ആര്‍.എസ്.എസ് മന്ദിരത്തിനുള്ള പാര്‍ക്കിങ്ങിനായി 1400 വര്‍ഷം പഴക്കമുള്ള ക്ഷേത്രം പൊളിച്ചു മാറ്റി.

ന്യൂദല്‍ഹി: ന്യൂദല്‍ഹിയിലെ ആര്‍.എസ്.എസ് മന്ദിരത്തിനുള്ള പാര്‍ക്കിങ്ങിനായി 1400 വര്‍ഷം പഴക്കമുള്ള ക്ഷേത്ര പൊളിച്ചതായി ആരോപണം. ജണ്ഡേവാലയിലെ ഗോരഖ്‌നാഥ് ക്ഷേത്രമാണ് ബി.ജെ.പി ഭരിക്കുന്ന ദല്‍ഹി കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ പൊളിച്ചുനീക്കിയത്. എ.ബി.പി ന്യൂസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.

പ്രദേശവാസികളിലൊരാള്‍ സമൂഹമാധ്യമത്തില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് സംഭവം പുറം ലോകമറിഞ്ഞത്. ഇതോടെ വന്‍ പ്രതിഷേധവുമായി പ്രദേശവാസികള്‍ സംഭവസ്ഥലത്ത് തടിച്ചുകൂടി.

ആര്‍.എസ്.എസിന് കോടിക്കണക്കിന് വിലമതിക്കുന്ന ആസ്ഥാന മന്ദിരമുണ്ടാക്കാം. കുഴപ്പമില്ല. എന്നാല്‍ അവര്‍ പാര്‍ക്കിങ്ങിനായി നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഒരു ക്ഷേത്രം പൊളിച്ചുമാറ്റുകയാണ്. അങ്ങനെ ആ ഭൂമി സ്വന്തമാക്കാന്‍ ആര്‍.എസ്.എസിന് സാധിക്കും,’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പ്രചരിക്കുന്നത്.
വര്‍ഷങ്ങളായി ആരാധന തുടരുന്ന ക്ഷേത്രമാണിതെന്നും വീഡിയോയില്‍ പ്രദേശവാസികളായ ഭക്തര്‍ പറയുന്നു. കേവലം പാര്‍ക്കിങ്ങിന് വേണ്ടി ഒരു ക്ഷേത്രം നശിപ്പിക്കാന്‍ ആര്‍.എസ്.എസിന് എങ്ങനെ സാധിക്കുന്നുവെന്നും ഇവര്‍ ചോദിക്കുന്നു.
150 കോടിയോളം മുടക്കി ഈ വര്‍ഷം ഫെബ്രുവരിയില്‍ ഉദ്ഘാടനം ചെയ്ത ആര്‍.എസ്.എസ് ആസ്ഥാന മന്ദിരത്തിന് സമീപത്തുള്ള ക്ഷേത്രത്തിന്റെ അഞ്ച് കെട്ടിടങ്ങളാണ് പൊളിച്ചുനീക്കിയത്. സുരക്ഷാ നടപടികളുടെ ഭാഗമായാണ് ഈ നീക്കമെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.
ക്ഷേത്രം മാത്രമല്ല, ആസ്ഥാന മന്ദിരത്തിന് സമീപത്തെ ചില വീടുകളും അനധികൃത കയ്യേറ്റമാരോപിച്ച് അധികൃതര്‍ പൊളിച്ചുനീക്കിയിരുന്നു. എന്നാല്‍ പൊളിക്കല്‍ നടപടികളെ കുറിച്ച് തങ്ങള്‍ക്ക് അറിയിപ്പ് നല്‍കിയിരുന്നില്ലെന്നാണ് താമസക്കാര്‍ പറയുന്നത്. വീടുകള്‍ പൊളിക്കാനെത്തിയ ബുള്‍ഡോസറുകള്‍ക്ക് മുമ്പില്‍ സ്ത്രീകളും കുട്ടികളും അടക്കമുള്ളവര്‍ അപേക്ഷിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

എന്നാല്‍ ഒഴിപ്പിക്കല്‍ നടപടികളെ കുറിച്ച് 45 ദിവസം മുമ്പ് തന്നെ ഇവര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ടെന്നാണ് അധികൃതരുടെ വാദം.

Leave a Reply

Your email address will not be published. Required fields are marked *