സൈബർ തട്ടിപ്പിനിരയായ വീട്ടമ്മയെ കാണാതായതായി പരാതി

പാലക്കാട്: കോടികളുടെ സമ്മാനത്തുക വാഗ്‌ദാനംചെയ്ത് സൈബർ തട്ടിപ്പിനിരയാക്കിയ വീട്ടമ്മയെ കാണാതായതായി പരാത. കടമ്പഴിപ്പുറം ആലങ്ങാട്ട് ചല്ലിയിൽ വീട്ടിൽ ബാലസുബ്രഹ്മണ്യന്റെ ഭാര്യ പ്രേമയെയാണ് (61) സെപ്‌റ്റംബർ 13-ന് അർധരാത്രിമുതൽ കാണാതായത്. സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെട്ട തട്ടിപ്പുകാരാണ് സമ്മാനം ലഭിച്ചതായി വിശ്വസിപ്പിച്ച് ഇവരിൽനിന്ന് 11 ലക്ഷം തട്ടിയെടുത്തത്.

ഇതുസംബന്ധിച്ച് ശ്രീകൃഷ്ണപുരം പോലീസും സൈബർ പോലീസും അന്വേഷണമാരംഭിച്ചു. 15 കോടി രൂപയുടെ സമ്മാനം ലഭിച്ചിട്ടുണ്ടെന്നും സർവീസ് ചാർജായി 11 ലക്ഷം ബാങ്ക് അക്കൗണ്ടിലേക്ക് നൽകിയാലേ സമ്മാനത്തുക ലഭിക്കൂ എന്നും പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു. വാഗ്‌ദാനം വിശ്വസിച്ച പ്രേമ സ്വർണാഭരണങ്ങൾ പണയംവെച്ച് തട്ടിപ്പുകാർ നൽകിയ മൂന്ന് അക്കൗണ്ടുകളിലേക്ക് അയൽവാസിയുടെ സഹായത്തോടെ പണം നിക്ഷേപിച്ചു.
“സെപ്‌റ്റംബർ രണ്ടിനാണ് 11 ലക്ഷം നൽകിയത്. ഇതിനുശേഷം 10-ന് വിളിച്ച് അഞ്ചുലക്ഷം കൂടി നൽകിയാലേ സമ്മാനത്തുക ലഭിക്കൂ എന്നറിയിച്ചതോടെ സംശയം തോന്നുകയും തട്ടിപ്പാണെന്ന് തിരിച്ചറിയുകയുമായിരുന്നു. കൈവശമുള്ള രേഖകളുടെ പ്രാഥമിക പരിശോധനയിൽ കൊൽക്കത്തയിലുള്ള ഒരു ബാങ്ക് അക്കൗണ്ട് നന്പറിലേക്കുൾപ്പെടെയാണ് പണമയച്ചിട്ടുള്ളതെന്ന് വ്യക്തമായി.
13-ന് അർധരാത്രിയോടെ വീടുവിട്ടിറങ്ങിയ പ്രേമ നടന്നുപോകുന്നത് പരിസരത്തെ സിസിടിവി ദൃശ്യങ്ങളിലുണ്ട്. 14-ന് പുലർച്ചെ കടമ്പഴിപ്പുറത്തുനിന്ന് ഗുരുവായൂർക്കുള്ള ബസിൽ ഇവർ കയറിയതായി സ്ഥലത്തെ ഓട്ടോറിക്ഷാഡ്രൈവർമാരുൾപ്പെടെ കണ്ടിരുന്നു. ഇളംപച്ചയും വെള്ളയും കലർന്ന നിറത്തിലുള്ള ചുരിദാറാണ് വീടുവിട്ടിറങ്ങുമ്പോൾ ധരിച്ചിരുന്നത്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ 9048412976 എന്ന നമ്പറിലോ അറിയിക്കണം.

Leave a Reply

Your email address will not be published. Required fields are marked *