അമീബിക് മസ്തിഷ്‌കജ്വരം; നീന്തൽക്കുളം വൃത്തിയാക്കി സൂക്ഷിക്കണം, ലംഘിച്ചാൽ മൂന്നുവര്‍ഷം വരെ തടവും രണ്ടു ലക്ഷം വരെ പിഴയും

  1. തിരുവനന്തപുരം : അമീബിക് മസ്തിഷ്‌കജ്വരം സംസ്ഥാനത്തു വ്യാപിക്കുന്ന സാഹചര്യത്തില്‍ കർശനമായ മലിനീകരണ നിയന്ത്രണ നിര്‍ദേശങ്ങളുമായി ആരോഗ്യവകുപ്പ്. നിര്‍ദേശങ്ങള്‍ മനപൂര്‍വം ലംഘിക്കുന്നവര്‍ക്കെതിരെ 2023ലെ പൊതുജനാരോഗ്യ നിയമപ്രകാരം കേസെടുക്കുമെന്നും മുന്നറിയിപ്പുണ്ട്. ജലസ്രോതസുകള്‍ സംരക്ഷിക്കുന്നതിനു കര്‍ശനമായ വ്യവസ്ഥകളാണ് ഈ നിയമത്തില്‍ പറയുന്നത്. ജലസ്രോതസുകള്‍ മലിനപ്പെടുത്തിയതുമായി ബന്ധപ്പെട്ട് പൊതുജനാരോഗ്യ നിയമപ്രകാരം കേസെടുത്ത് കുറ്റക്കാരാണെന്നു കണ്ടെത്തിയാല്‍ മൂന്നുവര്‍ഷം വരെ തടവും രണ്ടു ലക്ഷം രൂപ വരെ പിഴയും ശിക്ഷ ലഭിക്കാവുന്നതാണ്.
    മലിനമായ കുളങ്ങള്‍, തടാകങ്ങള്‍, ഒഴുക്കു കുറഞ്ഞ തോടുകള്‍ തുടങ്ങിയ ജലാശയങ്ങളില്‍ മുങ്ങിക്കുളിക്കുന്നത് അമീബിക് മസ്തിഷ്‌ക രോഗബാധയ്ക്ക് ഇടയാക്കുന്ന സാഹചര്യത്തിലാണ് ആരോഗ്യവകുപ്പ് കടുത്ത നടപടികള്‍ ഉള്‍പ്പെടുത്തി മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. റിസോര്‍ട്ടുകള്‍, ഹോട്ടലുകള്‍, നീന്തല്‍ പരിശീലന കേന്ദ്രങ്ങള്‍, വാട്ടര്‍ തീം പാര്‍ക്കുകള്‍ എന്നിവിടങ്ങളിലെ വെള്ളം നടത്തിപ്പുകാര്‍ ദിവസവും ക്ലോറിനേറ്റ് ചെയ്യണം. ജലത്തിലെ ക്ലോറിന്റെ അളവ് പരിശോധിച്ചു റജിസ്റ്ററില്‍ രേഖപ്പെടുത്തണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. പഞ്ചായത്ത് സെക്രട്ടറിയോ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരോ ആവശ്യപ്പെട്ടാല്‍ രേഖകള്‍ ഹാജരാക്കണം. നീന്തല്‍ പരിശീലന കേന്ദ്രങ്ങള്‍, വാട്ടര്‍ തീം പാര്‍ക്കുകള്‍, കുളങ്ങള്‍ റിസോര്‍ട്ടുകളിലെയും, ഹോട്ടലുകളിലെയും നീന്തല്‍ക്കുളം എന്നിവിടങ്ങളില്‍ ക്ലോറിനേഷന്‍ പൂര്‍ത്തീകരിച്ചതിനു ശേഷം Residual Chlorine 1-3 mg/Litre ( 1- 3 ppm) എന്ന അളവില്‍ ഉണ്ടായിരിക്കണം.
    കുടിവെള്ളത്തിന് ഉപയോഗിക്കുന്ന ജലസംഭരണികളിലും ക്ലോറിനേഷന്‍ നടത്തണം. കുടിവെള്ളത്തിന് ഉപയോഗിക്കുന്ന ജലസംഭരണികളില്‍ ക്ലോറിനേഷന്‍ പൂര്‍ത്തീകരിച്ചതിനു ശേഷം Residual Chlorine 0.5 mg/Litre (0.5 ppm) എന്ന അളവില്‍ ഉണ്ടായിരിക്കണം. ജലവിതരണ ശൃംഖലകളില്‍ എല്ലായിടത്തും Residual Chlorine 0.5 mg/Litre (0.5 ppm) എന്ന അളവില്‍ നിലനിര്‍ത്താന്‍ ജല അതോറിറ്റിയും ജലനിധിയും പോലെ ബന്ധപ്പെട്ട ഏജന്‍സികള്‍ ശ്രദ്ധിക്കണം. നൈഗ്ലേരിയ ഫൗലേരി അമീബ സാന്നിധ്യം സ്ഥിരീകരിക്കപ്പെടുന്ന കുടിവെള്ള വിതരണ ശൃംഖലകളില്‍ ഇവയുടെ സാന്നിധ്യം ഇല്ലാതാകുന്നത് വരെ Residual Chlorine 1 mg/Litre (1 ppm) ഉണ്ടായിരിക്കേണ്ടതും ഗാര്‍ഹിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പാടുള്ളതുമല്ല. ജലസ്രോതസുകളിലേക്ക് ഒഴുകിയെത്തുന്ന എല്ലാത്തരം ദ്രവമാലിന്യ കുഴലുകളും ഒഴിവാക്കണം. ജലസ്രോതസുകളില്‍ ഖര മാലിന്യം നിക്ഷേപിക്കുന്നത് ഒഴിവാക്കണം. ജലവിതരണ ശൃംഖലകളിലെ ശുദ്ധീകരണത്തിനു ജല അതോറിറ്റിയും ജലനിധിയും പോലെ ബന്ധപ്പെട്ട ഏജന്‍സികള്‍ ശ്രദ്ധിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. എല്ലാ ജില്ലാ പബ്ലിക്ക് ഹെല്‍ത്ത് ഓഫിസര്‍മാരും തങ്ങളുടെ അധികാര പരിധിയില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ കൃത്യമായി വിലയിരുത്തി ആഴ്ചതോറുമുള്ള റിപ്പോര്‍ട്ട് സംസ്ഥാന സര്‍വെയിലന്‍സ് ഓഫിസറെ അറിയിക്കണം.
    2023ലെ പൊതുജനാരോഗ്യ നിയമപ്രകാരം ജലസ്രോതസുകള്‍ കാത്തുസൂക്ഷിക്കാന്‍ വിപുലമായ അധികാരങ്ങളാണ് പബ്ലിക് ഹെല്‍ത്ത് ഓഫിസര്‍മാര്‍ക്കു നല്‍കിയിരിക്കുന്നത്. പൊതുജനാരോഗ്യത്തിന് ഹാനികരമാകാത്ത രീതിയില്‍ ജലവിതരണസ്രോതസ്സുകള്‍ നിലനിര്‍ത്തുകയും പരിപാലിക്കുകയും ചെയ്യാൻ ഏതു തരത്തിലുള്ള ഇടപെടലും ഇവര്‍ക്കു നടത്താന്‍ കഴിയും. കുടിയ്ക്കാനോ കുളിക്കാനോ വിനോദത്തിനുള്‍പ്പെടെ മറ്റെന്തെങ്കിലും ആവശ്യങ്ങള്‍ക്കോ ഉപയോഗിക്കുന്ന പുഴ, തടാകം, കായല്‍, അരുവി, നീരുറവ, കിണര്‍, ടാങ്ക്, റിസര്‍വോയര്‍, കുളം, ടാങ്കര്‍ ലോറികളിലെ വെള്ളം അല്ലെങ്കില്‍ മറ്റ് ജലവിതരണ സ്രോതസുകളുടെയോ പദ്ധതികളുടെയോ വെള്ളം എന്നിവയില്‍ എന്തെങ്കിലും പ്രശ്‌നസാധ്യതയുണ്ടെങ്കില്‍ ബന്ധപ്പെട്ട വ്യക്തികള്‍ക്ക് എപ്പോള്‍ വേണമെങ്കിലും പബ്ലിക് ഹെല്‍ത്ത് ഓഫിസര്‍ക്ക് നോട്ടിസ് നല്‍കാം.

ചെളി, മാലിന്യങ്ങള്‍, ഡ്രെയിനേജ് വഴിയുള്ള മലിനീകരണം എന്നിവ ഒഴിവാക്കാനും ആവശ്യമായ അറ്റകുറ്റപ്പണികളും സംരക്ഷണവും ഉറപ്പുവരുത്താനും നിര്‍ദേശം നല്‍കാം. കുടിവെള്ള ആവശ്യങ്ങള്‍ക്കോ മറ്റ് മനുഷ്യ ഉപയോഗങ്ങള്‍ക്കോ യോഗ്യമല്ലായെങ്കിലോ പൊതുജനാരോഗ്യത്തിനു ഹാനികരമാണെങ്കിലോ പ്രസ്തുത ജലസ്രോതസില്‍ നിന്നുള്ള വെള്ളത്തിന്റെ ഉപയോഗം നിര്‍ത്തിവയ്ക്കാനും ഉപയോഗിക്കുന്നതില്‍ നിന്ന് മറ്റുള്ളവരെ തടയാനും ഇവര്‍ക്ക് അധികാരമുണ്ട്. പൊതുജനങ്ങളുടെ ആരോഗ്യത്തിനു ഹാനികരമോ ദുസ്സഹമോ ആയ രീതിയിലുള്ള വെള്ളമോ മലിനജലമോ ഒഴുക്കിക്കളയുന്നതിനോ മറ്റ് രീതിയില്‍ നിർമാര്‍ജനം ചെയ്യുന്നതിനോ പബ്ലിക് ഹെല്‍ത്ത് ഓഫിസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കാന്‍ കഴിയും. ഈ വിവരം തദ്ദേശസ്ഥാപനങ്ങളെ അറിയിക്കുകയും വേണം. നോട്ടിസില്‍ നിര്‍ദേശിച്ചിരിക്കുന്ന സമയപരിധിക്കുള്ളില്‍ ബന്ധപ്പെട്ടവര്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ പബ്ലിക് ഹെല്‍ത്ത് ഓഫിസര്‍ക്ക് അടിയന്തരമായി ആ പ്രവൃത്തികള്‍ നിര്‍വഹിക്കാവുന്നതാണ്. പ്രവൃത്തികളുടെ എല്ലാ ചെലവും ഉടമസ്ഥര്‍ വഹിക്കേണ്ടിവരും.
ഏതെങ്കിലും ജലസ്രോതസിലേക്ക് മാലിന്യം, വിസര്‍ജ്യം, ശുചിമുറി മാലിന്യം അല്ലെങ്കില്‍ ഉൽപാദനത്തില്‍ നിന്നോ ഉൽപാദന പ്രക്രിയയില്‍ നിന്നോ ഉണ്ടാകുന്ന വിഷമുള്ളതോ മാരകമായതോ മലിനമാക്കുന്നതോ ഹാനികരമായതോ ആയ ദ്രാവകമോ ഖര വസ്തുക്കളോ ഇടുകയോ ഇടാന്‍ കാരണമാകുകയോ ചെയ്യാന്‍ പാടില്ലെന്നു നിയമത്തില്‍ പറയുന്നു. ജലഗമന മാര്‍ഗത്തിന്റെ ശരിയായ ഒഴുക്കിനെ തടസപ്പെടുത്തുകയോ, അതിലെ വെള്ളം മലിനമാക്കുകയോ, ഏതെങ്കിലും ഫാക്ടറിയില്‍ നിന്നോ, നിർമാണ പ്രക്രിയയില്‍ നിന്നോ ക്വാറിയില്‍ നിന്നോ ഉള്ള ഖര-ദ്രവ മാലിന്യങ്ങള്‍, ഏതെങ്കിലും ചപ്പുചവറുകള്‍, ചാരങ്ങള്‍, മറ്റ് മാലിന്യങ്ങള്‍, വ്യാപാര മാലിന്യങ്ങള്‍, മലിനമായ വസ്തുക്കള്‍ എന്നിവ ഉള്‍പ്പെടെ നിക്ഷേപിക്കുകയോ ചെയ്യരുത്. ഈ വ്യവസ്ഥകള്‍ ലംഘിക്കുന്നവര്‍ കുറ്റക്കാരാണെന്നു കണ്ടെത്തിയാല്‍ മൂന്ന് വര്‍ഷം വരെ തടവു ശിക്ഷയോ ഇരുപത്തയ്യായിരം രൂപയില്‍ കുറയാതെയും രണ്ട് ലക്ഷം രൂപ വരെയാകാവുന്നതുമായ പിഴയ്‌ക്കോ അല്ലെങ്കില്‍ രണ്ടിനും കൂടിയോ ശിക്ഷിക്കപ്പെടുന്നതാണ്.i

Leave a Reply

Your email address will not be published. Required fields are marked *