വന്ദേഭാരതിൽ തൈരിൽ പുഴു, 60 ലക്ഷം പിഴയിട്ട് റെയിൽവേ.
ന്യൂഡൽഹി :വന്ദേഭാരത് എക്സ്‌പ്രസിൽ പുഴുവരിച്ച തൈര് വിളമ്പിയ ഐ.ആർ.സി.ടി.സിക്ക പത്തുലക്ഷവും ഭക്ഷണമെത്തിച്ച കരാർക്കമ്പനിക്ക് 50 ലക്ഷം രൂപയും പിഴയിട്ട് റെയിൽവേ. 15ന് ബീഹാർ തലസ്ഥാനമായ പാട്‌നയിൽ നിന്ന് ജാംഷഡ്‌പൂരിലെ ടാറ്റാ നഗറിലേക്ക് പോയ ട്രെയിനിലാണ് സംഭവം. കരാറുകാരനെ പുറത്താക്കിയെന്നും റെയിൽവേ അറിയിച്ചു.
സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായതിനെ തുടർന്നാണ് റെയിൽവേ നടപടി. 21896-ാം നമ്പർ പാട്‌ന- ടാറ്റാനഗർ വന്ദേഭാരത് എക്‌സ്‌പ്രസിൽ അത്താഴത്തിനൊപ്പം വിളമ്പിയ തൈരിലാണ് പുഴുവിനെ കണ്ടത്. യാത്രക്കാരൻ ജീവനക്കാരോട് പരാതിപ്പെടുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. തൈരിലെ പുഴുവിനെ കാണിച്ചപ്പോൾ കുങ്കുമപ്പൂവാണെന്നായിരുന്നു ജീവനക്കാരുടെ മറുപടി. തുടർന്ന് യാത്രക്കാർ പ്രതിഷേധിച്ചപ്പോൾ പുറത്തുനിന്ന് പായ്‌ക്കു ചെയ്‌തുവന്ന ഭക്ഷണമാണെന്ന് പറഞ്ഞൊഴിയാൻ ശ്രമിച്ചു. തൈരിന്റെ മൂടിപൊട്ടി പുഴു മറ്റ് ഭക്ഷണ പദാർത്ഥങ്ങളിലും വീണിരുന്നു. പരിശോധനയിൽ തൈരിന്റെ കാലാവധി കഴിഞ്ഞെന്ന് വ്യക്തമായി. ഇതിന്റെ ദൃശ്യങ്ങൾ യാത്രക്കാർ മൊബൈൽ ഫോണിൽ പകർത്തി, സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്‌തതോടെയാണ് റെയിൽവേ ഇടപെട്ടത്.
വന്ദേഭാരത് ട്രെയിനിൽ വൻതുക വാങ്ങി വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരം സംബന്ധിച്ച് പരാതികൾ ഉയരുന്നുണ്ട്. കേരളത്തിലോടുന്ന വന്ദേഭാരത് ട്രെയിനിലെ ഭക്ഷണത്തിന്റെ ഗുണനിലവാരവും ചോദ്യം ചെയ്യപ്പെട്ടിരുന്നു. യാത്രക്കാരുടെ സുരക്ഷയും ട്രെയിനിൽ നൽകുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരവും പ്രധാനമാണെന്ന് റെയിൽവേ വ്യക്തമാക്കി.

