അമീബിക് മസ്തിഷ്ക ജ്വരം; കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള മൂന്നു മാസം പ്രായമുള്ള കുഞ്ഞിന്‍റെ ആരോഗ്യനില ഗുരുതരം.

കോഴിക്കോട്| അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന്‍റെ ആരോഗ്യനില ഗുരുതരം. നിലവിൽ വെന്‍റിലേറ്ററിലാണ് കുട്ടിയുള്ളത്. കിണറിലെ വെള്ളമാണ് രോഗത്തിന്‍റെ ഉറവിടമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. രോഗം സ്ഥിരീകരിച്ച അന്നശ്ശേരി സ്വദേശിയായ 49കാരൻ മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണുള്ളത്. ജില്ലയിൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ഊർജിതമാക്കാൻ ആരോഗ്യവകുപ്പ് തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദേശം നൽകി. താമരശ്ശേരിയിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച പെൺകുട്ടിയുടെ സ്കൂളിൽ ഇന്ന് ആരോഗ്യവകുപ്പ് ബോധവത്ക്കരണം നടത്തും.
കുട്ടികൾക്കും
രക്ഷിതാക്കൾക്കും അധ്യാപകർക്കുമാണ് ക്ലാസ് നടത്തുക. കോരങ്ങാട് യുപി സ്കൂൾ നാലാം ക്ലാസ് വിദ്യാർത്ഥി അനയ ആണ് രോഗം ബാധിച്ച് മരിച്ചത്. മുൻകരുതലിന്‍റെ ഭാഗമായി കുട്ടിയുടെ സഹോദരങ്ങളുടെ സ്രവ സാംപിളുകളും മെഡിക്കൽ കോളേജിൽ പരിശോധനക്ക് അയച്ചിട്ടുണ്ട്. ഇന്നലെയാണ് പനി ബാധിച്ച് ചികിത്സക്കെത്തിയ ഓമശ്ശേരി സ്വദേശിയായ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനും അന്നശ്ശേരി സ്വദേശിയായ യുവാവിനും മെഡിക്കൽ കോളേജിൽ നടത്തിയ സ്രവപരിശോധനയിൽ അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. ഇതിനിടെ, താമരശ്ശേരിയിൽ നാലാം ക്ലാസുകാരി അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചതോടെ പ്രദേശത്ത് ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. കുട്ടി നീന്തൽ പരിശീലിച്ച കുളത്തിൽ ഉൾപ്പെടെ ആരും ഇറങ്ങരുതെന്നാണ് നിർദേശം.

Leave a Reply

Your email address will not be published. Required fields are marked *