പോളിങ് ബൂത്തുകള്‍ സജ്ജം; രാവിലെ ഏഴ് മുതല്‍ വോട്ടെടുപ്പ്…

കോഴിക്കോട് :തദ്ദേശ തിരഞ്ഞെടുപ്പിനുള്ള ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ ഉള്‍പ്പെടെയുള്ള പോളിങ് സാമഗ്രികളുമായി തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ജില്ലയിലെ പോളിങ് ബൂത്തുകളില്‍ ഇന്നലെ (ഡിസംബര്‍ 10) വൈകുന്നേരത്തോടെ എത്തിയതോടെ ജില്ലയിലെ 3097 പോളിങ് സ്റ്റേഷനുകള്‍ വോട്ടെടുപ്പിന് സജ്ജമായി.

20 കേന്ദ്രങ്ങളില്‍ നിന്നാണ് കോഴിക്കോട് കോര്‍പ്പറേഷനിലേക്കും ജില്ലാ പഞ്ചായത്തിലേക്കും 12 ബ്ലോക്ക് പഞ്ചായത്തുകളിലേക്കും ഏഴ് നഗരസഭകളിലേക്കും 70 ഗ്രാമപഞ്ചായത്തുകളിലേക്കുമുള്ള വോട്ടിങ് യന്ത്രങ്ങള്‍ ഉള്‍പ്പെടെയുള്ള തിരഞ്ഞെടുപ്പ് സാമഗ്രികള്‍ വിതരണം ചെയ്തത്. സാങ്കേതിക തടസ്സങ്ങളൊന്നും ഇല്ലാതെ കൃത്യമായ ഏകോപനത്തോടെയായിരുന്നു വിതരണം. കോഴിക്കോട് കോര്‍പറേഷനിലെ വിതരണ കേന്ദ്രമായ നടക്കാവ് ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളും നഗരസഭകളിലെ വിതരണ കേന്ദ്രമായ കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസും ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ് സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.

ജില്ലയില്‍ 12,66,375 പുരുഷന്മാരും 14,16,275 സ്ത്രീകളും 32 ട്രാന്‍സ്ജന്‍ഡര്‍ വ്യക്തികളും ഉള്‍പ്പെടെ 26,82,682 പേര്‍ക്കാണ് വോട്ടവകാശമുള്ളത്. വിവിധ തലങ്ങളിലേക്കായി 3,002 പുരുഷന്മാരും 3,326 സ്ത്രീകളും ഉള്‍പ്പെടെ 6,328 സ്ഥാനാര്‍ഥികള്‍ ഇന്ന് ജനവിധി തേടും.

Leave a Reply

Your email address will not be published. Required fields are marked *