വ്യാജ ഓൺലൈൻ ട്രേഡിങ് ആപ്പിലൂടെ കോടികൾ നഷ്ടം; റിട്ട.ബിഎസ്എൻഎൽ ജീവനക്കാരൻ ജീവനൊടുക്കി

തൃപ്പൂണിത്തുറ:വ്യാജ ഓൺലൈൻ ട്രേഡിങ് ആപ്പിൽപ്പെട്ട് കോടികൾ നഷ്ടമായ റിട്ട.ബിഎസ്എൻഎൽ ജീവനക്കാരൻ ജീവനൊടുക്കി. കോട്ടയം പാലൂർപടി മേക്കാട്ട് മന രാജൻ നമ്പൂതിരി (65) ആണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ തിരുവാങ്കുളം കമ്പിവേലിക്കകം ഭാഗത്ത് റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഒന്നര വർഷമായി എരൂർ വെണ്ട്രപ്പിള്ളി അപ്പാർട്മെന്റിൽ മകളോടും മരുമകനോടുമൊപ്പമായിരുന്നു താമസം.

ഒരു വർഷം മുൻപാണ് വ്യാജ ട്രേഡിങ്ങിൽപ്പെട്ട് 3 കോടി രൂപയോളം രാജൻ നമ്പൂതിരിക്ക് നഷ്ടമായത്. യുഎസ് സ്റ്റോക്ക് മാർക്കറ്റ് ട്രേഡ് എന്ന വ്യാജ ആപ്പാണ് വില്ലനായത്. ട്രേഡിങ്ങിനായി നിക്ഷേപിച്ച തുക തിരിച്ചു നൽകാതെ പണം കൂടുതൽ, കൂടുതലായി ആപ്പിലൂടെ ആവശ്യപ്പെട്ടാണ് തുക തട്ടിയെടുത്തത്. മൂന്നാഴ്ച്ചയ്ക്കുള്ളിലായിരുന്നു മൂന്ന് കോടി രൂപ തട്ടിപ്പുസംഘം കൈക്കലാക്കിയത്. തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞതോടെ ഇടപാട് അവസാനിപ്പിക്കുകയായിരുന്നു. തുടർന്ന്, സൈബർ പൊലീസിൽ രാജൻ നമ്പൂതിരി നൽകിയ പരാതിയിൽ അന്വേഷണം നടക്കുന്നുണ്ട്.

പണം നഷ്ടപ്പെട്ടതിനു പിന്നാലെ മനോവിഷമത്തിലായിരുന്നു രാജൻ നമ്പൂതിരി. സ്റ്റോക്ക് മാർക്കറ്റിലും ട്രേഡിങ്ങിലും തൽപരനായിരുന്ന രാജൻ നമ്പൂതിരി മറ്റു പല ഓൺലൈൻ ട്രേഡിങ്ങുകളും ചെയ്യുന്നുണ്ടായിരുന്നു. പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകിയ മൃതദേഹം ചെറുതുരുത്തിയിൽ സംസ്കരിച്ചു. ഭാര്യ: ഇന്ദിര (റിട്ട. ബിഎസ്എൻഎൽ), മക്കൾ: സുകന്യ, സുജിത്ത്. മരുമകൻ: ശ്രീനാഥ
━━━━━━━━━━━━━━━━━━

Leave a Reply

Your email address will not be published. Required fields are marked *