ഫുട്പാത്തിൽ സ്കൂട്ടർ യാത്രക്കാരനെ തടഞ്ഞു തിരിച്ചു വിട്ട് താരമായ പ്രഭാവതി അമ്മയെ ആദരിച്ച് മോട്ടോർ വാഹന വകുപ്പ്

കോഴിക്കോട് : ഫുട്പാത്തിൽ സ്കൂട്ടർ യാത്രക്കാരനെ തടഞ്ഞു തിരിച്ചു വിട്ട് താരമായ പ്രഭാവതി അമ്മയെ ആദരിച്ച് മോട്ടോർ വാഹന വകുപ്പ  ഫുട്പാത്തിലൂടെ സ്കൂട്ടർ കയറ്റിപ്പോകാൻ ശ്രമിച്ച യാത്രികനെ തടഞ്ഞതോടെ സമൂഹ മാധ്യമങ്ങളിൽ വൈറലായ വീട്ടമ്മയായ എരഞ്ഞിപ്പാലം കൊയ്യേരി പ്രഭാവതിയമ്മയെ വീട്ടിലെത്തിയാണ് ഇൻസ്പെക്ടർ വിനു ജോസ് ആദരിച്ചത്.
നിയമലംഘനം നടത്തിയ സ്കൂട്ടർ ഉടമക്കെതിരെ കേസെടുത്തതായി ഉദ്യോഗസ്ഥർ അറിയിച്ചു. ഓഫീസിൽ ഹാജരാകാൻ സ്കൂട്ടർ ഉടമയോട് നിർദേശിച്ചിട്ടുണ്ട്. കുറ്റകൃത്യം ചെയ്തയാൾക്ക് ഒരാഴ്ചത്തെ ക്ലാസ് നൽകും. ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്താൽ കോഴിക്കോട് നഗരത്തിൽ മഫ്തിയിൽ ഉദ്യോഗസ്ഥരെ വിന്യസിക്കാൻ തീരുമാനിച്ചതായും ഇൻസ്പെക്ടർ വിനു ജോസ് അറിയിച്ചു.
നിയമലംഘനങ്ങൾക്കെതിരെ പ്രതികരിക്കുന്നത് ആദ്യമായല്ലെന്ന് പ്രഭാവതിയമ്മ മാധ്യമങ്ങളോട് പ്രതികരിച്ചു. തന്‍റെ കടമയാണ് നിർവഹിക്കുന്നത്. സ്കൂളിൽ ഗൈഡ് ആയിരുന്നപ്പോൾ ലഭിച്ച പാഠങ്ങളാണ് ജീവിതത്തിൽ നടപ്പാക്കുന്നതെന്നും പ്രഭാവതിയമ്മ വ്യക്തമാക്കി.

കാൽനടയാത്രക്കാർക്ക് അപകടകരമായ രീതിയിൽ ഫുട്പാത്തിലൂടെ സ്കൂട്ടർ കയറ്റിപ്പോകാൻ ശ്രമിച്ച യാത്രികനെ എരഞ്ഞിപ്പാലം കൊയ്യേരി പ്രഭാവതിയമ്മയാണ് തടഞ്ഞത്. കഴിഞ്ഞ ദിവസം എരഞ്ഞിപ്പാലം ട്രാഫിക് സിഗ്‌നലിനു സമീപം ഫുട്പാത്തിലൂടെ സ്‌കൂട്ടർ കൊണ്ടു പോകാൻ ശ്രമിച്ചയാളെ തടഞ്ഞതോടെയാണ് വീട്ടമ്മ സമൂഹ മാധ്യമങ്ങളിൽ താരമായത്.
ജങ്ഷനിലെ തിരക്ക് മറികടക്കാൻ റോഡിൽ നിന്ന് ഫുട്പാത്തിലൂടെ സ്കൂട്ടർ ഓടിക്കുകയായിരുന്നു. തന്റെ മുന്നിലെത്തിയ യാത്രികനെ പ്രഭാവതി അമ്മ തടഞ്ഞു. പലതവണ മറികടക്കാൻ സ്കൂട്ടർ യാത്രികൻ ശ്രമിച്ചെങ്കിലും സ്കൂട്ടറിന്റെ മുന്നിൽ നിന്ന് മാറാതെ പ്രഭാവതിയമ്മയും നിന്നു. നിയമവിരുദ്ധ പ്രവൃത്തികൾ താൻ വിഡിയോയിൽ പകർത്തുമെന്ന് വീട്ടമ്മ ഭീഷണിപ്പെടുത്തിയതോടെ സ്കൂട്ടർ യാത്രികൻ പിന്തിരിഞ്ഞു പോവുകയായിരുന്നു. എന്നാൽ, സമീപത്തെ കെട്ടിടത്തിൽ നിന്ന് ഒരാൾ സംഭവം കാമറയിൽ പകർത്തിയിരുന്നു.
തന്റെ വിഡിയോ വൈറലായത് വ്യാഴാഴ്‌ച വൈകീട്ടാണ് 70 കഴിഞ്ഞ പ്രഭാവതി അമ്മ അറിയുന്നത്. എരഞ്ഞിപ്പാലത്തെ അവ്വൈ ഷൺമുഖി, ഈ അമ്മ പുലി തന്നെ തുടങ്ങിയ കമന്റുകൾ വെച്ചാണ് വിഡിയോ വൈറലായത്. മഹിള അസോസിയേഷന്റെ ജില്ല കമ്മിറ്റി അംഗമായിരുന്ന പ്രഭാവതി ചാലപ്പുറത്തെ ക്യാപ്റ്റൻ ലക്ഷ്‌മി ഹോസ്‌പിറ്റലിൽ വാർഡനായും ജോലി ചെയ്ത‌ിരുന്നു.
അമ്പതു വർഷം മുമ്പ് ഡ്രൈവിങ് പഠിച്ച പ്രഭാവതിയമ്മ ഫുട്ബാളറുമായിരുന്നു. മുമ്പൊരിക്കൽ ഫുട്പാത്തിലൂടെ എത്തിയ വാഹനം തടഞ്ഞ പ്രഭാവതിയമ്മക്ക് യുവാവിൽ നിന്ന് അടിയേറ്റ ദുരനുഭവവും ഉണ്ടായിട്ടുണ്ട്. യുവാവിനെ നിയമത്തിനു മുന്നിൽ കൊണ്ടുവരുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *