അണ്ടർ 23 ഏഷ്യൻ കപ്പ് യോഗ്യതാ മത്സരങ്ങൾക്ക് വിജയത്തോടെ തുടക്കം.
ബഹറൈൻ:നൗഷാദ് മൂസയുടെ പരിശീലനത്തിൽ വിജയം നേടി ഇന്ത്യ
മലയാളി താരം മുഹമ്മദ് സുഹൈലിന്റെയും ശിവാൽദോ സിങ് ചിൻഗാങ്ബാമിന്റെയും നേടിയ ഗോളിന്റെ കരുത്തിൽ ബഹ്‌റൈനെതിരെ 2-0ന് വിജയിച്ച് ഇന്ത്യ എ.എഫ്.സി അണ്ടർ 23 ഏഷ്യൻ കപ്പ് യോഗ്യതാ മത്സരങ്ങൾക്ക് വിജയത്തോടെ തുടക്കം വിജയത്തോടെ ഇന്ത്യക്ക് മൂന്നു പോയിന്റ് ലഭിച്ചു.
കളിയുടെ 32-ാം മിനിറ്റിലായിരുന്നു ഇന്ത്യയുടെ ആദ്യ ഗോൾ. മൈതാന മധ്യത്തുനിന്ന് മകാർട്ടൺ നിക്സൺ നൽകിയ അസിസ്റ്റിൽ എതിർ പ്രതിരോധ താരങ്ങളെ നിഷ്പ്രഭമാക്കിയാണ് മലയാളി താരമായ സുഹൈൽ ഗോൾ കണ്ടെത്തിയത്. രണ്ടാം പകുതിയിൽ ഗോൾ തിരിച്ചടിക്കാൻ ബഹ്റൈൻ കിണഞ്ഞു ശ്രമിച്ചെങ്കിലും ബികാഷ് യുംനയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ പ്രതിരോധം ഉലയാതെ നിന്നു.
ഇഞ്ച്വറി ടൈമിലാണ് ഇന്ത്യയുടെ രണ്ടാം ഗോൾ വന്നത്. ഇടതു വിങ്ങിൽ നിന്ന് മലയാളി താരം എം.എസ്. ശ്രീക്കുട്ടൻ നൽകിയ പാസിന് കൃത്യമായ പൊസിഷനിങ്ങോടെ കാൽ വച്ചാണ് ശിവാൽദോ പന്ത് വലയിലെത്തിച്ചത്.
എ.എഫ്.സി അണ്ടർ23 ഏഷ്യാകപ്പിൽ ഇതുവരെ യോഗ്യത നേടാനാവാത്ത ഇന്ത്യൻ ടീമിന് സ്വപ്ന തുല്യമായ തുടക്കമാണ് ലഭിച്ചത്. ആതിഥേയരായ ഖത്തറും ബ്രൂണെയുമാണ് ഗ്രൂപ്പ് എച്ചിലെ ഇന്ത്യയുടെ മറ്റു എതിരാളികൾ. സെപ്റ്റംബർ ആറിന് ഖത്തറിനെയും ഒമ്പതിന് ബ്രൂണെയെയും ഇന്ത്യ നേരിടും. മുൻ മലയാളി അന്താരാഷ്ട്ര താരം നൗഷാദ് മൂസയാണ് ഇന്ത്യൻ ടീമിന്റെ മുഖ്യ പരിശീലകൻ.

