കോളേജ് വിദ്യാർത്ഥിയെ സ്കൂൾ പരിസരത്ത് അതിക്രൂരമായി മർദ്ദിച്ച് പരുക്കേൽപ്പിച്ച സംഭവം; രണ്ടു പേര്‍ അറസ്റ്റിൽ.
കോഴിക്കോട്: പുളിയാവ് കോളേജ് വിദ്യാർത്ഥിയെ സ്കൂൾ പരിസരത്ത് അതിക്രൂരമായി മർദ്ദിച്ച് പരുക്കേൽപ്പിച്ച സംഭവത്തിൽ കേസ് എടുത്ത് വളയം പൊലീസ്. അഞ്ച് വിദ്യാർത്ഥികൾക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്താണ് സംഭവത്തില്‍ പൊലീസ് കേസ് എടുത്തിരിക്കുന്നത്. രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
സീനിയർ വിദ്യാർത്ഥികളായ മുഹമ്മദ് സിനാൻ, ഇഷാം എന്നിവരെയാണ് വളയം പൊലീസ് അറസ്റ്റ് ചെയ്തത്. കുയ്തേരി സ്വദേശിയായ 19 കാരൻ്റെ പരാതിയിലാണ് പൊലീസ് നടപടി. കഴിഞ്ഞ മാസം 16-ാം തീയതിയാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്.
കുയ്തേരി സ്വദേശിയായ 19 കാരനെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ഹെൽമറ്റ് കൊണ്ട് എറിയുകയും, മുഖവും ചുണ്ടും താടി ഭാഗവും സ്കൂട്ടറിൽ ഇടിപ്പിച്ച് പരുക്കേൽപ്പിക്കുകയും, പരാതിക്കാരനെ തടഞ്ഞ് വെച്ച് അതിക്രൂരമായി മർദ്ദിച്ചെന്നാണ് പരാതിയിൽ ഉള്ളത്. പരാതിക്കാരനെ മർദ്ദിക്കുന്ന മൊബൈൽ ഫോൺ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം സമൂഹമാധ്യമത്തിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

