“തമിഴ്‌നാട്ടിൽ വിജയ്‌യുടെ റാലിക്കിടെ വൻ അപകടം; തിക്കിലും തിരക്കിലും 36 മരണം പരിക്കേറ്റവരിൽ നിരവധിപേരുടെ നില ഗുരുതരമാണ്
ചെന്നൈ: നടൻ വിജയ് യുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകത്തിന്റെ റാലിയിൽ തിക്കിലും തിരക്കിലുംപെട്ട് 36 പേർ മരിച്ചു. മരിച്ചവരിൽ 10 സ്ത്രീകളും മൂന്ന് കുട്ടികളുമുണ്ട്. കരൂറിൽ നടന്ന റാലിക്കിടെയാണ് അപകടം. പരിക്കേറ്റവരിൽ നിരവധിപേരുടെ നില ഗുരുതരമായതിനാൽ മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് വിവരം.
അപകടത്തെ തുടർന്ന് വിജയ് പ്രസംഗം പൂർത്തിയാക്കാതെ സംഭവസ്ഥലത്ത് നിന്ന് മടങ്ങി. മുഖ്യമന്ത്രി സ്റ്റാലിന്റെ നിർദേശപ്രകാരം മാ സുബ്രഹ്മണ്യം അടക്കമുള്ള മന്ത്രിമാർ അപകടസ്ഥലത്ത് എത്തിയിട്ടുണ്ട്. മുഖ്യമന്ത്രി സ്റ്റാലിൻ നാളെ കരൂറിലെത്തും.
പരിപാടിയിൽ പങ്കെടുക്കാനെത്തിയവരുടെ എണ്ണം നിയന്ത്രണാതീതമായതാണ് ദുരന്തത്തിന് കാരണമായത്. ആളുകൾക്ക് അനങ്ങാൻ പോലും പറ്റാത്ത രീതിയിൽ വൻ ജനക്കൂട്ടമാണ് റാലിക്ക് എത്തിയത്.
ശനിയാഴ്ച ഉച്ചക്ക് കരൂർ വിജയ് യുടെ പ്രചാരണ റാലി നടക്കുമെന്നാണ് സംഘാടകർ ആദ്യം അറിയിച്ചിരുന്നത്. പിന്നീട് നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ് സ്ഥലത്തെത്തിയപ്പോഴേക്കും ആറുമണിക്കൂർ വൈകിയിരുന്നു. ഇതിനിടെ 10,000 പേരെ പ്രതീക്ഷിച്ചിടത്ത് തടിച്ചുകൂടിയത് 30,000ലധികം ആളുകളായിരുന്നു.
ജനക്കൂട്ടം നിയന്ത്രണാതീതമാകുന്നതിനിടെ, ചൂടിലും തിരക്കിലും പെട്ട് നിരവധിയാളുകളാണ് കുഴഞ്ഞുവീണത്. ഇതിനിടെ പ്രസംഗം നിർത്തിയ വിജയ് പ്രത്യേക ബസിൽ കരുതിയിരുന്ന വെളളക്കുപ്പികൾ ആളുകൾക്കിടയിലേക്ക് എറിഞ്ഞുനൽകി. ആംബുലൻസ് സേവനം ലഭ്യമാക്കാനും നടൻ അഭ്യർഥിക്കുന്നുണ്ടായിരുന്നു
പരിക്കേറ്റവരെ കരൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ സമീപത്തുള്ള സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു.
അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെ എന്നും മരിച്ചവരുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

