നാളെ മുതൽ 65 തീവണ്ടികളുടെ വേഗം കൂട്ടുന്നു; യാത്രാസമയം കുറയും.
ചെന്നൈ:പാത ഇരട്ടിപ്പിക്കലും നവീകരണവും നടപ്പാക്കിയതിലൂടെ തീവണ്ടികളുടെ വേഗം കൂട്ടാനായതായി ദക്ഷിണ റെയിൽവേ. നാളെ മുതൽ 65 തീവണ്ടികളുടെ വേഗം കൂട്ടും. താംബരം- കൊല്ലം യാത്രാസമയം 85 മിനിറ്റ് കുറയും. പുതിയ സമയക്രമമനുസരിച്ച് കൊല്ലത്തുനിന്ന് വൈകീട്ട് നാലിന് പുറപ്പെടുന്ന വണ്ടി (16102) പിറ്റേന്ന് രാവിലെ 6.05-ന് താംബരത്ത് എത്തും.
ഇതുവരെ വൈകീട്ട് നാലിന് കൊല്ലത്തുനിന്ന് തിരിക്കുന്ന തീവണ്ടി പിറ്റേന്ന് രാവിലെ 7.30-നാണ് താംബരത്ത് എത്തിയിരുന്നത്. എഗ്മോറിൽനിന്ന് മംഗളൂരുവിലേക്കുള്ള വണ്ടി (16159) രാത്രി 10.45-ന് പകരം 11.10-നാണ് ഇനി പുറപ്പെടുക. പിറ്റേന്ന് വൈകീട്ട് 7.15-ന് മംഗളൂരുവിലെത്തും. എത്തുന്ന സമയത്തിൽ മാറ്റമില്ല. 25 മിനിറ്റ് യാത്രാ സമയം കുറയും. എഗ്മോറിൽനിന്ന് ഗുരുവായൂരിലേക്ക് രാവിലെ 10.20-ന് പുറപ്പെട്ടിരുന്ന തീവണ്ടി (16127) 20 മിനിറ്റ് വൈകി 10.40-ന് പുറപ്പെടും. ഗുരുവായൂരിൽ പിറ്റേന്ന് രാവിലെ 7.40-ന് എത്തും. 20 മിനിറ്റ് യാത്രാസമയം കുറയും.
ചെന്നൈ നാഗർകോവിൽ-താംബരം എക്‌സ്പ്രസിന്റെ യാത്രാസമയം 50 മിനിറ്റ് കുറയും. കോയമ്പത്തൂർ-രാമേശ്വരം പ്രതിവാര എക്‌സ്പ്രസിന്റെ യാത്രാസമയം 55 മിനിറ്റും കടലൂർ തുറമുഖത്തുനിന്ന് മൈസൂരിലേക്കുള്ള എക്‌സ്പ്രസിന്റെ സമയം 50 മിനിറ്റും കുറയും. രാമേശ്വരം-തിരുപ്പതി എക്‌സ്പ്രസിന്റെ സമയം 25 മിനിറ്റും കുറയും. ദക്ഷിണ റെയിൽവേയിൽ കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ 300 കിലോമീറ്റർ ദൈർഘ്യത്തിൽ റെയിൽപ്പാത ഇരട്ടിപ്പിക്കുകയും വൈദ്യുതീകരണം 98 ശതമാനം പൂർത്തീകരിക്കുകയും ചെയ്തതിലൂടെയാണ് തീവണ്ടികളുടെ വേഗം കൂട്ടാൻ കഴിഞ്ഞതെന്ന് ദക്ഷിണ റെയിൽവേ അധികൃതർ പറഞ്ഞു. പഴയ റെയിൽപ്പാളങ്ങൾ മാറ്റിയതിലൂടെ വേഗം കൂട്ടാനായിട്ടുണ്ട്. ദക്ഷിണ റെയിൽവേയിൽ എല്ലാ വണ്ടികളും ശരാശരി മണിക്കൂറിൽ 80 മുതൽ 110 കിലോമീറ്റർ വേഗത്തിലാണ് ഓടുന്നത്.

