കടയിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ 19കാരിയെ കാണാതായി; രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ തലയ്ക്ക് മുറിവേറ്റ നിലയില്‍ മൃതദേഹം! കൊലപാതകമോ?
കൊച്ചി:മലയാറ്റൂർ മുണ്ടങ്ങാമറ്റം സ്വദേശിനി ചിത്രപ്രിയ (19)യെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന പ്രാഥമിക സംശയത്തില്‍ പോലീസ് അന്വേഷണം ഊർജിതമാക്കി.
മലയാറ്റൂർ മുണ്ടങ്ങാമറ്റം തുരുത്തിപ്പറമ്ബില്‍ ഷൈജുവിൻ്റെയും ഷിനിയുടെയും മകളാണ് ചിത്രപ്രിയ. വീട്ടില്‍ നിന്ന് ഏകദേശം ഒരു കിലോമീറ്റർ മാത്രം അകലെയുള്ള ആളൊഴിഞ്ഞ പറമ്ബില്‍നിന്നാണ് ചൊവ്വാഴ്ച പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
ബെംഗളൂരുവില്‍ ഏവിയേഷൻ ബിരുദ വിദ്യാർത്ഥിനിയായ ചിത്രപ്രിയയെ കഴിഞ്ഞ ശനിയാഴ്ച മുതലാണ് കാണാതായത്. അടുത്തുള്ള കടയില്‍ പോകുന്നുവെന്ന് പറഞ്ഞാണ് പെണ്‍കുട്ടി വീട്ടില്‍ നിന്നിറങ്ങിയതെങ്കിലും പിന്നീട് തിരികെയെത്തിയില്ല. തുടർന്ന് വീട്ടുകാർ കാലടി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
പോലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മലയാറ്റൂർ മണപ്പാട്ട് ചിറയ്ക്ക് സമീപത്തെ സെബിയൂർ കൂരാപ്പിള്ളി കയറ്റത്തില്‍ ഗ്രൗണ്ടിലെ ആളൊഴിഞ്ഞ പറമ്ബില്‍നിന്ന് ദുർഗന്ധം വമിക്കുന്നതായി നാട്ടുകാർ പോലീസിനെ അറിയിച്ചത്. ഈ സ്ഥലത്ത് നടത്തിയ പരിശോധനയില്‍ ചിത്രപ്രിയയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ജീർണിച്ചു തുടങ്ങിയ നിലയിലായിരുന്ന മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം.
പെണ്‍കുട്ടിയുടെ മൃതദേഹത്തിൻ്റെ പ്രാഥമിക പരിശോധനയില്‍ തലയ്ക്കു പിന്നില്‍ ആഴത്തില്‍ മുറിവേറ്റിട്ടുണ്ടെന്ന് കണ്ടെത്തി. ഈ മുറിവാണ് കൊലപാതകമെന്ന നിഗമനത്തിലേക്ക് പോലീസിനെ എത്തിച്ചിരിക്കുന്നതെന്ന് അധികൃതർ അറിയിച്ചു. മൃതദേഹം ഇൻക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കിയ ശേഷം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാല്‍ മാത്രമേ മരണകാരണം വ്യക്‌തമാകൂ എന്നും പോലീസ് വ്യക്തമാക്കി
സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേർ പോലീസ് കസ്‌റ്റഡിയിലുണ്ടെന്ന് പോലീസ് അറിയിച്ചു. ചിത്രപ്രിയയെ കാണാതാകുന്നതിനു മുമ്ബ് മൊബൈല്‍ ഫോണില്‍ സംസാരിച്ചവരാണ് ഈ രണ്ട് പേർ. ഇവരെ കേന്ദ്രീകരിച്ചാണ് നിലവില്‍ അന്വേഷണം പുരോഗമിക്കുന്നത്. പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്തിനെ അടക്കം പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.
കൊലപാതക സാധ്യതകള്‍ക്കൊപ്പം തന്നെ പെണ്‍കുട്ടി ജീവനൊടുക്കിയതാണോ എന്ന സാധ്യതയും പോലീസ് അന്വേഷിക്കുന്നുണ്ട്. ചിത്രപ്രിയയുടെ മൊബൈല്‍ ഫോണ്‍ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. ഈ ചോദ്യം ചെയ്യലുകളും മൊബൈല്‍ ഫോണ്‍ പരിശോധനയും കേസിലെ ദുരൂഹത നീക്കുന്നതില്‍ നിർണായകമാകും.

