സിപിഎം പ്രവർത്തകർ ഇ.ഡി ഉദ്യോഗസ്ഥരുടെ വാഹനം ആക്രമിച്ചു.
തിരുവനന്തപുരം:പിണറായി വിജയന്റെ ബേക്കറി ജംക്ഷനിലെ വീട്ടില്‍ റെയ്ഡ് പൂർത്തിയായതിനു പിന്നാലെ സംഘർഷം. സിപിഎം പ്രവർത്തകർ ഇ.ഡി ഉദ്യോഗസ്ഥരുടെ വാഹനം ആക്രമിച്ച. സുരക്ഷ ഭേദിച്ച് വീടിനുള്ളിലേക്കു തള്ളിക്കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ അനുനയിപ്പിക്കാൻ നേതാക്കള്‍ ശ്രമിച്ചു. വീടിനു പുറത്ത് നിന്ന പൊലീസുകാരുടെ ഹെല്‍മറ്റ് വലിച്ചെടുത്ത് ഉള്ളില്‍നിന്ന സിആര്‍പിഎഫ് ജവാന്മാര്‍ക്കു നേരെ എറിഞ്ഞു. പ്രവര്‍ത്തകര്‍ കുപ്പി എറിയുകയും ചെയ്തു. സ്വന്തം പാർട്ടിക്കാരല്ലാത്തവർക്കു നേരെ ഇഡിയുടെ പരിശോധന നടന്നോട്ടെ എന്ന നിലപാടാണ് കോൺഗ്രസ് സ്വീകരിക്കുന്നതെന്ന് പിണറായി വിജയൻ പ്രതികരിച്ചു. ‘റെയ്ഡ് നടത്തി തളർത്തിക്കളയാമെന്ന് കരുതണ്ട. എല്ലാ കാലത്തും പാർട്ടിയുടെ അകമഴിഞ്ഞ പിന്തുണയാണ് ലഭിക്കുന്നത്. അതിന് ഒരു കുറവുമില്ലെന്നതിന്റെ തെളിവാണ് ഇന്ന് കണ്ടത്. ഏറെ കാര്യങ്ങൾ പറയാനുണ്ട്. എന്നാൽ അത് പിന്നീട് പറയാം’ – പിണറായി വിജയൻ പറഞ്ഞു.
പിണറായി വിജയന്റെ കണ്ണൂരിലെ വീട്ടിലും തിരുവനന്തപുരം ബേക്കറി ജംക്‌ഷനിലെ വാടക വീട്ടിലും മരുമകനും ബേപ്പൂർ എംഎൽഎയുമായ മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ട് കോട്ടുളിയിലെ വീട്ടിലും അടക്കം 12 ഇടത്താണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) രാവിലെ പരിശോധന ആരംഭിച്ചത്. കേരളത്തിൽ പത്തിടത്തും കേരളത്തിനു പുറത്ത് രണ്ടിടത്തുമാണ് റെയ്ഡ്. ഇന്നു പുലർച്ചെ കനത്ത സുരക്ഷയോടെയാണ് ഇ.ഡി സംഘം പിണറായിയുടെ വീട്ടിലെത്തിയത്. കണ്ണൂരിലെ വീട്ടിൽ രാവിലെ ആറുമണിയോടെയാണ് പരിശോധനാ സംഘമെത്തിയത്. കണ്ണൂരിലെയും കോഴിക്കോട്ടെയും റെയ്ഡ് പൂർത്തിയായി. ബേക്കറി ജംക്‌ഷനിലെ വീട്ടിൽ പിണറായി വിജയനും മകൾ വീണയുമുണ്ട്. ഇ.ഡി സംഘം വീണ വിജയന്റെ മൊഴിയെടുത്തതായാണ് റിപ്പോർട്ടുകൾ. സിഎംആർഎൽ എംഡി ശശിധരൻ കർത്തയുടെ വീട്ടിലും ഇ.ഡി സംഘമെത്തി റെയ്ഡ് നടത്തുന്നുണ്ട്. ഇ.ഡിക്കും കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കുമെതിരെ സിപിഎം നേതാക്കൾ പ്രസ്താവനയുമായി രംഗത്തെത്തി.
മാസപ്പടി കേസില്‍ ഇ.ഡി അന്വേഷണം തുടരാമെന്ന ഹൈക്കോടതി ഉത്തരവിനു പിന്നാലെയാണ് നടപടി. പിണറായി വിജയൻ, അദ്ദേഹത്തിന്റെ മകൾ വീണ വിജയൻ എന്നിവരെ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. വ്യാജ ചെലവുകളുടെ മറവിൽ സിഎംആർഎൽ കമ്പനിയിൽ നിന്ന് വിവിധ വ്യക്തികൾക്ക് കോടിക്കണക്കിന് രൂപ ഫണ്ടായി വകമാറ്റി നൽകിയെന്നാണ് കേസ്. ഇത്തരത്തിൽ നിയമവിരുദ്ധമായി പണം കൈപ്പറ്റിയ പ്രധാന ഗുണഭോക്താക്കളിൽ ഒരാൾ മുൻ മുഖ്യമന്ത്രി വിജയന്റെ മകൾ വീണ വിജയനാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും ഇ.ഡി അറിയിച്ചു വീണാ വിജയന്റെ മൊഴിയെടുപ്പ് പൂര്‍ത്തിയാക്കി ഇ.ഡി. വീടിനു പുറത്തെ സംഘര്‍ഷ സാഹചര്യം ഉദ്യോഗസ്ഥര്‍ ഇ.ഡി. ആസ്ഥാനത്ത് അറിയിച്ചു. കൂടുതല്‍ സുരക്ഷ വേണമെന്നും ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു. സംസ്ഥാന പൊലീസ് മേധാവിയുമായും ഉദ്യോഗസ്ഥര്‍ സംസാരിച്ചു.
വീടിനു മുന്നില്‍നിന്നു പിരിഞ്ഞു പോയ പ്രവര്‍ത്തകര്‍ വീണ്ടും തിരിച്ചെത്തി റോഡില്‍ കുത്തിയിരിക്കുന്നു. ഗെയ്റ്റിനു മുന്നില്‍നിന്നു മാറിയാണ് പ്രവര്‍ത്തകര്‍ ഇപ്പോള്‍ ഇരിക്കുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ സ്ഥലത്തുണ്ട്. ഗേറ്റിനു മുന്നില്‍ പൊലീസ് വലിയ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
പിണറായിയുടെ വീടിനു മുന്നിലുള്ള പ്രതിഷേധം അവസാനിപ്പിച്ച് പ്രവര്‍ത്തകര്‍. വീടിനു മുന്നില്‍ സംഘര്‍ഷാവസ്ഥ രൂപപ്പെടുകയും പ്രതിഷേധക്കാര്‍ വീട്ടിലേക്കു തള്ളിക്കയറാന്‍ ശ്രമിക്കുകയും ചെയ്തതിനു പിന്നാലെയാണ് നേതാക്കള്‍ ആലോചിച്ച് പ്രതിഷേധം അവസാനിപ്പിച്ചത്. കടകംപള്ളി സുരേന്ദ്രന്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് പ്രതിഷേധം അവസാനിപ്പിച്ച് പിരിഞ്ഞു പോകണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

