ധർമ്മസ്ഥലയിൽ വീണ്ടും അസ്ഥികൾ കണ്ടെത്തി; സാരിയുടെ ഭാഗങ്ങളും ലഭിച്ചതായി സൂചന……
ബംഗളൂരു: നൂറിലേറെ പേരെ കൊന്നു കുഴിച്ചുമൂടി എന്ന വെളിപെടുത്തലിനെ തുടർന്ന് തെരച്ചിൽ ആറാം ദിവസവും തുടരുമ്പോൾ ധർമ്മസ്ഥലയിൽ നിന്നും വീണ്ടും അസ്ഥികൾ കണ്ടെത്തി. സാക്ഷി പറഞ്ഞ പുതിയൊരു സ്പോട്ടിൽ നിന്നുമാണ് അസ്ഥിയുടെ ഭാഗങ്ങൾ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് പുതിയ പോയിന്‍റ് കാണിച്ചുകൊടുത്തത്. ഇതുവരെ ചൂണ്ടിക്കാണിച്ച പോയിന്റുകളിൽ പെടാത്ത പോയിന്റ് ആണിത്.
പതിനൊന്നാമത്തെ പോയിന്‍റിൽ നിന്നും മീറ്ററുകൾ അകലെയാണ് പുതിയ പോയിന്‍റ്. ഇന്ന് രാവിലെയാണ് സാക്ഷി പുതിയ പോയിന്‍റ് കാണിച്ചുകൊടുത്തത്. കഴിഞ്ഞ രണ്ടു ദിവസങ്ങളായി പുതിയ സ്പോട്ടുകൾ അറിയാമെന്നും അവിടെ തിരച്ചിൽ നടത്തണമെന്നും സാക്ഷി പറഞ്ഞിരുന്നു. ഇതിനടിസ്ഥാനത്തിൽ ഇന്ന് പതിനൊന്നാമത്തെ സ്പോട്ടിൽ പരിശോധനയ്ക്കായി എത്തിയ സമയത്താണ് സാക്ഷിയുടെ ആവശ്യം പരിഗണിക്കാമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ തീരുമാനിച്ചത്.
“ഡിജിപിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് സാക്ഷി പറയുന്ന പുതിയ സ്പോട്ടിലേക്ക് പരിശോധന വ്യാപിപ്പിക്കാമെന്ന തീരുമാനമെടുത്തത്. ഇന്ന് രാവിലെ വളരെ അപ്രതീക്ഷിതമായാണ് പതിനൊന്നാമത്തെ സ്പോട്ടിന് പകരം ഉൾക്കാട്ടിലേക്ക് സാക്ഷിയെ കൊണ്ടുപോയി പരിശോധന നടത്തിയത്. ഏതാണ്ട് മൂന്നടി താഴ്ചയിൽ പരിശോധന നടത്തിയപ്പോൾ തന്നെ അസ്ഥി ഭാഗങ്ങൾ ലഭിക്കുകയായിരുന്നു.
അസ്ഥിയുടെ ഭാഗങ്ങൾ ലഭിച്ച അതേ സ്ഥലത്തു നിന്നും സാരിയുടെ ഭാഗങ്ങളും മറ്റും ലഭിച്ചതായുള്ള സൂചന ലഭിച്ചിട്ടുണ്ട്. വിശദമായ ഫോറൻസിക് പരിശോധനയ്ക്കായി അസ്ഥി ഭാഗങ്ങൾ ബംഗളൂരുവിലെ എസ് എൽ ലാബിൽ എത്തിക്കും. നേരത്തെ കൊണ്ടുപോയ അസ്ഥിഭാഗങ്ങൾക്കൊപ്പം ആയിരിക്കും പുതിയതായി ലഭിച്ച അസ്ഥി ഭാഗങ്ങളും പരിശോധിക്കുക.

