വിദ്യാർഥിയെ മയക്കുമരുന്ന് നൽകി തട്ടിക്കൊണ്ടുപോയി നിർബന്ധിതമായി വിവാഹം കഴിപ്പിച്ചു

പറ്റ്ന :ബിഹാറിലെ സമസ്തിപുർ ജില്ലയിൽ ലൈബ്രറിയിൽ നിന്ന് മടങ്ങുകയായിരുന്ന 22 വയസ്സുള്ള വിദ്യാർഥിയെ മയക്കുമരുന്ന് നൽകി തട്ടിക്കൊണ്ടുപോയി നിർബന്ധിതമായി വിവാഹം കഴിപ്പിച്ച. പതോരി പോലീസ് സ്റ്റേഷൻ പരിധിയിലെ ചക്രജ് അലി ഗ്രാമവാസിയായ നിതീഷ് കുമാറിനെയാണ് തട്ടിക്കൊണ്ടുപോയത്. ഫെബ്രുവരി 7-ന് നടന്ന ഈ സംഭവത്തിന് ശേഷം തന്നെ രണ്ട് ദിവസത്തോളം തടങ്കലിൽ വെച്ചതായും വിവാഹത്തിന് വഴങ്ങാൻ നിരന്തരം മയക്കുമരുന്ന് നൽകിയതായും വിദ്യാർഥിയെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

തന്റെ സുഹൃത്തുക്കളായ കുന്ദൻ രാജ്വംശി, രാഹുൽ എന്നിവർ ചേർന്നാണ് തന്നെ തട്ടിക്കൊണ്ടുപോയതെന്ന് നിതീഷ് പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. വീട്ടിലേക്ക് മടങ്ങുന്ന വഴി പാനീയത്തിൽ മയക്കുമരുന്ന് കലർത്തി ബോധരഹിതനാക്കിയ ശേഷം സമീപത്തെ ഗ്രാമത്തിലേക്ക് കൊണ്ടുപോവുകയായിരുന്നു. തുടർന്ന് ശങ്കർ റായി എന്നയാളുടെ മകൾ ലക്ഷ്മി കുമാരിയുമായി ഇയാളെക്കൊണ്ട് നിർബന്ധിതമായി വിവാഹം കഴിപ്പിച്ചു. നിതീഷിനെ തന്റെ വീടിന്റെ നാല് കിലോമീറ്റർ മാത്രം അകലെയുള്ള വീട്ടിലാണ് തടവിലാക്കിയിരുന്നത്.
ബോധം തെളിഞ്ഞപ്പോൾ താൻ മുറിക്കുള്ളിൽ പൂട്ടിയിട്ട നിലയിലാണെന്ന് മനസ്സിലാക്കിയ നിതീഷ് സഹായത്തിനായി നിലവിളിച്ചെങ്കിലും ഫലമുണ്ടായില്ല. എന്നാൽ തടങ്കലിൽ കഴിയവെ രഹസ്യമായി ചിത്രീകരിച്ച വീഡിയോയും വിവാഹത്തിന്റെ ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. വിവാഹത്തിന്റെ വീഡിയോയിൽ നിതീഷ് തീർത്തും അവശനായും മാല അണിയിക്കാൻ പോലുമാകാതെ തളർന്നിരിക്കുന്നതായും വ്യക്തമായി കാണാം. മകന്റെ വീഡിയോ കണ്ട വീട്ടുകാർ പോലീസിനെ വിവരമറിയിച്ചതിനെത്തുടർന്ന് നടത്തിയ റെയ്ഡിലാണ് ചൊവ്വാഴ്ച നിതീഷിനെ മോചിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *