സരോവരത്ത് സുഹൃത്തുക്കൾ കുഴിച്ചുമൂടിയ വിജിലിനായി ചതുപ്പ് നിലത്ത് വെള്ളം വറ്റിച്ചും മണ്ണ് നീക്കിയും പരിശോധന, ഒന്നും കണ്ടെത്താനായില്ല.

കോഴിക്കോട് : സരോവരത്ത് സുഹൃത്തുക്കൾ കുഴിച്ചുമൂടിയ വെസ്റ്റ്ഹിൽ സ്വദേശി വിജിലിനായുള്ള തെരച്ചിൽ ഇന്നും തുടരും. സരോവരം പാർക്കിനോട് ചേർന്ന് ചതുപ്പ് നിലത്ത് വെള്ളം വറ്റിച്ചും മണ്ണ് നീക്കിയും പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. തെളിവെടുപ്പിനിടെ മൃതദേഹം കുഴിച്ചിട്ട സ്ഥലം മുഖ്യപ്രതി നിഖിലാണ് പൊലീസിന് കാണിച്ച് കൊടുത്തത്. ബുധനാഴ്ച രാവിലെ 9 മണിക്കാണ് ഒന്നാം പ്രതി നിഖിലിനെ സരോവരത്ത് എത്തിച്ചത്. നിഖിൽ ചൂണ്ടിക്കാണിച്ച സ്ഥലത്തായിരുന്നു പരിശോധന നടത്തിയത്.
വെള്ളം നിറഞ്ഞ ചതുപ്പ് പ്രദേശത്താണ് മൃതദേഹം താഴ്ത്തിയത്. രണ്ട് ഫയർഫോഴസ് എഞ്ചിൻ ഉപയോഗിച്ച് വെള്ളം വറ്റിക്കാനായിരുന്നു ആദ്യ ശ്രമം. ഉച്ചയോടെ മഴകനത്തു. ചതുപ്പിൽ വീണ്ടും വെള്ളം ഉയർന്നതോടെ ഈ ശ്രമം ഉപേക്ഷിച്ചു. പീന്നീട് മണ്ണ് മാന്തി യന്ത്രം എത്തിച്ചായി തിരച്ചിൽ. ചെളിയും മണ്ണും കോരി പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല.
മഴ തുടർന്നതോടെ മൂന്നരയോടെ തെരച്ചിൽ നിർത്തിവയ്ക്കുകയായിരുന്നു. ഇന്ന് തെരച്ചിൽ നടത്തും. സംഭവം നടന്ന് ആറര വർഷം പിന്നിട്ടതിനാൽ ശാസ്ത്രീയ തെളിവുകളാണ് കേസിൽ നിർണ്ണായകമാവുക. ഡിഎൻഎ പരിശോധനയിലൂടെയെ മൃതദേഹം രിച്ചറിയാനുമാകൂ. വിജിലിന്റെ ബൈക്ക് പൊലീസ് കണ്ടെത്തിയിരുന്നു.
2019 മാർച്ചിൽ ആണ് വിജിലിനെ കാണാതായത്. ലഹരി ഉപയോഗത്തിനിടെ വിജിൽ മരിച്ചെന്നും പിന്നീട് സരോവരത്ത് കെട്ടിത്താഴ്ത്തിയെന്നുമായിരുന്നു പ്രതികളുടെ മൊഴി. എരഞ്ഞിപ്പാലം സ്വദേശി നിഖിൽ, വേങ്ങേരി സ്വദേശി ദീപേഷ് എന്നിവരാണ് പിടിയിലായത്. ഒളിവിലുള്ള പൂവാട്ട്പറമ്പ സ്വദേശി രഞ്ജിത്തിനായി അന്വേഷണം തുടരുകയാണ്. കസ്റ്റഡി കാലാവധി ഇന്ന് തീരുന്നതിനാൽ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. വീണ്ടും കസ്റ്റഡിയിൽ വാങ്ങി അന്വേഷണവും തെളിവെടുപ്പും തുടരാനാണ് പൊലീസ് നീക്കം.

Leave a Reply

Your email address will not be published. Required fields are marked *