ഇംഗ്ലീഷ് വമ്പന്മാരെ ഇഞ്ചുറിയിൽ തീർത്ത് സൗദി ക്ലബ്; ഫിഫ ക്ലബ് വേൾഡ് കപ്പിൽ മാഞ്ചസ്റ്റർ സിറ്റിയെ തോല്പിച്ച് അൽ ഹിലാൽ ക്വാർട്ടർ ഫൈനലിലേക്ക്
ഫ്ളോറിഡ: (www.10visionnews.com) ഫിഫ ക്ലബ്ബ് ലോകകപ്പിൽ വമ്പൻ അട്ടിമറി. ഇംഗ്ലീഷ് വമ്പൻമാരായ മാഞ്ചെസ്റ്റർ സിറ്റിയെ കീഴടക്കി സൗദി ക്ലബ്ബ് അൽ ഹിലാൽ ക്വാർട്ടറിൽ കടന്നു. 120 മിനിറ്റ് നീണ്ടുനിന്ന പോരാട്ടത്തിൽ മൂന്നിനെതിരേ നാലു ഗോളുകൾക്കായിരുന്നു അൽ ഹിലാലിന്റെ ജയം. ഈ സീസണിൽ തൊട്ടതെല്ലാം പിഴച്ച പെപ് ഗ്വാർഡിയോളയ്ക്കും സംഘത്തിനും ക്ലബ്ബ് ലോകകപ്പും നിരാശയുടേതായി.
പെപ്പിന്റെ കീഴിൽ ഒരു ടീം ക്ലബ്ബ് ലോകകപ്പിൽ തോൽക്കുന്നതും ഇതാദ്യം. മത്സരത്തിൽ 69 ശതമാനം സമയവും പന്ത് കൈവശം വെച്ചിട്ടും സിറ്റിക്ക് സൗദി ക്ലബ്ബിനെതിരേ സമനില ഗോൾ കണ്ടെത്താനായില്ല. ബെർണാർഡോ സിൽ, എർലിങ് ഹാളണ്ട്, ഫിൽ ഫോഡൻ എന്നിവർ സിറ്റിക്കായി സ്കോർ ചെയ്‌തപ്പോൾ അൽ ഹിലാലിനായി മാർക്കോസ് ലിയോനാർഡോ ഇരട്ട ഗോളുകളും മാൽക്കമും കലിദൗ കൗലിബലിയും ഓരോ ഗോൾവീതവും നേടി.
ഒമ്പതാം മിനിറ്റിൽ തന്നെ ബെർണാർഡോ സിൽവയിലൂടെ സിറ്റിയാണ് ആദ്യം സ്കോർ ചെയ്‌തത്. ഇൽകായ് ഗുണ്ടോഗൻ നൽകിയ പന്തിൽ നിന്നായിരുന്നു ഗോൾ. ആദ്യ പകുതി സിറ്റിയുടെ ഒരു ഗോൾ ലീഡിൽ അവസാനിച്ചെങ്കിലും രണ്ടാം പകുതിയിൽ കളിയുടെ ചിത്രം തന്നെ മാറി. 46-ാം മിനിറ്റിൽ ലിയോനാർഡോ അൽ ഹിലാലിനെ ഒപ്പമെത്തിച്ചു.
പിന്നാലെ 52-ാം മിനിറ്റിൽ ജാവോ കാൻസെലോ നൽകിയ പന്ത് വലയിലെത്തിച്ച് മാൽക്കം ഹിലാലിന് ലീഡ് സമ്മാനിച്ചതോടെ സിറ്റി ഞെട്ടി. ഇതോടെ പെപ്പ് ഗുണ്ടോഗനെ പിൻവലിച്ച് പരിക്കുമാറിയെത്തിയ റോഡ്രിയെ കളത്തിലിറക്കി. മാത്തിയുസ് ന്യൂനെസിന് പകരം നഥാൻ അകെയും ജോസ്കോ ഗ്വാർഡിയോളിനു പകരം മാനുവൽ അകാൻജിയും കളത്തിലിറങ്ങി.
പിന്നാലെ 55-ാം മിനിറ്റിൽ എർലിങ് ഹാളണ്ടിലൂടെ സിറ്റി സമനില പിടിച്ചു. പിന്നാലെ അൽഹിലാൽ നാലു മാറ്റങ്ങൾ വരുത്തി. നിശ്ചിത സമയത്ത് ഇരു ടീമും രണ്ടു ഗോളുകൾ വീതം നേടി സമനില പാലിച്ചതോടെ മത്സരം അധിക സമയത്തേക്ക് നീണ്ടു. 94-ാം മിനിറ്റിൽ സിറ്റിയെ ഞെട്ടിച്ച് കൗലിബലി സ്കോർ ചെയ്‌തു. എന്നാൽ 104-ാം മിനിറ്റിൽ ചെർക്കിയുടെ പാസിൽ നിന്ന് ഫിൽ ഫോഡൻ സ്കോർ ചെയതോടെ സിറ്റി ആശ്വസിച്ചു.
എന്നാൽ 112-ാം മിനിറ്റിൽ മത്സരത്തിൻ്റെ ഫലം നിർണയിച്ച ഗോളെത്തി. മിലിൻകോവിച്ച് സാവിച്ച് ഹെഡ് ചെയ്‌ത പന്ത് സിറ്റി ഗോൾകീപ്പർ എഡേഴ്സൺ തട്ടിയകറ്റിയതി നേരേ ലിയോനാർഡോയുടെ കാലിൽ. കിടന്നുകൊണ്ട് പന്ത് വലയിലേക്ക് തട്ടിയിട്ട താരം അൽ ഹിലാലിന് അവിശ്വസനീയ ജയം സമ്മാനിച്ചു. സിറ്റി താരങ്ങളുടെ മുന്നേറ്റങ്ങൾ ശക്തമായി പ്രതിരോധിച്ച അൽ ഹിലാൽ ഗോൾകീപ്പർ യാസിൻ ബോനുവിന്റെ പ്രകടനവും നിർണായകമായി.

