വാഹന പരിശോധനക്കിടെ 10 കിലോ പിടിച്ചെടുത്ത് ഡാൻസാഫ്.

പന്തീരാങ്കാവ് :(കോഴിക്കോട്) പന്തീരാങ്കാവ് ടോൾ പ്ലാസയ്ക്കു സമീപം നടത്തിയ വാഹന പരിശോധനയ്ക്കിടെ ഓട്ടോറിക്ഷയിൽ നിന്ന് പൊലീസ് കഞ്ചാവ് കെട്ടുകൾ പിടിച്ചെടുത്തു. മാമ്പുഴ പാലം നോർത്ത് പന്തീരാങ്കാവിലെ ടോൾ പ്ലാസയ്ക്കു സമീപം നടത്തിയ വാഹന പരിശോധനയിലാണ് പത്തു കിലോയിലേറെ കഞ്ചാവു പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് കണ്ണാടിക്കൽ സ്വദേശി തോട്ടുകടവ് വീട്ടിൽ കണ്ണാടിക്കൽ ഷാജി എന്നറിയപ്പെടുന്ന സി.കെ.ഷാജി(45), വാഴക്കാട് സ്വദേശി ചെറുവായൂർ തലേക്കുന്നുമ്മൽ കെ.അബ്ദുൾ കരീം (52) എന്നിവരെ ഡാൻസാഫ് സംഘവും പന്തീരാങ്കാവ് പൊലീസും ചേർന്നു പിടികൂടി.ഒഡീഷയിൽ നിന്ന് കോഴിക്കോട്ടേക്കു കഞ്ചാവ് എത്തിക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് ഡാൻസാഫ് സംഘത്തിന്റെ നേതൃത്വത്തിൽ വാഹന പരിശോധന നടത്തിയത്. ഇതിനിടെയാണ് ഓട്ടോറിക്ഷയിൽ നിന്നു കഞ്ചാവ് കണ്ടെടുത്തത്. കോയമ്പത്തൂരിൽ നിന്നും ബസ് മാർഗം രാമനാട്ടുകരയിലെത്തി അവിടെ നിന്നും ഓട്ടോറിക്ഷ വിളിച്ച് താമരശ്ശേരി ഭാഗത്തേക്ക് പോകുന്നതിനിടയിലാണ് ഇവർ പിടിയിലായത്.പിടിയിലായ രണ്ടുപേരും മുൻപ് ജില്ലയിലെ കുപ്രസിദ്ധ മോഷ്ടാക്കളുടെ പട്ടികയിൽ പെട്ടവരാണ്. നിരവധി തവണ ജയിൽ വാസം അനുഭവിച്ച ഇവരിൽ ഷാജി കണ്ണാടിക്കലിനെ ചേവായൂർ സ്റ്റേഷനിൽ നിന്നും കൊടുത്ത റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ വർഷം കാപ്പ നിയമ പ്രകാരം നാടുകടത്തിയിരുന്നു. ശിക്ഷ കാലാവധി പൂർത്തിയാക്കിയ ഷാജി കഴിഞ്ഞ കുറെ മാസക്കാലമായി നാട്ടിൽ തന്നെയാണ്.ഇതിനിടയിൽ ആണ് കാറ്ററിങ് ജോലിക്ക് എന്ന വ്യാജേന കോയമ്പത്തൂർ പോവുകയും അവിടെ നിന്നും വൻതോതിൽ കഞ്ചാവ് നാട്ടിൽ എത്തിക്കുകയും ചെയ്തുവന്നത്. കൊടുവള്ളി, താമരശ്ശേരി കൈതപ്പൊയിലെ അടിവാരം എന്നീ പ്രദേശങ്ങളിലെ ലഹരിമരുന്നു ലോബികൾക്കായാണ് ഇവർ കഞ്ചാവ് എത്തിച്ചതെന്ന് പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നും പൊലീസിന് വിവരം ലഭിച്ചു. കൂടുതൽ വിവരങ്ങൾ ശേഖരിച്ചു വരികയാണെന്നും പൊലീസ് പറഞ്ഞു.ലഹരി വസ്തുക്കളുടെ ഉപയോഗവും വിൽപനയും തടയുന്നതിനായി സിറ്റി നർകോട്ടിക് സെൽ അസിസ്റ്റന്റ് കമ്മിഷണറൂടെ നേതൃത്വത്തിൽ ഉള്ള ഡാൻസാഫും സിറ്റി പൊലീസും ജില്ലയിൽ ഈ മാസം പിടികൂടിയ നാലാമത്തെ ലഹരിമരുന്നു കേസ് ആണിത്. സിറ്റി നർകോട്ടിക് സെൽ അസിസ്റ്റന്റ് കമ്മിഷണർ കെ.എ. ബോസിന്റെ നേതൃത്വത്തിലുള്ള സിറ്റി ഡാൻസാഫ് എസ്ഐമാരായ എ.മനോജ്, അബ്ദുറഹ്മാൻ, എഎസ്ഐമാരായ അനീഷ് മൂസാൻവീട്, അഖിലേഷ്, സിപിഒമാരായ സുനോജ്, സരുൺ , ശ്രീശാന്ത്, ഷിനോജ്, അതുൽ, തൗഫീഖ്, അഭിജിത്ത്, ദിനീഷ്, മഷൂർ എന്നിവരും പന്തീരാങ്കാവ് പൊലീസിലെ സബ് ഇൻസ്പെക്ടർമാരായ നിധിൻ, ഫിറോസ്, പ്രദീപൻ, സിപിഒ മനാഫ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *