ഇംഗ്ലീഷുകാരെ കൊണ്ട് സല്യൂട്ടടിപ്പിച്ച് ഡി.എസ്.പി സിറാജ്; നെഞ്ചിടിപ്പ് നിലച്ച അഞ്ചാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ജയം.
അടിമുടി നാടകീയതകള്‍ നിറഞ്ഞ ഓവല്‍ ടെസ്റ്റില്‍ കൈവിട്ടെന്ന് കരുതിയ കളി ഇന്ത്യ പൊരുതിക്കയറി വിജയം നേടി. ട്വന്റി20യിലും മികച്ച ത്രില്ലിങ് പോരാട്ടമായി മാറിയ കളിയിൽ ഇംഗ്ലീഷ് നിരയെ 367 റണ്‍സിന് എറിഞ്ഞിട്ട് ആറ് റണ്‍സിന്റെ അവിസ്മരണീയ വിജയമാണ് പേസർമാർ ഇന്ത്യയ്ക്ക് നേടിക്കൊടുത്തത്. നാലാം ദിവസം കൈവിട്ട കളിയാണ് മുഹമ്മദ് സിറാജും പ്രസിദ്ധ് കൃഷ്ണയും ചേർന്ന് ഇന്ത്യയ്ക്ക് അനുകൂലമാക്കിയത്. 374 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിനെ 85.1 ഓവറിൽ 367 റൺസിനാണ് ഇന്ത്യ ഓൾഔട്ടാക്കിയത്. വിജയത്തോടെ പരമ്പര 2–2ന് സമനിലയിലാക്കാൻ ഇന്ത്യയ്ക്കു സാധിച്ചു.

- *സ്‌കോര്‍*
ഇന്ത്യ: 224 & 396
ഇംഗ്ലണ്ട്: 247& 367 (T: 374)
ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പര 2-2ന് ഇന്ത്യ സമനിലയില്‍ അവസാനിപ്പിച്ചു.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ തുടക്കം പാളിയിരുന്നു. ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാരെല്ലാം തന്നെ കാര്യമായ ചലനങ്ങളുണ്ടാക്കാതെ മടങ്ങിയപ്പോള്‍ കരുണ്‍ നായര്‍ ചെറുത്തുനിന്നു. എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയ താരം ഇന്ത്യന്‍ സ്‌കോറിങ്ങില്‍ നിര്‍ണായകമായി.
ആദ്യ ദിനം ആറ് വിക്കറ്റ് നഷ്ടത്തില്‍ 204 എന്ന നിലയില്‍ ഇന്നിങ്‌സ് അവസാനിപ്പിച്ച ഇന്ത്യയ്ക്ക് 20 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ശേഷിച്ച നാല് വിക്കറ്റുകളും നഷ്ടമായിരുന്നു. 109 പന്ത് നേരിട്ട് 57 റണ്‍സ് നേടിയ കരുണ്‍ നായരാണ് ടോപ് സ്‌കോറര്‍.
ഇംഗ്ലണ്ടിനായി ഗസ് ആറ്റ്കിന്‍സണ്‍ അഞ്ച് വിക്കറ്റ് വീഴ്ത്തി. ജോഷ് ടംഗ് മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ക്രിസ് വോക്‌സ് ഒരു വിക്കറ്റും സ്വന്തമാക്കി.

