കോൺഗ്രസ് നേതാവും മുൻ എംഎൽ എയുമായ എം.മുരളി അന്തരിച്ചു; മാവേലിക്കരയിൽ നിന്ന് 4 തവണ എംഎൽഎ
തിരുവനന്തപുരം : മാവേലിക്കര മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ എം. മുരളി (73) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. 1991 മുതൽ തുടർച്ചയായി നാലു തവണ മാവേലിക്കര മണ്ഡലത്തെ മുരളി പ്രതിനിധീകരിച്ചു. നിയമസഭയിൽ ഏറ്റവും കൂടുതൽ സ്വകാര്യ ബില്ലുകൾക്ക് അവതരണാനുമതി തേടി പ്രമേയം അവതരിപ്പിച്ചത് മുരളിയായിരുന്നു.
1972 മുതൽ 1977 വരെ കെഎസ്‌യു ആലപ്പുഴ ജില്ലാ ജനറൽ സെക്രട്ടറിയും പ്രസിഡന്റും ആയിരുന്നു മുരളി. 1978 ൽ കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റായി. 1979ൽ ജനറൽ സെക്രട്ടറിയും 1980ൽ കെഎസ്‌യു സംസ്ഥാന പ്രസിഡന്റും ആയി. 1991ൽ മാവേലിക്കര സീറ്റിൽ നിന്നും ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടു. സിപിഎമ്മിന്റെ എസ് ഗോവിന്ദക്കുറുപ്പിനെയാണ് മുരളി പരാജയപ്പെടുത്തിയത്. 2011വരെ മാവേലിക്കര എംഎൽഎ ആയിരുന്നു. 2011ൽ കായംകുളം സീറ്റിൽ മത്സരിച്ച് പരാജയപ്പെട്ടു.
എംജി സർവകലാശാലയുടെ ആദ്യ സെനറ്റ് അംഗവും കെഎസ്ഇബിയുടെ കൺസൾട്ടേറ്റീവ് കമ്മിറ്റി അംഗവുമായിരുന്നു. കേരള സംസ്ഥാന ഫിനാൻഷ്യൽ എന്റർപ്രൈസസ് ബോർഡ് ഡയറക്ടറായും കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് അംഗമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. മലയാള സർവകലാശാലയെന്ന ആശയവും ആദ്യം സഭയിൽ സ്വകാര്യ ബില്ലായി കൊണ്ടുവന്നതു മുരളിയായിരുന്നു. ഇന്ത്യൻ അഡ്‌മിനിസ്‌ട്രേറ്റീവ് സർവീസ് മാതൃകയിൽ കേരള അഡ്‌മിനിസ്‌ട്രേറ്റീവ് സർവീസ് ഉണ്ടാക്കണമെന്ന ആശയം അടങ്ങിയ ബിൽ 2001ൽ മുരളി അവതരിപ്പിച്ചിരുന്നു.
തദ്ദേശ സ്‌ഥാപനങ്ങളിലെ ജനപ്രതിനിധികൾക്കു പെൻഷൻ ഏർപ്പെടുത്തുന്നതിനു വേണ്ടിയും മുരളി സ്വകാര്യ ബിൽ കൊണ്ടുവന്നിട്ടുണ്ട്. വനിതാ കമ്മിഷൻ മാതൃകയിൽ വൃദ്ധജനങ്ങൾക്കായി വൃദ്ധജന കമ്മിഷൻ വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ബില്ലും മുരളിയുടേതായുണ്ട്.

