സംസ്ഥാനത്തെ ഏഴാമത്തെ അമ്മത്തൊട്ടിൽ കോഴിക്കോട്ട്; ജില്ലയിൽ ആദ്യത്തേത്

കോഴിക്കോട് : ജില്ലയിലെ ആദ്യത്തേതും സംസ്ഥാനത്തെ ഏഴാമത്തെയും അമ്മത്തൊട്ടിൽ പ്രവർത്തനമാരംഭിച്ചു. 1,000 ചതുരശ്ര അടി വിസ്തീർണത്തിൽ 32 ലക്ഷം രൂപ ചെലവിലാണ് അമ്മത്തൊട്ടിൽ നിർമിച്ചത്. കേരള സംസ്ഥാന ശിശുക്ഷേമ സമിതി ഗവ. ജനറൽ (ബീച്ച്) ആശുപത്രി വളപ്പിലാണ് അമ്മത്തൊട്ടിൽ ആരംഭിച്ചത്. മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.

അമ്മത്തൊട്ടിലിൽ കുട്ടികളുമായെത്തുന്നവർ ആദ്യം വാതിലിനു സമീപത്തെ ബട്ടൺ അമർത്തണം. അകത്തു കടന്ന ഉടനെ സെൻസർ ഉപയോഗിച്ച് ശീതീകരണ സംവിധാനം പ്രവർത്തിക്കും. കുട്ടിയെ തൊട്ടിലിൽ വച്ച ഉടനെ മറ്റു സെൻസറുകൾ കൂടി പ്രവർത്തിച്ചു അതിനകത്തുള്ള ടിവിയിൽ നിന്നും ആവശ്യമായ നിർദേശങ്ങൾ ലഭിക്കും. പുറത്തിറങ്ങാനുള്ള നിർദേശം ലഭിക്കും. പുറത്തിറങ്ങുന്ന സമയത്ത് വാതിൽ ഓട്ടോമാറ്റിക്കായി ലോക്കാവും. തൽസമയം ആശുപത്രി സൂപ്രണ്ടിനും ബന്ധപ്പെട്ട മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിക്കുന്ന വിവിധ വിഭാഗത്തിലെ ഓഫിഷ്യലുകൾക്ക് അമ്മത്തൊട്ടിലിൽ കുട്ടിയെ ലഭിച്ചതായുള്ള അലാം മുഴങ്ങും.
ഈ സമയം അമ്മത്തൊട്ടിലിനു അകത്തെ ക്യാമറയിലെ സെൻസർ പ്രവർത്തിച്ച് ക്യാമറയിലൂടെ കുട്ടിയുടെ ചലനങ്ങൾ അറിയാനാകും. തുടർന്ന് ആശുപത്രിയിൽ നിന്ന് മെഡിക്കൽ ടീമെത്തി ഡിജിറ്റൽ കാർഡ് ഉപയോഗിച്ച് വാതിൽ തുറന്നു അകത്തു പ്രവേശിക്കും. കുഞ്ഞിനെ ഉടനെ ആശുപത്രിയിലേക്കു മാറ്റി ആവശ്യമായ തുടർ പരിചരണങ്ങൾ നൽകും. കുട്ടിയെ കൊണ്ടു വരുന്നവരുടെ സ്വകാര്യത പൂർണമായും സംരക്ഷിക്കുന്ന തരത്തിലാണ് അമ്മത്തൊട്ടിൽ വിഭാവനം ചെയ്തത്.
ശനിയാഴ്ച വൈകിട്ട് തിരുവനന്തപുരത്ത് 7 ദിവസം പ്രായമായ പെൺകുഞ്ഞിനെ ലഭിച്ചിട്ടുണ്ട്. സ്വതന്ത്രയെന്നാണ് കുഞ്ഞിനു പേരിട്ടതെന്നു ജനറൽ സെക്രട്ടറി ജി.എൽ.അരുൺഗോപി പറഞ്ഞു. ഈ വർഷം 13 കുട്ടികൾ ഉൾപ്പെടെ സംസ്ഥാനത്ത് 1,049 കുട്ടികളെയാണ് ഇതുവരെ അമ്മത്തൊട്ടിലിൽ ലഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *