കൈവിട്ട ക്രൂരതകളുമായി കൗമാരം.ബംഗളൂരുവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലഹരി സിഗരറ്റ് വലിപ്പിക്കുകയയും നഗ്നയാക്കി മർദ്ദിക്കുകയും ചെയ്ത സംഭവത്തിൽ ആറ് കൗമാരക്കാർ അറസ്റ്റിൽ
ബംഗളൂരു: കൈവിട്ട ക്രൂരതകളുമായി കൗമാരം.ബംഗളൂരുവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ നഗ്നയാക്കി മർദിക്കുകയും നിരോധിത ലഹരി സിഗരറ്റ് വലിക്കാൻ നിർബന്ധിക്കുകയും ചെയ്ത സംഭവത്തിൽ പ്രായപൂർത്തിയാവാത്ത ആറ് ആൺകുട്ടികൾ അറസ്റ്റിൽ. ഗോവിന്ദ രാജനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. വീഡിയോ ഓൺലൈനിൽ പ്രചരിച്ചതിനു പിന്നാലെയാണ് പൊലീസ് നടപടി.
കഴിഞ്ഞ ശനിയാഴ്ച ഗോവിന്ദ രാജനഗർ പൊലീസ് സ്റ്റേഷനിലെ സമൂഹമാധ്യമ മോണിറ്ററിങ് യൂണിറ്റ് ഉദ്യോഗസ്ഥർ വീഡിയോ പിന്തുടർന്ന് സ്വമേധയാ കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് അക്രമികളെ കണ്ടെത്തിയത്. ഞായറാഴ്ച വീഡിയോയിൽ കാണുന്ന ഇരയെയും പൊലീസ് സംഘത്തിന് കണ്ടെത്താനായി.
ആറ് മാസത്തിനിടെ ആൺകുട്ടികൾ പലപ്പോഴായി തന്നെ മുറിയിൽ പൂട്ടിയിട്ട് നിരോധിത മയക്കുമരുന്ന് അടങ്ങിയ സിഗരറ്റ് വലിക്കാൻ നിർബന്ധിച്ചതായി ഇര പൊലീസിന് മൊഴി നൽകി. വിസമ്മതിച്ചപ്പോൾ സംഘം തന്നെ ആക്രമിക്കുകയും മോശം ഭാഷയിൽ അധിക്ഷേപിക്കുകയും ചെയ്തെന്നും പെൺകുട്ടി പറഞ്ഞു.
ആക്രമണത്തിൽ ഉൾപ്പെട്ട ആൺകുട്ടികളെ കണ്ടെത്തി നടത്തിയ ചോദ്യം ചെയ്യലിൽ, തന്റെ വീടിന്റെ ടെറസിലെ മുറിയിൽ വച്ചാണ് സംഭവം നടന്നതെന്ന് ഒരാൾ സമ്മതിച്ചതായി പൊലീസ് പറഞ്ഞു. ആറ് പേരെയും ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കി. തുടർന്ന് മഡിവാലയിലെ ഗവ. ഒബ്സർവേഷൻ ഹോമിലേക്ക് അയച്ചതായി പൊലീസ് അറിയിച്ചു.

