കടൽത്തീരത്ത് കുഴഞ്ഞു വീണ എഴുപത്തിയൊന്നുകാരന് രക്ഷകനായത് വളർത്തുനായ.

ഡോർസെറ്റ്∙ കടൽത്തീരത്ത് കുഴഞ്ഞുവീണ എഴുപത്തിയൊന്നുകാരന് രക്ഷകനായത് വളർത്തുനായ ഇംഗ്ലണ്ടിലെ ഡോർസെറ്റിലുള്ള സാൻഡ്ബാങ്ക്സ് ബീച്ചിൽ കുഴഞ്ഞുവീണ ഡേവിഡ് ഹോവാർത്തിനാണ് ‘ബ്യൂ’ എന്ന ലാബ്രഡോർ ഇനത്തിൽപ്പെട്ട വളർത്തുനായയുടെ സമയോചിതമായ ഇടപെടലിലൂടെ ജീവൻ തിരിച്ചുകിട്ടിയത്.
കടലിൽ കുളിച്ച ശേഷം ബീച്ചിലൂടെ നടക്കുകയായിരുന്ന ഡേവിഡ് പെട്ടെന്ന് ഹൃദയാഘാതം മൂലം മണൽപ്പരപ്പിൽ കുഴഞ്ഞുവീഴുകയായിരുന്നു. വിജനമായ സ്ഥലമായതിനാൽ മറ്റ് മനുഷ്യരുടെ ശ്രദ്ധ ലഭിച്ചില്ലെങ്കിലും അഞ്ചു വയസ്സുകാരൻ ബ്യൂ ‘അപകടം’ തിരിച്ചറിഞ്ഞു. യജമാനന് ചുറ്റും ഓടുകയും കുരയ്ക്കുകയും ചാടുകയും ചെയ്ത ബ്യൂ മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചുപറ്റി
ബ്യൂവിന്റെ അസ്വാഭാവികമായ പെരുമാറ്റം ശ്രദ്ധിച്ച ക്ലെയർ ഡാഷ്വുഡ് എന്ന സ്ത്രീ ഓടിയെത്തി. ഡേവിഡ് ശ്വാസമെടുക്കുന്നില്ലെന്ന് കണ്ടതോടെ അവർ പങ്കാളിയായ പോൾ ഹാരോൾഡിനൊപ്പം ചേർന്ന് ഉടൻ തന്നെ സിപിആർ നൽകാൻ ആരംഭിച്ചു. അന്നേരം അതുവഴി നടന്നുപോവുകയായിരുന്ന ഡോക്ടർമാരായ റേച്ചൽ ഹാളും ക്രിസ് ഹോവെല്ലും സഹായത്തിനെത്തി. പിന്നീട് പാരാമെഡിക്കൽ സംഘം എത്തുന്നതുവരെ ഇവർ മാറി മാറി ഡേവിഡിന് ഹൃദയമിടിപ്പ് വീണ്ടെടുക്കാനുള്ള പ്രഥമശുശ്രൂഷ നൽകി. ഇതാണ് ജീവൻ തിരിച്ചുകിട്ടുന്നതിന് നിർണായകമായത്. മൂന്ന് തവണ ഡിഫിബ്രിലേറ്റർ ഉപയോഗിച്ച് ഷോക്ക് നൽകിയ ശേഷമാണ് ഡേവിഡിന്റെ ഹൃദയമിടിപ്പ് സാധാരണ നിലയിലായത്.
ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം പൂർണ്ണ ആരോഗ്യവാനായി മടങ്ങിയ ഡേവിഡ് ഹോവാർത്ത് നായയോടും രക്ഷാപ്രവർത്തകരോടും നന്ദി പറഞ്ഞു. ‘ഞാൻ ലോട്ടറി അടിച്ചതുപോലെ ഭാഗ്യവാനാണ്. ബ്യൂവിനോടും ആ മാലാഖമാരോടും ഞാൻ കടപ്പെട്ടിരിക്കുന്നു’ – ഡേവിഡ് വ്യക്തമാക്കി. രക്ഷാപ്രവർത്തനത്തിനിടയിൽ നായ ഒട്ടും ആക്രമണസ്വഭാവം കാട്ടിയില്ലെന്നും താൻ സഹായിക്കുകയാണെന്ന് മനസ്സിലാക്കിയതുപോലെ പെരുമാറിയെന്നും ക്ലെയർ ഡാഷ്വുഡ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *