അഭിഭാഷകൻ്റ ഫോൺ മോഷ്ടിച്ചു ബിഹാറിലേക്ക് കടന്നു; തിരിച്ചെത്തിയപ്പോൾ പിടി വീണു.
കോഴിക്കോട് :ഫറോക്ക് റെയിൽവേ സ്റ്റേഷനിൽ വച്ച് അഭിഭാഷകന്റെ മൊബൈൽ ഫോൺ മോഷ്ടിച്ചു കടന്നു കളഞ്ഞ ബിഹാർ സ്വദേശി പിടിയിൽ. വൈശാലി ജില്ലയിൽ മഹദ്ദിപുർ ഫൽഹ ഉർഫ് ധീരജ് കുമാറിനെ(29)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
റെയിൽവേ സ്റ്റേഷനിൽ യാത്രയ്ക്ക് എത്തിയ മലപ്പുറം വള്ളിക്കുന്ന് സ്വദേശി ജലീലിന്റെ 30,000 രൂപ വിലയുള്ള മൊബൈൽ ഫോൺ നവംബർ 17ന് രാത്രിയാണ് പ്രതി മോഷ്ടിച്ചത്. സ്റ്റേഷനിലെയും പരിസരങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചും സമാന കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവരെ ബന്ധപ്പെട്ടും നടത്തിയ അന്വേഷണത്തിലും പ്രതിയെ കുറിച്ച് സൂചന ലഭിച്ചെങ്കിലും ഇയാൾ ബിഹാറിലേക്കു കടന്നുകളഞ്ഞു.
കഴിഞ്ഞ ദിവസം പ്രതി തിരിച്ചെത്തിയതറിഞ്ഞ പൊലീസ് സംഘം നടത്തിയ ആസൂത്രിത നീക്കത്തിലാണ് റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്ന് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. ഫറോക്ക് അസിസ്റ്റന്റ് കമ്മിഷണർ എ.എം.സിദ്ദിഖിന്റെ കീഴിലെ ക്രൈം സ്ക്വാഡും ഇൻസ്‌പെക്ടർ ടി.എസ്.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള ഫറോക്ക് പൊലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്.
എസ്ഐ എം.സി.മിഥുൻ അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി. എസിപി ക്രൈം സ്ക്വാഡ് അംഗങ്ങളായ എഎസ്ഐ അരുൺകുമാർ മാത്തറ, സീനിയർ സിപിഒമാരായ ഐ.ടി.വിനോദ്, അനൂജ് വളയനാട്, സനീഷ് പന്തീരാങ്കാവ്, സിപിഒമാരായ സുബീഷ് വേങ്ങേരി, അഖിൽ ബാബു, ഫറോക്ക് എസ്ഐ ഇ.റിനീഷ്, സിപിഒ കെ.സനൂപ് എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

