വിദ്വേഷ പ്രസംഗങ്ങളും കലാപാഹ്വാനങ്ങളും സോഷ്യൽ മീഡിയ വഴിയോ അല്ലാതെയോ നടത്തിയാൽ 10 വർഷം വരെ തടവ്, കർണ്ണാടക ബിൽ അവതരിപ്പിച്ചു
ബംഗളുരു :വിദ്വേഷ പ്രസംഗങ്ങളും കലാപാഹ്വാനങ്ങളും സോഷ്യൽ മീഡിയ വഴിയോ അല്ലാതെയോ നടത്തിയാൽ 10 വർഷം വരെ തടവ ലഭിക്കുന്ന നിയമ നിർമാണത്തിന് വേണ്ടിയുള്ള ബിൽ കർണാടക നിയമസഭയിൽ അവതരിപ്പിച്ചു. ബിജെപിയുടെ കടുത്ത എതിർപ്പ് അവഗണിച്ചാണ് ബിൽ അവതരണം നടന്നത്. വിദ്വേഷകുറ്റത്തിന് ഒരു വർഷം തടവാണ് ബിൽ നിശ്ചയിച്ചിട്ടുള്ളത്. ഒപ്പം 50000 രൂപ പിഴയും. കുറ്റം ആവർത്തിച്ചാൽ പത്ത് വര്ഷം വരെയാണ് തടവ്.
മതം, ജാതി, സമൂഹം, ലിംഗം, ജൻമസ്ഥലം, വീട്, ഭാഷ, വൈകല്യം, കുലം എന്നിവയൊക്കെ നിയമത്തിന്റെ പരിധിയിൽ വരും. എന്നാൽ കലാപരമായ പ്രകടനങ്ങളെയും പഠനാവശ്യത്തിനുള്ള ശാസ്ത്രീയ പരീക്ഷണം, റിപ്പോർട്ടിങ്, മതംമാറ്റം തുടങ്ങിയവയെയും നിയമത്തിൻ്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
നിലവിലെ നിയമത്തിൽ ഇത്തരം കാര്യങ്ങളിൽ വ്യക്തത ഇല്ല. എന്നാൽ ഇത് കൂടുതൽ വ്യക്തതയോടെ പുതിയ നിയമത്തിൽ പറയുന്നു. ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 299, സെക്ഷൻ 298 എന്നിവയുടെ പരിധിയിലാണ് നിലവിൽ വിദ്വേഷപ്രസംഗം വരുന്നത്.ക്രൈസ്തവർക്കും മുസ്ലീങ്ങൾക്കുമെതിരെ കടുത്ത വർഗീയ പ്രചാരണങ്ങൾ നടക്കുന്ന സംസ്ഥാനമാണ് കർണാടക. ഇതിന്റെ ഭാഗമായി വർഗീയ കലാപങ്ങളും സംസ്ഥാനത്ത് ഉടലെടുക്കാറുണ്ട്. അത് തടയുന്നതിന് വേണ്ടി കൂടിയാണ് നിയമം.

