥാനങ്ങളിൽ പോലീസ് സംവിധാനത്തെ ഉപയോഗപ്പെടുത്തി തങ്ങൾക്ക് അനുകൂലമായ അന്തരീക്ഷം നിർമ്മിക്കാനുള്ള സംഘ്പരിവാർ ശ്രമം പിണറായി സർക്കാരിൻ്റെ കാലത്തു വിജയം കണ്ടു. ഇതൊന്നും യാദൃശ്ചികമല്ല. ഭരണത്തുടർച്ചക്ക് വേണ്ടി തയ്യാറാക്കിയ സോഷ്യൽ എൻജിനീയറിങ് പദ്ധതിക്കനുസരിച്ച് വരുത്തിയ മാറ്റവും രാഷ്ട്രീയ നേതൃത്വങ്ങളുടെ വ്യക്തിപരമായ താല്‍പര്യങ്ങളുമാണ് ഇതിന് പിന്നിൽ
സംഘ്പരിവാറിൻ്റെ വിദ്വേഷ – വംശീയ രാഷ്ട്രീയത്തിൽ ആകൃഷ്ടരാകുന്ന തങ്ങളുടെ അണികളെ പിടിച്ചു നിർത്താൻ സംഘ്പരിവാറിന്റെ അതേ ഭാഷയിലും ശൈലിയിലും പ്രവർത്തിക്കുന്ന രീതിയാണ് കഴിഞ്ഞ കുറെ നാളുകളായി കേരളത്തിലെ ഇടതുപക്ഷം സ്വീകരിച്ചു വരുന്നത്. ഇതിലൂടെ സംഘ്പരിവാറിന്റെയും ഇടതുപക്ഷത്തിന്റെയും രാഷ്ട്രീയ പ്രചാരണങ്ങൾ സമാനമായി മാറിയിരിക്കുന്നു. ഇടതുപക്ഷം രൂപപ്പെടുത്തിയ വിദ്വേഷ പദ്ധതികളാണ് ഇപ്പോൾ കേരളത്തിൽ സംഘപരിവാർ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടി ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുന്നത്.

ഈ സാഹചര്യത്തിൽ, ഒരിക്കൽക്കൂടി ഇടതുപക്ഷത്തിന് അധികാരം ലഭിച്ചാൽ സംഘ്പരിവാറിന് കേരളത്തിൻറെ സാമൂഹിക മണ്ഡലം തങ്ങൾക്ക് ഇഷ്ടമുള്ളതുപോലെ ഉപയോഗിക്കാനുള്ള അവസരമാകും തുറന്നു കിട്ടുക. ആ നിലക്കു ഇടതു ഭരണത്തിന്റെ തുടർച്ച സംഘ്പരിവാറിന്റെ ആഗ്രഹമാണ്. രാജ്യം മുഴുവൻ സംഘ്പരിവാറിന് വിധേയപ്പെട്ടപ്പോഴും ചെറുത്തുനിന്ന കേരളത്തിൻ്റെ പ്രതിരോധത്തെ തന്ത്രപരമായി ഇല്ലാതാക്കാൻ ഇടതുപക്ഷത്തെ ഉപയോഗപ്പെടുത്തുന്ന സംഘ്പരിവാർ പദ്ധതി ഒരു കാരണവശാലും കേരളത്തിൽ വിജയിക്കാൻ പാടില്ല. ഇടതുപക്ഷ ഭരണത്തുടർച്ച എന്ന സംഘ്പരിവാർ പദ്ധതി പരാജയപ്പെടുത്തുന്നതിന് കേരളത്തിലെ ജനങ്ങൾ ഒറ്റക്കെട്ടായി അണിനിരക്കേണ്ടതുണ്ട്. റസാഖ് പാലേരി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *