ഭാര്യമാരുടെ പീഢനം ; ഭർത്താക്കന്മാർക്ക് രക്ഷ വേണമെന്ന് മുറവിളി

ഭോപ്പാൽ: ശാരീരികമായി ഭാര്യയെ ഭർത്താവ് ഉപദ്രവിച്ചതാണ് വാർത്തയാവുക. ഇടക്ക് ഭർത്താക്കന്മാരെ മർദ്ദിക്കുന്ന ഭാര്യമാരുടെ ക്രൂരത അഭിമാനം’ കാരണം അവർ പുറത്തു പറയില്ല.എന്നാൽ ഇടക്ക് ഇത്തരം വാർത്ത പുറത്തു വരാറുണ്ട്.

സാധാരണയായി ഭാര്യഭര്‍ത്താക്കന്മാര്‍ക്കിടയില്‍ ചെറിയ വഴക്കുകളും പിണക്കങ്ങളുമുണ്ടാകുന്നത് സാധാരണമാണ്. എന്നാല്‍ അത് ശാരീര ഉപദ്രവത്തിലേക്ക് വഴുതിവീഴുമ്പോള്‍ അത് ഗൗരവമുള്ള വിഷയമായിമാറും

സമാനമായ ഒന്നാണ് ഇവിടെയും   സംഭവിച്ചിരിക്കുന്നത്. കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ ഭര്‍ത്താവിനെ മര്‍ദ്ദിക്കുന്ന യുവതിയുടെ ദൃശ്യങ്ങള്‍ വൈറലായതിനെ തുടര്‍ന്ന് ദാമ്പത്യ ജീവിതത്തില്‍ പുരുഷന്മാര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സമൂഹമാധ്യമങ്ങളില്‍ പുരോഗമിക്കുകയാണ്. ഗാര്‍ഹിക പീഡനത്തിന് സ്ത്രീകള്‍ മാത്രമല്ല, പുരുഷന്‍മാരും ഇരകളാകാറുണ്ടെന്നാണ് ഈ സംഭവം സൂചിപ്പിക്കുന്നതെന്നു പറഞ്ഞു കൊണ്ടാണ് ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നത്.

മധ്യപ്രദേശിലെ സത്‌ന സ്വദേശിയായ വ്യക്തി ഭാര്യ ക്രൂരമായി ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങള്‍ നേരത്തേ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. ഈ വിഡിയോ വീണ്ടും പ്രചരിപ്പിച്ചുകൊണ്ടാണ് പുരുഷന്മാര്‍ക്കും സംരക്ഷണം ഉറപ്പാക്കണം എന്നാവശ്യപ്പെട്ടു കൊണ്ടുള്ള ചര്‍ച്ച സജീവമാകുന്നത്. ഭാര്യയുടെ ഉപദ്രവം സഹിക്കാന്‍ വയ്യെന്നും അതിനു വേണ്ടുന്ന തെളിവുകള്‍ ശേഖരിക്കാനാണ് മുറിയില്‍ ഒളിക്യാമറ സ്ഥാപിച്ച്‌ ഉപദ്രവിക്കുന്നതിന്റെ വിഡിയോ പകര്‍ത്തിയതെന്നുമായിരുന്നു ഭര്‍ത്താവിന്റെ വിശദീകരണം.

പുരുഷനെ കിടക്കയിലേക്ക് തള്ളിയിട്ട് ഇരുകൈകളുമുപയോഗിച്ച്‌ അയാളെ മര്‍ദ്ദിക്കുന്ന സ്ത്രീയെയാണ് ദൃശ്യങ്ങളില്‍ കാണാനാവുക. ഈ സംഭവത്തിനിടെ മറ്റൊരു സ്ത്രീ മുറിയിലേക്ക് കടന്നു വന്ന് തടസ്സം പിടിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. കുഞ്ഞിനെ എടുത്തു കൊണ്ട് മറ്റൊരു പുരുഷന്‍കൂടി മുറിയിലേക്ക് കടന്നു വരുമ്പോഴും അതിക്രമങ്ങള്‍ തുടരുന്നതും ദൃശ്യങ്ങളില്‍ കാണാം.

ഭര്‍ത്താവിനെ ഭാര്യ മര്‍ദ്ദിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ സമാനമായ സംഭവത്തെത്തുടര്‍ന്ന് ആത്മഹത്യ ചെയ്ത അതുല്‍ സുഭാഷ് , മാനവ് ശര്‍മ്മ എന്നിവരുടെ പേരും ചര്‍ച്ചയില്‍ വന്നു. ഭാര്യമാരുടെ പീഡനം ആരോപിച്ച്‌ ഇരുവരും ആത്മഹത്യ ചെയ്യുകയായിരുന്നു. നിയമത്തിലെ പഴുതുകള്‍, സ്ത്രീകള്‍ക്കനൂകൂലമായ നിയമവ്യവസ്ഥിതികള്‍ എന്നിവയാണ് ഇത്തരത്തില്‍ അക്രമം ചെയ്യുന്ന സ്ത്രീകളുടെ പിടിവള്ളിയെന്നും വിശദാംശങ്ങള്‍ നല്‍കിയാല്‍ ഭാര്യക്കെതിരെ കേസ് ഫയല്‍ ചെയ്യാന്‍ സഹായിക്കാമെന്നും സമൂഹ മാധ്യമ ഉപയോക്താക്കള്‍ പറയുന്നു

Leave a Reply

Your email address will not be published. Required fields are marked *