പ്രവാസികൾക്ക് ആശ്വാസം , സൗദിയിൽ 5 വർഷത്തേക്ക് വാടക വർധന പാടില്ല.

റിയാദ്: പരിഷ്കരിച്ച ഭവന നിർമാണ പദ്ധതി പ്രാബല്യത്തിൽ വന്നതോടെ റിയാദിൽ അഞ്ചു വർഷത്തേക്കു വാടക വർധിപ്പിക്കുന്നത് വിലക്കി സൗദി. ശരാശരി 40 ശതമാനം വരെ വാടക വർധിപ്പിച്ചതിനെതിരെ വ്യാപക പരാതി ഉയർന്ന പശ്ചാത്തലത്തിലാണ് നടപടി. ഏതാനും വർഷങ്ങളായി അടിക്കടിയുള്ള വാടക വർധനയിൽ പൊറുതിമുട്ടുന്ന മലയാളികൾ ഉൾപ്പെടെയുള്ള വിദേശികൾക്ക് ഏറെ ആശ്വാസമേകുന്നതാണ് പുതിയ പ്രഖ്യാപനം.

കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ‌ സൽമാന്റെ നിർദേശം മന്ത്രിസഭ അംഗീകരിക്കുകയായിരുന്നു. റിയാദിന്റെ പരിധിയിലുള്ള പുതിയതും നിലവിലുള്ളതുമായി കെട്ടിടങ്ങൾക്ക് നിയമം ബാധകമാണ്. കൗൺസിൽ ഓഫ് ഇക്കണോമിക് ആൻഡ് ഡ‍വലപ്മെന്റ് അഫയേഴ്സിന്റെ അംഗീകാരത്തോടെ ആവശ്യമെങ്കിൽ നിയമം മറ്റു നഗരങ്ങളിലേക്കും ഗവർണറേറ്റുകളിലേക്കും വ്യാപിപ്പിക്കാൻ റിയൽ എസ്റ്റേറ്റ് ജനറൽ അതോറിറ്റിക്ക് അനുമതി നൽകി.
ഒഴിഞ്ഞുകിടക്കുന്ന കെട്ടിടങ്ങളുടെ വാടക നിശ്ചയിക്കുമ്പോൾ പ്രദേശത്തെ ശരാശരിയെക്കാൾ കൂടാൻ പാടില്ല. പുതിയ കെട്ടിടങ്ങളുടെ വാടക കെട്ടിട ഉടമയും വാടകക്കാരും ചേർന്ന് തീരുമാനിക്കണം. എല്ലാ വാടകക്കരാറുകളും ഇജാർ പ്ലാറ്റ്ഫോമിൽ റജിസ്റ്റർ ചെയ്യണം. പരാതിയുള്ളവർ 60 ദിവസത്തിനകം സമർപ്പിക്കണം. അല്ലാത്തപക്ഷം കരാർ സാധുവായി കണക്കാക്കും.
“കരാർ കാലാവധി അവസാനിക്കുന്നതിന് 60 ദിവസം മുൻപെങ്കിലും അറിയിച്ചില്ലെങ്കിൽ വാടക കരാർ സ്വമേധയാ പുതുക്കും. വാടകക്കാരൻ തുടരാൻ താൽപര്യം പ്രകടിപ്പിച്ചാൽ കെട്ടിട ഉടമ നിരസിക്കരുതെന്നും നിബന്ധനയുണ്ട്. എന്നാൽ വാടക നൽകാതിരിക്കുക, സുരക്ഷാപ്രശ്നമുണ്ടാവുക, മറ്റൊരാൾക്ക് താമസത്തിനു നൽകുക എന്നീ സന്ദർഭങ്ങളിൽ കരാർ റദ്ദാക്കാൻ കെട്ടിട ഉടമയ്ക്ക് അധികാരമുണ്ട്.
അകാരണമായി കെട്ടിട ഉടമ കരാർ ലംഘിച്ചാൽ 12 മാസത്തെ വാടകയ്ക്ക് തുല്യമായ പിഴ ചുമത്തും. വാടകക്കാരന് നഷ്ടപരിഹാരവും ലഭിക്കും. നിയമം ലംഘിച്ച് വാടക വർധിപ്പിക്കുന്നത് കണ്ടെത്താൻ നിരീക്ഷണം ശക്തമാക്കും. കുറ്റക്കാർക്ക് കടുത്ത നടപടി നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പുണ്ട്

Leave a Reply

Your email address will not be published. Required fields are marked *