ചെക്ക് പോസ്റ്റില്‍ നാടകീയ രംഗങ്ങള്‍: ഉറങ്ങുകയാണെന്ന് പറഞ്ഞു, കാറില്‍ മൃതദേഹം; മൂന്നുപേര്‍ കസ്റ്റഡിയില്‍.

വീരാജ്പേട്ട: കുടക്ജില്ലയിലെ സിദ്ധാപുരക്ക് സമീപം സ്ത്രീയുടെ മൃതദേഹവുമായി കാറില്‍ സഞ്ചരിച്ച മൂന്ന് പുരുഷന്മാരെ പോലീസ് കസ്റ്റഡിയിലെടുത്തു.
വെള്ളിയാഴ്ച അർധരാത്രി മാല്‍ദാരെ-ലിംഗാപുര ഫോറസ്റ്റ് ചെക്ക്-പോസ്റ്റിലെ വനം ഉദ്യോഗസ്ഥർ നടത്തിയ പതിവ് പരിശോധനയ്ക്കിടെയാണ് സംഭവം.ഹരിയാനയില്‍ രജിസ്റ്റർ ചെയ്ത ഒരു കാർ തടഞ്ഞ് പരിശോധിച്ചപ്പോഴാണ് കാറില്‍ മൃതദേഹം കണ്ടെത്തിയതെന്ന് അധികൃതർ അറിയിച്ചു. കാറിലുണ്ടായിരുന്ന പുരുഷന്മാർ, സ്ത്രീ ‘ഉറങ്ങുകയാണെന്ന്’ വനം ഉദ്യോഗസ്ഥരോട് പറഞ്ഞതായിട്ടാണ് വിവരം. എന്നാല്‍ ഇവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ വനം ഉദ്യോഗസ്ഥർ യാത്രക്കാരോട് പുറത്തിറങ്ങാൻ ആവശ്യപ്പെടുകയും കാർ വിശദമായി പരിശോധിക്കുകയുമായിരുന്നു.

പരിശോധനയില്‍ കാറില്‍ കണ്ട സ്ത്രീ ഉറങ്ങുകയല്ല, മരിച്ച നിലയിലായിരുന്നെന്ന് സ്ഥിരീകരിച്ചു. മരിച്ച സ്ത്രീയെ ഹരിയാന സ്വദേശിനിയായ നങ്കിദേവി (45) ആണെന്ന് തിരിച്ചറിഞ്ഞു. മൈസൂരില്‍ ഭർത്താവിനൊപ്പം താമസിച്ചിരുന്ന സ്ത്രീയാണ് ഇവരെന്നും കണ്ടെത്തി.

കാറിലുണ്ടായിരുന്ന പുരുഷന്മാർ നല്‍കിയ മൊഴികള്‍ പരസ്പരവിരുദ്ധമായതിനെത്തുടർന്ന് വനം ഉദ്യോഗസ്ഥർ സിദ്ധാപുര പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. സബ് ഇൻസ്പെക്ടർ മഞ്ജുനാഥ് സ്ഥലത്തെത്തി മൂന്ന് പുരുഷന്മാരെയും ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തു. ഇവരുടെ പേരുകള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.

സിദ്ധാപുര പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് കുടക് ജില്ല പൊലീസ് സൂപ്രണ്ട് കെ. രാമരാജൻ ശനിയാഴ്ച അറിയിച്ചു. ‘മരിച്ച സ്ത്രീ അസ്വാഭാവിക സാഹചര്യത്തില്‍ മരിച്ചതാണോ, കൊല ചെയ്യപ്പെട്ടതാണോ അതോ മറ്റേതെങ്കിലും ക്രിമിനല്‍ പ്രവൃത്തിയുടെ ഇരയാണോ എന്ന് അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിച്ചുവരികയാണ്’- എന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തെക്കുറിച്ച്‌ കൂടുതല്‍ അന്വേഷണങ്ങള്‍ നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *