പിതാവും മകളും മരണത്തിലേക്ക് യാത്രയായത് ഒന്നിച്ച് , അധികൃതരുടെ വീഴ്ചയെന്ന് നാട്ടുകാർ.

കോഴിക്കോട് :
പിതാവിൻ്റെയും മകളുടെയും ഒരുമിച്ചുള്ള യാത്ര മരണത്തിലേക്കുള്ള അവസാനയാത്രയായി മാറിയത്
അധികൃതർ വരുത്തി വെച്ച വീഴ്ചയെന്ന് നാട്ടുകാ
മാലൂർക്കുന്ന് എആർ ക്യാംപ് റോഡിൽ അപകടത്തിലാണ് പിതാവും മകളും മരിച്ചത്. ഇന്നലെ വൈകിട്ട് അപകടം നടന്നപ്പോൾ ഓടിയെത്തിയ നാട്ടുകാർ രോഷാകുലരായിരുന്നു. റോഡിലെ ഈ വളവിൽ ഇതുവരെ 15 വണ്ടികളാണ് അപകടത്തിൽപെട്ടത്. ഇന്നലെ മരിച്ച രണ്ടുപേരടക്കം ഇതുവരെ മൂന്നു പേരുടെ ജീവനാണ് നഷ്ടമായത്. 16 പേർക്ക് ഇതുവരെ പരുക്കേറ്റു

മാലൂർകുന്നിൽ നിന്ന് കണ്ണാടിക്കലേക്കുള്ള എളുപ്പവഴി മരണത്തിലേക്കുള്ള വഴിയായി മാറിയതിന്റെ ഞെട്ടലിലാണ് നാട്ടുകാർ. ഈ വളവിൽ അപകടം പതിവായതോടെ നാട്ടുകാർ പ്രതിഷേധിച്ചിരുന്നു. 2024 നവംബറിൽ ഇരുചക്രവാഹനത്തിൽവന്ന 40 വയസ്സുകാരി ഇതേ മതിലിൽതട്ടി താഴേക്കു വീണ് മരിച്ചു. ഇതോടെയാണ് കൗൺസിലറുടെ നേതൃത്വത്തിൽ കോർപറേഷനെ സമീപിച്ചത്. തുടർന്ന് ഇവിടെ ലോഹപാളികൾ തറച്ച് അപകടവേലി കെട്ടി. എന്നാൽ താഴെയുള്ള വീടിന്റെ വാഹനം നിർത്തുന്ന ഭാഗത്ത് വളവിൽ കുറച്ചുഭാഗം വേലി കെട്ടാതെ വച്ചു. 2025 ഓഗസ്റ്റിൽ സ്കൂട്ടറിൽവന്ന മൂന്ന് ആൺകുട്ടികൾ‍ ഇതേ മതിലിൽ ഇടിച്ചു തെറിച്ച് വീടിനു മുകളിലേക്ക് വീണിരുന്നു. ഇവർക്കു ഗുരുതരമായി പരുക്കേറ്റു. ഇതിനു ശേഷം കോർപറേഷൻ ലോഹപാളികൾകൊണ്ട് ബാരിയർ നിർമിച്ചിരുന്നു. കോഴിക്കോട് ലൈവ്
മാലൂർകുന്ന് ഇറങ്ങിവരുമ്പോൾ റോഡിന്റെ ഇരുവശത്തും നാട്ടുകാർ വലിപ്പമേറിയ മുന്നറിയിപ്പു ബോർഡുകൾ വച്ചിട്ടുണ്ട്. പക്ഷേ ഇതു ശ്രദ്ധിക്കാതെ വരുന്ന ഇരുചക്രയാത്രക്കാർ വളവിലെത്തുമ്പോൾ മുന്നിലെ ഗർത്തം കണ്ട് ബ്രേക്കിടാൻ ശ്രമിക്കുന്നതാണ് പതിവ്. ഇതോടെ നിയന്ത്രണം വിട്ട് താഴേക്കു വീഴും.വളവിൽ ഒരുവശത്ത് അപകട വേലി നിർമിക്കാത്തതാണ് ഗുരുതരമായ അവസ്ഥയുണ്ടാകാൻ കാരണമെന്ന് നാട്ടുകാർ പറഞ്ഞു. പ്രശ്നത്തിന് ഉടൻ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടാണ് നാട്ടുകാർ പ്രതിഷേധിച്ചത്.
താഴ്ചയിലേക്കു വീണ് ചിതറിപ്പോയ ഒരു പിതാവും മകളും. മരണത്തിലേക്ക് അവർ പറന്നിറങ്ങിയതും ഒരുമിച്ചായിരുന്നു. എരഞ്ഞിക്കൽ വലിയതുരുത്തി ഫാത്തിമ മഹലിൽ റാഫിയുടെ മൂന്നു മക്കളിൽ ഇളയവളാണ് ഫാത്തിമ നഹ. പിതാവ് അത്രയേറെ കരുതലോടെയാണ് നഹയെ കൊണ്ടുനടക്കാറുള്ളത്. എന്നും രാവിലെ അഞ്ചോടെ വീട്ടിൽനിന്ന് ഇറങ്ങുന്നയാളാണ് റാഫി. എരഞ്ഞിക്കൽ‍ ബസാറിലാണ് റാഫിയുടെ കട. ഉച്ചവരെ റാഫി കടയിലുണ്ടാവും. ഇന്നലെ വെള്ളിയാഴ്ച ഉച്ചയ്ക്ക് പള്ളിയിൽനിന്ന് ഇറങ്ങിയ റാഫി മകളുടെ കോളജിൽ പരിപാടിയിൽ പങ്കെടുക്കാൻ പോയി. എൻജിഒ ക്വാർട്ടേഴ്സിനു സമീപം ബന്ധുവിന്റെ മരണവീട്ടിൽ പോകാനുള്ളതിനാൽ പെട്ടെന്ന് ഇറങ്ങുകയും ചെയ്തു.
ഇവിടെനിന്ന് മകളെയും സ്കൂട്ടറിൽ കയറ്റി എളുപ്പവഴിയിലൂടെ പറമ്പിൽ‍ബസാർ ഭാഗത്തേക്ക് യാത്ര ചെയ്യുകയായിരുന്നു റാഫി. ഇതിനിടെയാണ് അപകടത്തിൽപെട്ടത്. മങ്ങാട്ടുകണ്ടി പറമ്പിലെ വളവിൽ ശിവന്റെ വീടിനു മുകളിൽ സിമന്റ് തറയുണ്ട്. ഇവിടെ 2 സ്കൂട്ടറുകൾ നിർത്തിയിരുന്നു. നിയന്ത്രണം വിട്ടുവന്ന സ്കൂട്ടർ ഈ 2 വണ്ടികളെയും തട്ടിത്തെറിപ്പിച്ചാണ് 20 അടി താഴ്ചയിലേക്കു വീണത്. നിലത്തേക്കു വീഴുന്നതിനിടെ ഹെൽമറ്റുകൾ തെറിച്ചു പോയി. ഒന്നാം നിലയിലെ ടെറസിന്റെ കോൺക്രീറ്റിൽ തലയടിച്ചു വീണു. ഇതോടെ സംഭവസ്ഥലത്ത് ഇരുവരും മരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *