നിയമസഭാ തിരഞ്ഞെടുപ്പ്: വോട്ടിങ് യന്ത്രങ്ങളുടെ ആദ്യഘട്ട പരിശോധന തുടങ്ങി
കോഴിക്കോട് :2026ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ ഉപയോഗിക്കുന്ന വോട്ടിങ് യന്ത്രങ്ങളുടെയും വിവിപാറ്റുകളുടെയും ആദ്യഘട്ട പരിശോധനക്ക് തുടക്കം. വോട്ടിങ് യന്ത്രങ്ങളുടെ കാര്യക്ഷമത പരിശോധിക്കുന്നതിന്റെ ഭാഗമായി ചാത്തമംഗലത്തെ ഇ.വി.എം, വിവിപാറ്റ് വെയര്‍ഹൗസിലാണ് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ്ങിന്റെ മേല്‍നോട്ടത്തില്‍ ഭാരത് ഇലക്‌ട്രോണിക്സ് ലിമിറ്റഡിലെ അംഗീകൃത എഞ്ചിനീയര്‍മാരുടെ നേതൃത്വത്തില്‍ പരിശോധന നടന്നത്. തിരഞ്ഞെടുപ്പ് കമീഷന്‍ വെബ്സൈറ്റില്‍ (https://www.eci.gov.in/evm-vvpat) ലഭ്യമായ മാന്വല്‍ പ്രകാരമുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചായിരുന്നു പരിശോധന.
ദേശീയ, സംസ്ഥാന അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ക്കും പരിശോധനാ നടപടികള്‍ നിരീക്ഷിക്കാന്‍ അവസരം ഒരുക്കിയിരുന്നു. അസി. കലക്ടര്‍ ഡോ. എസ് മോഹനപ്രിയ, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ഗോപിക ഉദയന്‍, റവന്യൂ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും പങ്കെടുത്തു.

