ഫറോക്ക് പാലത്തിന്റെ അടിഭാഗം ദ്രവിച്ച നിലയിൽ: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു.
കോഴിക്കോട് : ഫറോക്കിലെ ബ്രിട്ടീഷ് നിർമ്മിത പഴയ പാലത്തിന്റെ അടിഭാഗത്തെ ഇരുമ്പുകവചങ്ങളിലെ പല ഭാഗങ്ങളും ദ്രവിച്ച നിലയിലായിട്ടും അധികൃതർ ഇടപെടുന്നില്ലെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കേസെടുത്ത് പൊതുമരാമത്ത് (റോഡ്സ്) വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് നോട്ടീസയച്ചു. 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. ഒക്ടോബറിൽ കോഴിക്കോട് പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
ഫറോക്കിനെയും ചെറുവണ്ണൂരിനെയും ബന്ധിപ്പിക്കുന്നതിനായി ചാലിയാറിന് കുറുകെ നിർമ്മിച്ച പാലമാണ് അപകടത്തിലായത്. ഉയരം കൂടിയ വാഹനങ്ങൾ പാലത്തിലൂടെ സഞ്ചരിക്കുന്നത് കാരണം സംരക്ഷണകവചങ്ങളും തകർന്നിരുന്നു. പാലം ദീപാലംകൃതമാക്കിയിട്ടും അടിഭാഗത്തെ തുരുമ്പ് അധികൃതരുടെ ശ്രദ്ധയിൽപെട്ടില്ലെന്നാണ് പരാതി. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.

