ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികളെ പുറത്തുവിട്ടാല്‍ ആഭ്യന്തര സുരക്ഷാ പ്രശ്‌നം ഉണ്ടാകുമോ? ജയിൽ ആസ്ഥാനത്ത് നിന്ന് അയച്ച കത്തിൽ പ്രതികരിച്ച് കെ.കെ. രമ.

കോഴിക്കോട് : ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികളെ പുറത്തുവിട്ടാല്‍ ആഭ്യന്തര സുരക്ഷാ പ്രശ്‌നം ഉണ്ടാകുമ എന്ന് ചോദിച്ച് സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടുമാര്‍ക്കും വിയ്യൂര്‍ അതീവ സുരക്ഷ ജയില്‍ സൂപ്രണ്ടിനും ജയില്‍ ആസ്ഥാനത്ത് നിന്ന് കത്തയച്ചതില്‍ പ്രതികരണവുമായി കെ കെ രമ എംഎല്‍എ. അസാധാരണ നടപടിയെന്ന് കെ കെ രമ പ്രതികരിച്ചു.
പുറത്ത് വിട്ടാല്‍ സുരക്ഷാപ്രശ്‌നമുണ്ടാകുമോ എന്ന് അറിയേണ്ടത് ജയില്‍ സൂപ്രണ്ടുമാര്‍ക്കല്ലല്ലോ. ഇവിടുത്തെ പൊലീസ് മേധാവികള്‍ക്കാണല്ലോ. അവരാണല്ലോ തീരുമാനിക്കേണ്ടത്. അങ്ങനെയിരിക്കേ ഇങ്ങനെയൊരു കത്തെന്ന് പറയുന്നത് അസാധാരണവും വളരെയധികം നിഗൂഢതയുള്ളതുമാണെന്നാണ് എനിക്ക് തോന്നുന്നത്. എനിക്കിതില്‍ വലിയ അത്ഭുതവും തോന്നുന്നില്ല.
കാരണം പലപ്രാവശ്യം ഇത്തരം നടപടികള്‍ നമ്മള്‍ കണ്ടുകഴിഞ്ഞു. ടികെ രജീഷ് എന്ന് പറയുന്ന ഈ കേസിലെ പ്രതിക്ക് നാല്‍പ്പത്തി അഞ്ച് ദിവസമാണ് സുഖ ചികിത്സയ്ക്ക് വേണ്ടി, ചികിത്സ അവധിക്ക് കൊടുത്തിരിക്കുന്നത്. ചികിത്സയിലാണിപ്പോഴുള്ളത്. പലരെയും മറികടന്നുകൊണ്ട് ടിപി കേസിലെ പ്രതികള്‍ക്കാണ് ഇപ്പോള്‍ അതിനുള്ള അവസരം ഉണ്ടായിരിക്കുന്നത്.
വളരെ കൃത്യമായിട്ട് പരോള് കിട്ടും, സുഖ ചികിത്സ കിട്ടും, ആ കള്ള് കിട്ടും, ഭക്ഷണം കിട്ടും. ഒരു പ്രശ്‌നവുമില്ല. ഇഷ്ടം പോലെ ലാവിഷായിട്ട് ജീവിക്കാനുള്ള സൗകര്യമാണ് ഈ സര്‍ക്കാര്‍ ഈ ടിപി കേസ് പ്രതികള്‍ക്ക് ചെയ്തു കൊടുക്കുന്നുത്. ഇനി ആറ് മാസം കൂടിയേ ഉള്ളൂ. അതിനിടയ്ക്ക് വിട്ടയക്കാനുള്ള പല നീക്ക നടത്തി. ഉള്ളില്‍ കൂടെയുള്ള ശ്രമങ്ങള്‍ നടത്തി. അതൊന്നും വിജയിച്ചില്ല. ഞങ്ങള്‍ ഇതൊക്കെ ഇപ്പോഴും ചെയ്തു കൊണ്ടേ ഇരിക്കുന്നുണ്ട്. തുടര്‍ന്നുകൊണ്ടേ ഇരിക്കുന്നുണ്ട്.

“തുടര്‍ന്നുകൊണ്ടേ ഇരിക്കുന്നുണ്ട്. എന്ന പ്രതികളെ ഒന്ന് ബോധ്യപ്പെടുത്തുക. അവരെ ഒന്ന് സമാധാനിപ്പിക്കുക. ഇതാണ് ചെയ്യുന്നത് – കെ കെ രമ പറഞ്ഞു.
സര്‍ക്കാരിന് ഭയമുണ്ടാകുമെന്നും കെകെ രമ പറഞ്ഞു. അവരൊന്നും ഭരിക്കുന്ന കാലത്ത് ഈ പ്രതികളെ വിട്ടയക്കാനുള്ളതൊന്നും നടന്നിട്ടില്ലല്ലോ. ഇവരെന്താ പറയുക എന്ന് പറയാന്‍ പറ്റില്ലല്ലോ. അതുകൊണ്ടായിരിക്കാം. അല്ലാതെ ഹൈക്കോടതിയുടെ വിധി നിലനില്‍ക്കെ ഒരാള്‍ക്കും അ ഇരുപത് കൊല്ലത്തേക്ക് ഒരു ഇളവും പാടില്ലെന്ന് വളരെ കൃത്യമായി പറഞ്ഞതാണ്.
സുപ്രീംകോടതിക്ക് മാത്രമേ ഇനി അത് തിരുത്താന്‍ സാധിക്കുകയുള്ളൂ. അത് നിലനില്‍ക്കെ ഇങ്ങനെ ഒരു നീക്കം നടത്തേണ്ട ആവശ്യമില്ലല്ലോ. അങ്ങനെ ഒരു കത്തിന്റെ ആവശ്യം എന്താണ്? എന്താണ് ഇതിന്റെ പിന്നിലുള്ള വികാരം? അതാണല്ലോ വ്യക്തമാക്കേണ്ടത്? എന്തിനാണ് അത്തരത്തിലൊരു നീക്കം നടത്തിയത്? അങ്ങനെ നീക്കം നടത്തുത്താന്‍ വകുപ്പ് മന്ത്രി അറിയാതെ പറ്റുമോ? – കെകെ രമ ചോദിച്ചു.
കത്തില്‍ പരോള്‍ എന്നോ വിട്ടയയ്ക്കല്‍ എന്നോ വ്യക്തമാക്കാതെ വിടുതല്‍ എന്ന വാക്കാണ് ഉപയോഗിച്ചിരിക്കുന്നത്. ടി കെ രജീഷ്, കെകെ മുഹമ്മദ് ഷാഫി, എസ് സിജിത്ത് എന്നിവരെ വിട്ടയക്കാന്‍ സര്‍ക്കാര്‍ നേരത്തെ നീക്കം നടത്തിയിരുന്നെങ്കിലും വിവാദമായതോടെ പിന്മാറുകയായിരുന്നു. പ്രതികള്‍ നിലവില്‍ കഴിയുന്ന സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടുമാര്‍ക്ക് കത്തയക്കാതെ മുഴുവന്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടുമാര്‍ക്കും കത്തയച്ചത് എന്തിന് എന്നതില്‍ വ്യക്തതയില്ല.

Leave a Reply

Your email address will not be published. Required fields are marked *