നടക്കാവില്‍ നിന്ന് തട്ടിക്കൊണ്ടു പോയ യുവാവിനെ കണ്ടെത്തി; പിന്നിൽ പെൺസുഹൃത്തടക്കമുള്ള എട്ടംഗ സംഘം, കാരണം സാമ്പത്തികത്തർക്കം
കോഴിക്കോട് |നടക്കാവില്‍ നിന്ന് വെള്ളിയാഴ്ച പുലര്‍ച്ചെ തട്ടിക്കൊണ്ടുപോയ യുവാവിനെ കക്കാടംപൊയിലില്‍നിന്ന് കണ്ടെത്തി. വയനാട് പടിഞ്ഞാറത്തറ സ്വദേശി റഹീസിനെയാണ് കക്കാടംപൊയിലിലെ രഹസ്യ കേന്ദ്രത്തില്‍നിന്ന് കണ്ടെത്തിയത്. തട്ടിക്കൊണ്ടുപോയ സംഘത്തെ പോലീസ് പിടികൂടി. പെണ്‍സുഹൃത്ത് ഉള്‍പ്പെടെ എട്ടുപേരാണ് പിടിയിലാണ്. തട്ടിക്കൊണ്ടുപോയ നാലുപേരും സഹായികളായ നാലുപേരും ഉള്‍പ്പെടെ എട്ടുപേര്‍ അറസ്റ്റിലായി.
രണ്ട് കാറുകളിലായി എട്ടുപേരാണ് യുവാവിനെ കക്കാടംപൊയിലിലെത്തിച്ചത്. സാമ്പത്തിക തര്‍ക്കമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സുഹൃത്തായ സിനാനിന്റെ നേതൃത്വത്തിലുള്ള സംഘമാണ് റഹീസിനെ തട്ടിക്കൊണ്ടുപോയത്. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെണ്‍സുഹൃത്തിനും സിനാന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും റഹീസ് പണം നല്‍കാനുണ്ടായിരുന്നുവെന്നും പണം വീണ്ടെടുക്കാന്‍ റഹീസിനെ തട്ടിക്കൊണ്ടുപോവുകയായിരുന്നു എന്നുമാണ് വിവരം. കാറില്‍വെച്ച് പ്രതികള്‍ എംഡിഎംഎഉപയോഗിക്കുകയും, തന്നെ മര്‍ദിക്കുകയും ചെയ്തെന്ന് യുവാവ് മൊഴി നല്‍കിയിട്ടുണ്ട്.
പുലര്‍ച്ചെ കോഴിക്കോട് നടക്കാവ് ജവഹര്‍ കോളനിയില്‍നിന്നാണ് റഹീസിനെ തട്ടിക്കൊണ്ടുപോയത്. ഇന്നോവ കാറിലെത്തിയ നാലംഗ സംഘം റഹീസിനോട് വീടിന് പുറത്തിറങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു. പിന്നീട് കാറില്‍നിന്നിറങ്ങിയ പെണ്‍സുഹൃത്ത് റഹീസിനെ കൂട്ടിക്കൊണ്ടുവന്ന് കാറിലെത്തിച്ചു. പിന്നീട് പോലീസ് നടത്തിയ പരിശോധനയില്‍ കക്കാടംപൊയില്‍ ഭാഗത്തേക്കാണ് യുവാവിനെ കൊണ്ടുപോയതെന്ന് മനസ്സിലായി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ കണ്ടെത്തിയത്.

