മുടി കുറഞ്ഞതിന്റെ പേരിലും അധിക്ഷേപം വിവാഹം കഴിഞ്ഞ് 39-ാം നാൾ പത്തൊൻപതുകാരിയുടെ ആത്മഹത്യ: ; മരിക്കുമ്പോൾ ഫാത്തിമ ഗർഭിണി
ആലപ്പുഴ: തൃക്കുന്നപ്പുഴയിൽ വിവാഹം കഴിഞ്ഞ് വെറും 39 ദിവസങ്ങൾ മാത്രം പിന്നിട്ട വേളയിൽ പത്തൊൻപതുകാരിയായ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവിനും കുടുംബത്തിനുമെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി പെൺകുട്ടിയുടെ ബന്ധുക്കൾ. തൃക്കുന്നപ്പുഴ പാനൂർ കൊല്ലന്റേഴത്ത് അബ്ദുൾ നാസറിന്റെ മകൾ ഫാത്തിമയാണ് മെയ് 28-ന് രാത്രി സ്വന്തം വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്.
കടുത്ത ശാരീരിക-മാനസിക പീഡനങ്ങളും അധിക്ഷേപങ്ങളുമാണ് ഫാത്തിമയുടെ മരണത്തിന് കാരണമായതെന്ന് കാണിച്ച് സഹോദരൻ നൗഫൽ തൃക്കുന്നപ്പുഴ പോലീസിൽ പരാതി നൽകി. ഭർത്താവ് മുഹമ്മദ് നൗഫൽ, ഭർതൃമാതാവ് റുമൈലത്ത്, ഭർത്താവിന്റെ സഹോദരി ബീമ എന്നിവർക്കെതിരെയാണ് കുടുംബം പരാതി നൽകിയിട്ടുള്ളത്. മരണപ്പെടുമ്പോൾ ഫാത്തിമ ഗർഭിണിയായിരുന്നു എന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.
ഒടുവിലത്തെ ഫോൺ കോൾ; പിന്നാലെ മരണം
കഴിഞ്ഞ ഏപ്രിൽ 19-നായിരുന്നു പുന്നപ്ര വലിയപറമ്പ് നൗഫൽ മൻസിലിൽ മുഹമ്മദ് നൗഫലുമായി ഫാത്തിമയുടെ വിവാഹം കഴിഞ്ഞത്. ബക്രീദ് പ്രമാണിച്ച് ഭർത്താവിനൊപ്പം സ്വന്തം വീട്ടിലെത്തിയതായിരുന്നു ഫാത്തിമ. എന്നാൽ വീട്ടിലായിരിക്കെ വന്ന ഒരു ഫോൺ കോളിന് പിന്നാലെ നൗഫൽ അവിടെനിന്നും ഇറങ്ങിപ്പോയി. തുടർന്ന് ഫാത്തിമ നിരന്തരം ഭർത്താവിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു. ഒടുവിൽ നൗഫൽ തിരിച്ചുവിളിച്ച خ ഫോൺ കോളിന് തൊട്ടുപിന്നാലെയാണ് ഫാത്തിമയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ആഭരണങ്ങൾ ഉരച്ചുനോക്കി; മുടിയുടെ പേരിൽ അധിക്ഷേപം
വിവാഹസമയത്ത് പതിനൊന്നര ലക്ഷം രൂപയുടെ സ്വർണാഭരണങ്ങളാണ് ഫാത്തിമയുടെ കുടുംബം നൽകിയിരുന്നത്. എന്നാൽ സ്വർണം കുറഞ്ഞുപോയെന്ന് ആരോപിച്ച് ഭർതൃമാതാവും സഹോദരിയും ചേർന്ന് ഫാത്തിമയെ നിരന്തരം ആക്ഷേപിച്ചിരുന്നു. നൽകിയ സ്വർണം യഥാർത്ഥമാണോ എന്ന് ഉറപ്പുവരുത്താൻ ആഭരണങ്ങൾ ഉരച്ചുനോക്കുന്ന ക്രൂരതയും ഇവരുടെ ഭാഗത്തുനിന്നുണ്ടായി. ഇത് കൂടാതെ, പെൺകുട്ടിക്ക് മുടി കുറവാണെന്ന് പറഞ്ഞ് നിരന്തരം അധിക്ഷേപിക്കുകയും ട്രെയിനിലും ബസിലും പൊതുസ്ഥലങ്ങളിലും വെച്ച് മറ്റുള്ളവരുടെ മുന്നിലിട്ട് ശകാരിക്കുകയും ചെയ്യുന്നത് ഭർത്താവിന്റെ പതിവായിരുന്നു. ഫാത്തിമയ്ക്ക് ബാധയുണ്ടെന്ന് ആരോപിച്ച് ആലപ്പുഴയിലുള്ള ഒരു ഉസ്താദിന്റെ അടുത്ത് കൊണ്ടുപോയി ചികിത്സാ നാടകം നടത്താനും ഭർതൃവീട്ടുകാർ മുതിർന്നതായി പരാതിയിൽ പറയുന്നു.
പരസ്ത്രീ ബന്ധവും ജാതി അധിക്ഷേപവും
ഭർത്താവ് മുഹമ്മദ് നൗഫലിന് മറ്റൊരു യുവതിയുമായി ബന്ധമുള്ള കാര്യം ഫാത്തിമ അറിഞ്ഞിരുന്നു. ഇത് ചോദ്യം ചെയ്തതിന് ഫാത്തിമയെ പുലർച്ചെ രണ്ട് മണിക്ക് ഭർതൃവീട്ടിൽ നിന്നും പുറത്താക്കി നിർത്തി. കടുത്ത ഭീതിയിലായ ഫാത്തിമ അന്നുതന്നെ ഈ വിവരം സ്വന്തം വീട്ടുകാരെ വിളിച്ച് അറിയിച്ചിരുന്നു.
മത്സ്യത്തൊഴിലാളിയായ ഫാത്തിമയുടെ പിതാവ് അബ്ദുൾ നാസറിന്റെ തൊഴിലിനെ മുൻനിർത്തി ജാതീയമായ അധിക്ഷേപങ്ങളും ഇവർ നടത്തിയിരുന്നതായി കുടുംബം പറയുന്നു. ആലപ്പുഴയിലെ ഒരു കടയിലെ സാധാരണ ജീവനക്കാരനായ നൗഫൽ, സ്വന്തമായി വലിയ സ്ഥാപനമുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഫാത്തിമയെ വിവാഹം കഴിച്ചത്. കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടുള്ള പീഡനങ്ങൾക്ക് പിന്നാലെയാണ് ഈ കടുംകൈ. സംഭവത്തിൽ തൃക്കുന്നപ്പുഴ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

