നരിക്കുനിയിൽ ഇടിമിന്നലേറ്റ് യുവതി മരിച്ചു.

കോഴിക്കോട്: നരിക്കുനിയിൽ ഇടിമിന്നലേറ്റ് യുവതി മരിച്ചു.നരിക്കുനി പുല്ലാളൂർ പറപ്പാറ ചേരച്ചോറമീത്തൽ റിയാസിന്റെ ഭാര്യ സുനീറ (40) യാണ് മരിച്ചത്. വീടിന്റെ ഇടനാഴിയിൽ ഇരിക്കുമ്പോൾ മിന്നലേൽക്കുകയായിരുന്നു. വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു സംഭവം.
പ്രദേശത്ത് ഇടി മിന്നലോടു കൂടിയ ശക്തമായ മഴയായിരുന്നു. പലയിടങ്ങളിലും മഴക്കെടുതികളും റിപ്പോർട്ട് ചെയ്യുന്നുണ്ട്. താമരശ്ശേരി ഭാഗത്ത് ശക്തമായ മഴയെത്തുടർന്ന് വീട് ഭാഗികമായി തകർന്നു. മാളശ്ശേരി ഷിജുവിന്റെ വീടാണ് ഇടിമിന്നലിൽ തകർന്നത്. സ്ലാബും സൺഷെയ്ഡും തകർന്ന നിലയിലാണ്. സംഭവ സമയത്ത് വീട്ടിൽ ആരും ഇല്ലാത്തതിനാൽ വൻദുരന്തം ഒഴിവായി. ഉപയോഗിക്കാൻ പറ്റാത്ത രീതിയിൽ വീട് തകർന്നതായാണ് വിവരം.

കോഴിക്കോട്, പുതുപ്പാടി, അടിവാരം ഭാഗങ്ങളിൽ ശക്തമായ മഴയായിരുന്നു. മണൽവയൽ പാലത്തിൽ വെള്ളം കയറി.

ശക്തമായ മഴയെ തുടർന്ന് സംസ്ഥാനത്ത് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്.
നാളെ വടക്കൻ കേരളത്തിൽ മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്. വയനാട് ഒഴികെയുള്ള വടക്കൻ ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ടാണ്. തെക്ക്- വടക്കൻ അറബിക്കടലിന് മുകളിൽ ന്യൂനമർദം രൂപപ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *